എന്നെ ജയിലില്‍ അടയ്ക്കൂ, എന്നാലും എ.എ.പി തെരെഞ്ഞെടുപ്പില്‍ ജയിക്കും: അരവിന്ദ് കെജ്‌രിവാള്‍
national news
എന്നെ ജയിലില്‍ അടയ്ക്കൂ, എന്നാലും എ.എ.പി തെരെഞ്ഞെടുപ്പില്‍ ജയിക്കും: അരവിന്ദ് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th November 2023, 6:44 pm

ന്യൂദല്‍ഹി: മദ്യ കുംഭകോണത്തിന്റെ പേരില്‍ തന്നെ ജയിലില്‍ അടച്ചാലും തെരഞ്ഞെടുപ്പില്‍ വിജയിക്കും എന്ന് എ.എ.പി കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ആം ആദ്മി നേതാക്കളെ ജയില്‍ അടച്ചാല്‍ അല്ലാതെ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ലെന്ന് ബി.ജെ.പി മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയില്‍ മദ്യ കുംഭകോണമില്ല, ഗുജറാത്തിലും ഹരിയാനയിലും ഉണ്ട്. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ ഉന്നത നേതാക്കളെ ജയിലില്‍ അടച്ചാലല്ലാതെ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ലെന്ന് മനസ്സിലായിട്ടുണ്ട്. എന്നാല്‍ ഇന്ന് ഞാന്‍ നിങ്ങളോട് പറയുന്നത് എന്നെ അറസ്റ്റ് ചെയ്യാറാണ്. ജയിലില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി വിജയിക്കുന്നത് ഞാന്‍ കാണും,’ കെജ്‌രിവാള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു പറഞ്ഞു.

രാജ്യത്തെ മൂന്നാമത്തെ വലിയ പാര്‍ട്ടിയാണ് എ.എ.പി എന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ച് അദ്ദേഹം പറഞ്ഞു.
‘എന്ത് ചെയ്താലും ജയിക്കില്ലെന്ന് അവര്‍ക്കറിയാം.അതിനാല്‍ അവര്‍ ഇപ്പോള്‍ മദ്യ കുംഭകോണവുമായി വന്നിരിക്കുന്നു. സി.ബി.ഐയുടെയും ഇഡിയുടെയും കയ്യില്‍ തെളിവില്ലെന്ന് നേരത്തെ സുപ്രീം കോടതി ഉന്നയിച്ചിരുന്നു. അവര്‍ മനീഷ് സിസോദിയയെയും സത്യേന്ദര്‍ ജയനെയും സഞ്ജയ് സിങിനെയും വിജയ് നായരെയും അറസ്റ്റ് ചെയ്തു. ഇപ്പോള്‍ എന്നെ അറസ്റ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്,’ കെജരിവാള്‍ പറഞ്ഞു.

ആദ്യത്തെ മാത്രമല്ല ലോകത്തെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന പാര്‍ട്ടിയാണ് എ.എ.പി. നമ്മളുടെ പേര് റെക്കോഡില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഗിന്നസ് ബുക്കിനോട് ചോദിക്കേണ്ടിയിരിക്കുന്നു. ആദ്യം ദല്‍ഹിയിലും പഞ്ചായിലും പിന്നീട് ഗുജറാത്തിലും ഗോവയിലും നമ്മള്‍ നന്നായി പ്രവര്‍ത്തിച്ചു. നമ്മള്‍ ഒരു ദേശീയ പാര്‍ട്ടിയായി,രാജ്യത്തെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ പാര്‍ട്ടി. എന്റെ മനസ്സ് പറയുന്നത് ഉടന്‍ തന്നെ എ.എ.പി കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും മറികടക്കും,’ അദ്ദേഹം പറഞ്ഞു.

content highlight :Put me in jail, AAP will still win elections: Kejriwal on liquor probe