| Friday, 1st January 2016, 4:47 pm

പ്രണയഭാഷയുടെ അഗ്‌നിശില്‍പ്പം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളഭാഷയും നോവല്‍/കഥ എന്ന സാമ്പ്രദായിക ഫോര്‍മാറ്റും “പ്രണയം : 1024 കുറുക്കുവഴികളില്‍” പരീക്ഷിക്കപ്പെടുകയും പുതുക്കപ്പെടുകയും ചെയ്യുന്നു. പുതിയൊരു രൂപഘടന, സ്വയം ഉണ്ടായി വരുന്ന എഴുത്തിന്റെ മാജിക്ക് ഈ പുസ്തകത്തില്‍ നമുക്ക് അനുഭവവേദ്യമാണ്. 156 പേജുകളില്‍, എവിടെനിന്നും വായന തുടങ്ങാന്‍ സാധ്യമായ തരത്തില്‍, എവിടെയും അവസാനിപ്പിക്കാവുന്ന വിധത്തിലും സ്‌പൈറല്‍ ആയ ഒരുകഥാശില്‍പം. അല്ലെങ്കിലും, ഒരു കഥയും വെറും “കഥ”യല്ലല്ലോ. കഥ നിരുപമമായ ഭാഷാവിനിയോഗവും നിരുപാധികമായ അനുഭൂതികളുടെ അഗാധസ്‌ഫോടനവുമാണ് .



| പുസ്തകസഞ്ചി /എസ് .വി .രാമനുണ്ണി, സുജനിക |


ഗ്രന്ഥം :  പ്രണയം : 1024 കുറുക്കുവഴികള്‍  ( നോവല്‍ )
പേജുകള്‍ : 157
പ്രസാധകര്‍: കറന്റ്  ബുക്‌സ്, തൃശൂര്‍
രേഖാ ചിത്രങ്ങള്‍:  പി . സുനില്‍ രാജ്
ഫോട്ടോഗ്രഫുകള്‍:  ആര്‍ .അരുണ്‍
വില : 125

എം. നന്ദകുമാറും ജി.എസ്. ശുഭയും ചേര്‍ന്നെഴുതിയ “പ്രണയം : 1024 കുറുക്കുവഴികള്‍” എന്ന ആഖ്യാനം കഥപറച്ചിലും കവിതയും ചിത്രങ്ങളും ഒഴിഞ്ഞ ഇടങ്ങളും  സംഖ്യാകേളികളും എല്ലാം ഒന്നിക്കുന്ന ഒരു ഭാഷാ ഇന്‍സ്റ്റലേഷന്‍  തന്നെയാണ്. മലയാളത്തിന് അത്ര പരിചയമില്ലാത്ത ഒരു രൂപഘടന. ഇടതടവില്ലാത്ത ഒഴുക്കായി,  വായനയെ കൊണ്ടുപോകുന്ന ഒരു പ്രക്രിയ കൂടിയാണ് ഈ രചനാവിശേഷം.

നോവല്‍ ആരംഭിക്കുന്നത് “എവിടെ നിന്ന് തുടങ്ങും ? അത് പ്രസക്തമല്ല. വര്‍ത്തുളമാകാനിരിക്കുന്ന ഈ ആഖ്യാനത്തില്‍ ഏത് ആരംഭവും സമാനമായിരിക്കും. ചേര്‍ന്നിരിക്കുന്ന കമിതാക്കള്‍ തോളുകള്‍ ഉരുമ്മുന്ന തുടര്‍ച്ച കണക്ക്.” എന്ന വാക്യങ്ങളിലാണ്. പറയാനിരിക്കുന്ന കഥയുടെ  ഉള്ളടക്കം മുളപൊട്ടുമ്പോള്‍  ഉണ്ടാകുന്ന പേജുകളുടെ കിരുകിരുപ്പും നേരിയ വിള്ളലും ആദ്യവരികളില്‍ അനാവൃതമാകുന്നു. തുടര്‍ന്ന്, പ്രണയത്തിന്റെ മഹാവൃക്ഷമായി, രചനയുടെ ഹരിതവനമായി എഴുത്ത് വളരുന്നു. ഈരേഴുലോകങ്ങളും ത്രികാലങ്ങളും അതിവര്‍ത്തിച്ചുകൊണ്ട്… മുപ്പത്തിയഞ്ച് അദ്ധ്യായങ്ങളേ ഈ കൃതിയില്‍ എഴുതിയിട്ടുള്ളൂ. അവിടെ വെച്ച് കഥ അവസാനിക്കുന്നതിനു പകരം, പ്രണയത്തിന്റെ പുതിയൊരു നൃത്തശാല തുറക്കുന്നതായി കമിതാക്കള്‍ പ്രസ്താവിക്കുന്നു. കാരണം, പ്രേമം അനന്തമായ ഒരു തുടര്‍ക്കഥയാണെന്നതു തന്നെ.

