ഒരുലക്ഷം രൂപയുടെ പകുതി തുക, അരലക്ഷം രൂപ ഗീത വാഴച്ചാല്‍ എന്ന അതിരപ്പിള്ളി സമര നായികയ്ക്ക് കൂടി പങ്കിടാന്‍ താന്‍ തീരുമാനിക്കുന്നു. ബാക്കി വരുന്ന തുകയുടെ പകുതി, പെരിയാര്‍ മലിനീകരണം തടയാനുള്ള പുരുഷന്‍ എലൂരും കൂട്ടരും നടത്തുന്ന ശ്രമങ്ങള്‍ക്ക് നിയമസഹായം നല്‍കുന്നതിനായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: പരിസ്ഥിതി സംരക്ഷണത്തോടൊപ്പം വികസനത്തിന് കൂടി ഇടം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ അഡ്വ. ഹരീഷ് വാസുദേവന്‍ ഏറ്റെടുക്കുമെന്ന് പ്രത്യാശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇതിനു പിന്നാലെ പുരസ്‌കാരത്തിലൂടെ ലഭിച്ച തുക പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പങ്കുവെയ്ക്കുകയാണെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഒരുലക്ഷം രൂപയുടെ പകുതി തുക, അരലക്ഷം രൂപ ഗീത വാഴച്ചാല്‍ എന്ന അതിരപ്പിള്ളി സമര നായികയ്ക്ക് കൂടി പങ്കിടാന്‍ താന്‍ തീരുമാനിക്കുന്നു. ബാക്കി വരുന്ന തുകയുടെ പകുതി, പെരിയാര്‍ മലിനീകരണം തടയാനുള്ള പുരുഷന്‍ എലൂരും കൂട്ടരും നടത്തുന്ന ശ്രമങ്ങള്‍ക്ക് നിയമസഹായം നല്‍കുന്നതിനായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കാടും പുഴയും കുടിവെള്ളവും നിലനിര്‍ത്താതെ വികസനം സാധ്യമാവില്ല എന്ന് മലയാളിയെ ഇനിയും പഠിപ്പിക്കേണ്ടതുണ്ടോയെന്നും പലപ്പോഴും സര്‍ക്കാരിന്റെ ഭാഷ കണ്ടാല്‍ അങ്ങനെയാണ് തോന്നുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ നടന്ന ഏഷ്യാനെറ്റ് ന്യൂസ് കീര്‍ത്തി മുദ്ര പുരസ്‌കാരദാന ചടങ്ങിലാണ് മുഖ്യമന്ത്രി, ഹരീഷ് വാസുദേവന്‍ വികസനത്തിന് കൂടി ഇടം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് പറഞ്ഞത്.
പരിസ്ഥിതി നാശങ്ങള്‍ സംബന്ധിച്ച് 6 മാസത്തിനകം ഒരു ധവളപത്രം പുറത്തിറക്കും എന്ന വാഗ്ദാനം നിറവേറ്റാന്‍ സര്‍ക്കാര്‍ മറന്നു പോകരുതെന്ന് വേദിയിലിരുന്ന മുഖ്യമന്ത്രിയെ ഹരീഷ് വാസുദേവന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം എന്നത് കേരളത്തില്‍ 80കളില്‍ ജോണ്‍സി മാഷ് തുടങ്ങി വെച്ച, പിന്നീട് പല മഹാരഥന്മാരും മുന്നോട്ടുനയിച്ച, സാധാരണക്കാര്‍ പോരാടിയുണ്ടാക്കിയ ഒരു പ്രസ്ഥാനമാണ്. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ മുതല്‍ കൊച്ചിയില്‍ പെരിയാര്‍ സംരക്ഷണ സമിതി പോലെ തിരുവനന്തപുരത്ത് മുക്കുന്നിമലയിലെ അനധികൃത ഖനനം വരെ എത്രയെത്ര സമരങ്ങളാണ് ഭൂമിയെയും ആത്യന്തികമായി മനുഷ്യരുടെ നിലനില്‍പ്പും നശിപ്പിക്കുന്ന പരിസ്ഥിതി നശീകരണത്തിനെതിരെ നടക്കുന്നത്. അതില്‍ കേവലം ഒരു കണ്ണി എന്ന നിലയ്ക്കാണ് തന്റെ പ്രവര്‍ത്തനമെന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
പരിസ്ഥിതി സമരങ്ങോട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണടയ്ക്കുമ്പോള്‍, അല്‍പ്പമെങ്കിലും ആശ്വാസം ലഭിക്കുന്നത് കോടതികള്‍ വഴിയുള്ള നീക്കങ്ങള്‍ക്കാണ് എന്നാണ് തന്റെ അനുഭവമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിസ്ഥിതി രംഗത്തെ ഈ അംഗീകാരം തനിയ്‌ക്കൊറ്റയ്ക്കുള്ളതല്ലെന്നും അതിനു അര്‍ഹതയുള്ള ആളാണ് അവസാന റൗണ്ടില്‍ പരിഗണിക്കപ്പെട്ടു അതിരപ്പിള്ളി സമര നായിക ശ്രീമതി. ഗീത വാഴച്ചാലെന്നും ഹരീഷ് വാസുദേവന്‍ വ്യക്തമാക്കി. അവര്‍ നയിക്കുന്ന ചാലക്കുടിപ്പുഴ സംരക്ഷണ സമരം അംഗീകാരം അര്‍ഹിക്കുന്ന സമരമാണ്. അതുപോലെ പ്രാധാന്യമുള്ളതാണ് ഏലൂര്‍ ഇടയാര്‍ മേഖലയിലെ വ്യവസായ മാലിന്യത്തിനെതിരെ പുരുഷന്‍ എലൂരും കൂട്ടരും നടത്തുന്ന പെരിയാര്‍ നദീ സംരക്ഷണ സമരവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.