|

'കൊറോണ വൈറസിനെ കൈയ്യില്‍ കിട്ടിയാല്‍ ഫഡ്‌നാവിസിന്റെ വായില്‍ തിരുകിക്കയറ്റും'; ശിവസേന എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കൊറോണ വൈറസിനെ കൈയ്യില്‍ കിട്ടിയാല്‍ അതിനെ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വായിലേക്ക് ഇടുമെന്ന് ശിവസേന എം.എല്‍.എ സഞ്ജയ് ഗെയ്ക്കവാദ്.

കൊവിഡ് രോഗത്തിനായുള്ള റെംഡെിസീവര്‍ മരുന്നിന്റെ വിതരണം തടസ്സപ്പെടുത്താന്‍ ഫഡ്‌നാവിസ് ശ്രമിച്ചുവെന്നാരോപണമുയരുന്ന പശ്ചാത്തലത്തിലാണ് ഗെയ്ക്കവാദിന്റെ പ്രതികരണം.

കൊവിഡ് പടരുന്ന ഈ സാഹചര്യത്തില്‍ ഫഡ്‌നാവിസായിരുന്നു മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയെങ്കില്‍ എന്ത് നടപടി സ്വീകരിക്കുമായിരുന്നുവെന്ന് ഗെയ്ക്കവാദ് ചോദിച്ചു.

ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി തങ്ങളെ താഴെയിറക്കാന്‍ നോക്കുകയാണ് ബി.ജെ.പി എന്നും ഗെയ്ക്കവാദ് കൂട്ടിച്ചേര്‍ത്തു.

‘ഇനിയെങ്ങാനും ആ കൊറോണ വൈറസിനെ കൈയില്‍ കിട്ടിയാല്‍ ഫഡ്‌നാവിസിന്റെ വായിലായിരിക്കും ആദ്യം ഇട്ടുകൊടുക്കുക,’ ഗെയ്ക്കവാദ് പറഞ്ഞു.

മഹാരാഷ്ട്രയില്‍ റെംഡെിസീവര്‍ വിതരണ കമ്പനികളെ ഫഡ്‌നാവിസും ബി.ജെ.പി നേതാക്കളും പറഞ്ഞ് പിന്തിരിപ്പിക്കുകയാണെന്നും ഈ സമയത്ത് രാഷ്ട്രീയം കളിക്കാന്‍ എങ്ങനെ തോന്നുന്നുവെന്നും ഗെയ്ക്കവാദ് ചോദിച്ചു.

രാജ്യത്ത് കൊവിഡ് അതിവേഗത്തില്‍ പടരുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും റെംഡെസീവര്‍ ആവശ്യത്തിന് ലഭിക്കാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത്.

അതേസമയം, മരുന്നിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ റെംഡെസീവറിന്റെ ഉല്‍പാദനം ഇരട്ടിയാക്കുന്നതായി കേന്ദ്രം അറിയിച്ചിരുന്നു.

15 ദിവസത്തിനകം പ്രതിദിനം 3 ലക്ഷം ആയി ഉല്‍പാദനം ഉയര്‍ത്താനാണു ശ്രമമെന്നാണ് കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചത്. നിലവിലുള്ള 20 പ്ലാന്റുകളില്‍ നിന്നു ഉല്‍പാദനം കൂട്ടുന്നതിനൊപ്പം 20 പുതിയ പ്ലാന്റുകള്‍ക്ക് അനുമതിയും നല്‍കി.

റെംഡെസീവര്‍ ഇന്‍ജക്ഷന്റെ വില കഴിഞ്ഞദിവസം 2000 രൂപയോളം കുറച്ചിരുന്നു. മരുന്നു കയറ്റുമതിയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Put Corona Virus In Devendra Fadnavis Mouth