1, 3, 5, 7 …. അദ്ധ്യായങ്ങളില്‍, ത്രികാലങ്ങളിലൂടെ ഊയലാടുന്ന സമകാലിക ജീവിതവും 2, 4, 6, 8…. അദ്ധ്യായങ്ങളില്‍ സംഘകാലത്തിലേതെന്ന് സൂചിപ്പിക്കുന്ന പൊയ്‌പോയ  ഒരു ജീവിതവും ചുരുള്‍ നിവരുന്നു. പ്രണയത്തിന്റെ വേവും ചൂടും  സന്നിഗ്ദ്ധതകളും സൗന്ദര്യങ്ങളും പ്രലോഭനീയമായ ഭാഷാവിദ്യയില്‍, അനസ്യൂതമായി  എഴുതിചേര്‍ക്കുകയാണ് ഇരുവരും. കഥാഭൂമികയുടെ ഊടുവഴികള്‍ക്കിടയില്‍,  അവയെ കൂട്ടിയിണക്കുന്ന കണ്ണികള്‍ പോലെ, സംഗീതാത്മകമായ കുറിപ്പുകളും  ചിത്രങ്ങളും  ഒഴിവിടങ്ങളും എക്കാലത്തേയും ജീവിതത്തെ ഒന്നാക്കി ഉരുക്കിയെടുക്കുന്നു.

“ഞാന്‍” എന്നഭാഗം ഒരാളും “അവള്‍” എന്നഭാഗം അപരനും തിരിച്ചും “നമ്മള്‍” എന്ന് ഇരുവര്‍ ചേര്‍ന്നും എഴുതി തുടങ്ങുന്നു. ഒടുവില്‍ അത്തരം ഭേദങ്ങള്‍ അപ്രസക്തമാകുന്നു.  ഒരാള്‍ എഴുതുന്നതു മുഴുവനും കവിതയുടെ രൂപഘടനയിലാണ്. അന്നേരം, മറ്റൊരാള്‍ എഴുതുന്നത് കാവ്യാത്മകമായ ഗദ്യവും. എഴുത്തിന്റെ ചേരുവ ഇപ്രകാരമാണ്  വായനയില്‍ അനുഭവപ്പെടുക. ഞാന്‍, അവള്‍,നമ്മള്‍ തുടങ്ങിയ ഖണ്ഡങ്ങള്‍ എഴുത്തുകാരുടെ [പ്രണയികളുടെ] ജീവിതം തന്നെ. അത് ഭൂതവര്‍ത്തമാനഭാവികളിലൂടെയുള്ള ഊഞ്ഞാല്‍ കുതിപ്പുകളാണ്. പ്രണയത്തിന്റെ നാമരഹിതമായ ഭൂഭാഗങ്ങളില്‍..  “കളവും”  “തെളിവു”മായി വ്യവഹരിക്കപ്പെടുന്ന പ്രണയത്തിന്റെ ഭാഷാലീലകള്‍ … “എന്തിനാണീ വ്യവഹാരത്തിനു മുതിരുന്നത് ?”  എന്നവര്‍ തുടക്കത്തില്‍ ആലോചിക്കുന്നുണ്ട്. അതിനവര്‍ കണ്ടെത്തുന്ന ഉത്തരം: “ഇതൊരു പാസ്സ്‌പോര്‍ട്ട് ആണ് നമ്മുടെ പ്രേമത്തിന്റെ പാസ്സ്‌പോര്‍ട്ട്. …. ഒടുവില്‍ നാം “ശുഭപ്രതീക്ഷ” എന്ന മുനമ്പു ചുറ്റും.അന്നേരം നമ്മുടെ യാനം നിലയ്ക്കും”


“ക്ഷോഭമില്ലാതെ, തുമ്പപ്പൂമാല സമാധാനചിഹ്നമായി സദാധരിക്കുന്ന ഒരുനാടുവാഴിയെക്കുറിച്ച് ആര്‍ക്കും യാതൊന്നും പാടാനാവില്ല. പടനീക്കത്തിനുള്ള  ഒരുക്കങ്ങളാണ് ഓരോ കാവ്യവൃത്തിയും. കലാസ്രൃഷ്ടി ഒരു യുദ്ധക്കളവും” (ജ. 83). എന്നിരിക്കെ, യുദ്ധത്തിന്റെ സഹജവൃത്തികള്‍ എന്ന നിലയ്ക്ക് പ്രണയവും കലാവിദ്യകളും കൂടിപ്പിണയുന്നു. സംഘകൃതികളുടെ വ്യതിരിക്തമായ വായനയുടെ അനുരണനങ്ങള്‍ ഇത്തരം ഭാഗങ്ങളില്‍ നമുക്ക് കേള്‍ക്കാം.


