| Tuesday, 13th August 2019, 8:10 am

പുത്തുമലയില്‍ സംഭവിച്ചത് ഉരുള്‍പൊട്ടലല്ല, വലിയ മണ്ണിടിച്ചിലെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട് പുത്തുമലയില്‍ ദുരന്തമുണ്ടാവാന്‍ കാരണം ഉരുള്‍പ്പൊട്ടലല്ല അതി ശക്തമായ മണ്ണിടിച്ചിലാണെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. ദുര്‍ബല പ്രദേശമായ മേഖലയില്‍ നടന്ന മരംമുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്.

ഇവിടത്തെ മേല്‍ മണ്ണിന് മേല്‍മണ്ണിന് 1.5 മീറ്റര്‍ മാത്രമേ ആഴമുള്ളൂ. താഴെ ചെരിഞ്ഞു കിടക്കുന്ന വന്‍ പാറക്കെട്ടും. മേല്‍മണ്ണിനു 2.5 മീറ്റര്‍ എങ്കിലും ആഴമില്ലാത്ത മലമ്പ്രദേശങ്ങളില്‍ വന്‍ പ്രകൃതി ദുരന്തങ്ങള്‍ക്കു സാധ്യത കൂടുതലാണ്. ചെറിയ ഇടവേളകളില്‍ രണ്ട് തവണ പുത്തുമലയ്ക്കുമേല്‍ മണ്ണിടിച്ചിറങ്ങി. 20% മുതല്‍ 60% വരെ ചെരിവുള്ള പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്.

ഒരാഴ്ചയോളം അതിതീവ്ര മഴ പെയ്തതും പാറക്കെട്ടുകള്‍ക്കും വന്‍ മരങ്ങള്‍ക്കുമൊപ്പം അഞ്ച് ലക്ഷം ഘനമീറ്റര്‍ വെള്ളം കുത്തിയൊലിച്ചതുമാണ് ദുരന്തിന് കാരണമായത്.

ചെരിഞ്ഞ പ്രദേശങ്ങളില്‍ സംഭരിക്കപ്പെടുന്ന വെള്ളം മര്‍ദ്ദംകൂടി ഒരു പ്രത്യേക ഭാഗത്തു കൂടി അതിശക്തമായി പുറത്തേക്കൊഴുകുന്നതാണ് ഉരുള്‍പൊട്ടല്‍. വെള്ളം പുറത്തേക്കൊഴുകുന്ന ഭാഗത്തെ ഉരുള്‍പൊട്ടല്‍ നാഭിയെന്നാണ് വിളിക്കുക. എന്നാല്‍ പുത്തുമലയില്‍ ഇതല്ല സംഭവിച്ചത്. വലിയ തോതിലുള്ള മണ്ണിടിച്ചിലാണെന്ന് മണ്ണ് സംരക്ഷണ വകുപ്പ് പറയുന്നു.

മരംമുറിച്ചതു മൂലം രൂപപ്പെട്ട മാളങ്ങളാണ് പൈപ്പിംഗ് പ്രതിഭാസത്തിന് കാരണമായത്. പുത്തുമല പച്ചക്കാടിന്റെ മുകളിലുള്ള ചെങ്കുത്തായ കുന്നിലെ നാനൂറോളം ഏക്കര്‍ വരുന്ന പ്ലാന്റേഷനില്‍ 1980 കാലഘട്ടത്തിലാണ് മരംമുറി നടന്നത്. മരങ്ങള്‍ വെട്ടി വിറ്റ് തോട്ടം വെളുപ്പിച്ച് കാപ്പി, ഏലം കൃഷികളാണു ചെയ്തത്. വൃക്ഷങ്ങളുടെ വേരുകള്‍ ദ്രവിച്ചാണ് ഇങ്ങനെയുണ്ടായത് ഏലം കൃഷി വ്യാപിപ്പിക്കുന്നതിനുള്ള മണ്ണിളക്കല്‍ ജലാഗിരണശേഷിയെ വര്‍ധിപ്പിച്ചെന്നും മണ്ണ് സംരക്ഷണ ഓഫീസറുടെ റിപ്പോര്‍ട്ടിലുണ്ട്.

ഒരു ഭാഗത്ത് ഇറങ്ങുന്ന ജലം മറ്റൊരു ഭാഗത്ത് പെപ്പിലൂടെയെന്നോണം ഉയര്‍ന്നുവരുന്നതാണ് ഭൂഗര്‍ഭ പൈപ്പിങ്. ചെരിഞ്ഞ പ്രദേശമാവുമ്പാള്‍ ഇത് കൂടുതല്‍ അപകടാവസ്ഥ സൃഷ്ടിക്കും. കനത്ത മഴ പെയ്തതോടെ പൈപ്പിങ് ശക്തമാവുകയും മണ്ണ് കൂടുതലായി നിരങ്ങിയിറങ്ങുകയുമായിരുന്നു. പുത്തുമല പ്രദേശത്തെ 20 ഹെക്ടര്‍ സ്ഥലത്തെയാണ് ഇത് ബാധിച്ചിരിക്കുന്നത്. അടുത്തിടെ ജെസിബി ഉപയോഗിച്ചുള്ള മണ്ണിളക്കല്‍ പ്രവര്‍ത്തനങ്ങളും നടന്നു. ചെറുതും വലതുമായി ഒമ്പത് ഭാഗങ്ങളില്‍നിന്നാണ് പച്ചക്കാടില്‍ മണ്ണ് നിരങ്ങല്‍ തുടങ്ങിയത്. ഇവിടെ നിന്നും ആംഭിക്കുന്ന തോട്ടിലൂടെയാണ് മണ്ണും വെള്ളവും ഒഴുകിവന്ന് പുത്തുമലയെ മണ്ണിനടിയിലാക്കിയത്.

പുത്തുമലയിലുണ്ടായ അതിതീവ്ര മണ്ണിടിച്ചില്‍ സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തണമെന്നും ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഭൂവിനിയോഗം പുനക്രമീകരിക്കണമെന്നും മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗസ്റ്റ് 8നുണ്ടായ ദുരന്തത്തില്‍ 17 പേരെയാണ് കാണാതായത്. 12 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. വീടുകളും പാടികളും പള്ളിയും അമ്പലവും എല്ലാം മണ്ണിനടിയിലാവുകയായിരുന്നു.

2011 ഓഗസ്റ്റില്‍ സമര്‍പ്പിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേരളത്തിലെ 18 സ്ഥലങ്ങള്‍ അതീവ പരിസ്ഥിതി സംവേദക മേഖലയായി പറഞ്ഞിരുന്നു. ഇതില്‍ പുത്തുമല ഉള്‍പ്പെടുന്ന വെള്ളാര്‍മല വില്ലേജ് മുഴുവന്‍ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലമായി ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

We use cookies to give you the best possible experience. Learn more