എല്ലായ്‌പോഴും, പ്രേമം മുളപൊട്ടുന്നതും വളര്‍ന്ന് തിടംവെക്കുന്നതും കഥകളിലൂടെയാണ്. പുതിയ കഥയാവാം, പഴയ കഥയാവാം…  കഥയില്ലായ്മയുമാവാം,  ആ കഥകളൊക്കെയും. എന്തായാലും കഥ വേണം. സ്‌നേഹിക്കുന്നവര്‍ തമ്മില്‍മാത്രം പറയുകയും കേള്‍ക്കുകയും ചെയ്യുന്ന കഥ. പറച്ചിലിനിടയില്‍ ചോദ്യങ്ങളാകാം.  ആഖ്യാനത്തിന്റെ സര്‍വ്വസാധാരണ നിയമങ്ങള്‍ അവര്‍ക്കു തെറ്റിക്കാം. കാരണം, അവരാണ് കഥയുണ്ടാക്കുന്നതും പറയുന്നതും കേള്‍ക്കുന്നതും . അവരാണല്ലോ കഥയും !

അപ്രകാരം, കമിതാക്കള്‍ ഒരു കഥ ആരംഭിക്കുന്നു :

“”നൂറ്റാണ്ടുകള്‍ക്കുമുമ്പ് … അതായത്, ഇപ്പോള്‍ നിനവില്‍ മാത്രം നിലനില്‍ക്കുന്ന ഒരു പ്രദേശമുണ്ടായിരുന്നു. ആ ഭൂവിഭാഗത്തിലെ ആളുകള്‍ പാടി നടന്ന പാട്ടുകളില്‍ നിന്നുമാണ്. ഞാന്‍ നിനക്കുവേണ്ടി ഈ കഥ മെനഞ്ഞെടുക്കുന്നത്. ഞാന്‍ പറയാന്‍ പോകുന്നത് അവരുടെ ചില വാക്കുകളും രൂപകല്‍പ്പനകളും  ഭാവനാവൈചിത്ര്യങ്ങളുമാണ്. കൊണ്ടപ്പറയുടെ മുഴക്കം മലനിരകളില്‍ കുന്റക്കുരവയ്‌ക്കൊപ്പം അലയടിക്കുമ്പോള്‍  നമുക്ക് ഈ പ്രേമകഥ ആരംഭിക്കാം”” (പേജ്: 17 ഖണ്ഡം  12)

കൊണ്ടപ്പറയും കുന്റക്കുരവയും നല്‍കുന്ന സൂചന, സംഘകാലഘട്ടത്തിലേതാണ് പറയാനിരിക്കുന്ന കഥ എന്നു തന്നെ. ഐന്തിണകളില്‍ ജീവിച്ചിരുന്ന മനുഷ്യരുടെ,  ജൈവസ്വഭാവം ഒട്ടുമേ മാഞ്ഞുപോകാത്ത ഒരു ജനതയുടെ ആഖ്യാനങ്ങള്‍. മനുഷ്യന്‍ “ആധുനികത” യിലേക്ക് മുന്നേറുന്തോറും “ജൈവമനുഷ്യന്‍” എപ്രകാരമോ  ഇല്ലാതാവുന്നത് നമ്മുടെ വ്യഥകളില്‍ ഒന്നാണ്. പ്രേമവും യുദ്ധവും യാത്രയും പാട്ടുകെട്ടലും  ജീവമൂലകങ്ങളായി  നിലനിന്നിരുന്ന ഒരുകാലത്തെ കഥയില്‍  പ്രണയത്തിന്റെ ഭാവഗരിമ പൂര്‍ണ്ണതയില്‍ കാണാനാവുന്നു എന്നതാവാം ഈയൊരു  കാലപരിസരം  നോവലില്‍ ഉണ്ടാവാന്‍ കാരണം.

“ക്ഷോഭമില്ലാതെ, തുമ്പപ്പൂമാല സമാധാനചിഹ്നമായി സദാധരിക്കുന്ന ഒരുനാടുവാഴിയെക്കുറിച്ച് ആര്‍ക്കും യാതൊന്നും പാടാനാവില്ല. പടനീക്കത്തിനുള്ള  ഒരുക്കങ്ങളാണ് ഓരോ കാവ്യവൃത്തിയും. കലാസ്രൃഷ്ടി ഒരു യുദ്ധക്കളവും” (P. 83). എന്നിരിക്കെ, യുദ്ധത്തിന്റെ സഹജവൃത്തികള്‍ എന്ന നിലയ്ക്ക് പ്രണയവും കലാവിദ്യകളും കൂടിപ്പിണയുന്നു. സംഘകൃതികളുടെ വ്യതിരിക്തമായ വായനയുടെ അനുരണനങ്ങള്‍ ഇത്തരം ഭാഗങ്ങളില്‍ നമുക്ക് കേള്‍ക്കാം.


“വെണ്‍കൊറ്റക്കുട “തവ്” എന്ന് ശബ്ദിച്ച് മഴത്തുള്ളികളെ തടഞ്ഞു നിര്‍ത്തുന്നു. “നള്‍” എന്ന അര്‍ദ്ധരാത്രിയിലും ഉറക്കം പൂകാതെ, യുദ്ധകാര്യങ്ങള്‍ പര്യാലോചിച്ച്, പടകുടീരത്തിലിരിക്കുന്ന ഒരു ചക്രവര്‍ത്തിയുടെ നിദ്രാവിഹീനതയില്‍ അരങ്ങേറിയ സംഗതികളാണ് ഇതത്രയും” (ജ. 89). ക്ലാസിക്ക് സംഘസാഹിത്യത്തിന്റെ പെരുമ എഴുത്തിലുടനീളം നെയ്‌തെടുത്തിരിക്കയാണ് ആഖ്യാതാക്കള്‍. അതിലൂടെ, ആഹ്ലാദകരവും നൂതനവുമായ കലാനുഭവം ലഭിക്കുന്നുമുണ്ട്. “ഒഴുകുന്ന ചിത്രലിപികളാണ് കവിത” യെന്ന്” അവര്‍ വിശേഷിപ്പിക്കും മട്ടില്‍.


രണപടുവായ ഒരു യുവാവിന്റെ യാത്രയും പ്രേമബന്ധങ്ങളുമാണ് പഴംശീലുകളില്‍ നിന്ന് ഉയിര്‍ക്കുന്നത്.  മിക്കവാറും, ഒരു ദുരന്തപ്രണയകാവ്യത്തിന്റെ രീതിയില്‍. സ്ഥൂലപ്രണയം നഷ്ടമായിട്ടും സൂക്ഷ്മപ്രണയം ഇല്ലാതാകുന്നില്ല. വികാരവും വിചാരവും ചെയ്തികളുമായി സ്‌നേഹം നിലനില്‍ക്കുന്നു. ഇടിമുഴക്കത്തിന്റെ മാറ്റൊലി പോലെ. തത്സമയത്തെ അനുവൊലി മാത്രമല്ല; “….. മാസങ്ങള്‍ക്കു ശേഷം  മാനത്തൊരു മുഴക്കമായി മടങ്ങിയെത്താന്‍” (P.9) കൂടിയുള്ളതായി.

ചിരപരിചിതമായ എഴുത്ത് വഴികളില്‍ നിന്നും വിട്ടുമാറി നടക്കുന്ന ഈ യാത്രയില്‍, വായനയുടെ പുതുദേശങ്ങളിലേക്ക് നാം പ്രവേശിക്കുകയാണ്:

“മരിച്ചുപോയ നക്ഷത്രങ്ങളുടെ അഭൗമശക്തികളാണ് നമ്മുടെ പ്രണയത്തെ വാര്‍ത്തെടുക്കുന്നത്…. വാതകാഗ്‌നികളുടെ രൂക്ഷജ്വലനം… സിരകളില്‍  പ്രപഞ്ചങ്ങളുടെ തലയോടുകള്‍ പൊട്ടിത്തെറിയ്കുന്ന ആവൃത്തിയില്‍, എന്റേയും നിന്റേയും വാക്കുകള്‍ കൈകോര്‍ത്ത് ശ്മശാന നടനമാടുന്നു. അനന്തമായി ആവര്‍ത്തിക്കുന്ന ഈ രാത്രിയെ താരസ്ഥായിയില്‍ നാം ആലപിക്കുന്നു”.(P. 80)

“പച്ചക്കണ്ണുള്ള കരിങ്കുരങ്ങ് പാമ്പിന്റെ തലയ്ക്കുപിടിക്കുമ്പോള്‍, അവന്റെ കയ്യില്‍ ആ സര്‍പ്പം വരിഞ്ഞുമുറുകിയും അയഞ്ഞും ചുറ്റുന്ന ഉദ്വേഗത്തോടെ ആഖ്യാനം  സംഭീതമാകട്ടെ” (P.86) എന്ന ഉദ്‌ഘോഷത്തോടെ, “യുദ്ധാവസാനത്തില്‍ അയാളും വീണു … എന്ന ഭാഗം  തുടങ്ങുന്നു. രൂപകങ്ങള്‍,  സങ്കല്‍പ്പങ്ങള്‍, വിവരണങ്ങള്‍,  വ്യാഖ്യാനങ്ങള്‍ തൊട്ട് എല്ലാറ്റിലും  ഈ നവമതെഴുത്തുനില്‍ക്കുന്നുണ്ട്.

“വെണ്‍കൊറ്റക്കുട “തവ്” എന്ന് ശബ്ദിച്ച് മഴത്തുള്ളികളെ തടഞ്ഞു നിര്‍ത്തുന്നു. “നള്‍” എന്ന അര്‍ദ്ധരാത്രിയിലും ഉറക്കം പൂകാതെ, യുദ്ധകാര്യങ്ങള്‍ പര്യാലോചിച്ച്, പടകുടീരത്തിലിരിക്കുന്ന ഒരു ചക്രവര്‍ത്തിയുടെ നിദ്രാവിഹീനതയില്‍ അരങ്ങേറിയ സംഗതികളാണ് ഇതത്രയും” (P.89). ക്ലാസിക്ക് സംഘസാഹിത്യത്തിന്റെ പെരുമ എഴുത്തിലുടനീളം നെയ്‌തെടുത്തിരിക്കയാണ് ആഖ്യാതാക്കള്‍. അതിലൂടെ, ആഹ്ലാദകരവും നൂതനവുമായ കലാനുഭവം ലഭിക്കുന്നുമുണ്ട്. “ഒഴുകുന്ന ചിത്രലിപികളാണ് കവിത” യെന്ന്” അവര്‍ വിശേഷിപ്പിക്കും മട്ടില്‍.

മലയാളഭാഷയും നോവല്‍/കഥ എന്ന സാമ്പ്രദായിക ഫോര്‍മാറ്റും “പ്രണയം : 1024 കുറുക്കുവഴികളില്‍” പരീക്ഷിക്കപ്പെടുകയും പുതുക്കപ്പെടുകയും ചെയ്യുന്നു. പുതിയൊരു രൂപഘടന, സ്വയം ഉണ്ടായി വരുന്ന എഴുത്തിന്റെ മാജിക്ക് ഈ പുസ്തകത്തില്‍ നമുക്ക് അനുഭവവേദ്യമാണ്. 156 പേജുകളില്‍, എവിടെനിന്നും വായന തുടങ്ങാന്‍ സാധ്യമായ തരത്തില്‍, എവിടെയും അവസാനിപ്പിക്കാവുന്ന വിധത്തിലും സ്‌പൈറല്‍ ആയ ഒരുകഥാശില്‍പം. അല്ലെങ്കിലും, ഒരു കഥയും വെറും “കഥ”യല്ലല്ലോ. കഥ നിരുപമമായ ഭാഷാവിനിയോഗവും നിരുപാധികമായ അനുഭൂതികളുടെ അഗാധസ്‌ഫോടനവുമാണ് .

പെണ്‍കുട്ടികള്‍ വട്ടമിട്ടിരുന്ന്, കൈത്തണ്ടയില്‍ ഈര്‍ക്കില്‍ കത്തിച്ച് ചൂടുവെയ്ക്കും. കുറച്ചു ദിവസം കഴിഞ്ഞാല്‍ അവിടെയൊരു വട്ടപ്പൊള്ളല്‍ പാടുണ്ടാവും. സൗന്ദര്യമുദ്ര.  അതുപോലൊന്ന് ഈ രചനയുടെ വായനക്ക് ശേഷവും ബാക്കി നില്‍ക്കുന്നു. ഒട്ടേറെ ദിവസങ്ങള്‍ക്കു ശേഷവും അവശേഷിക്കുന്ന ആ അടയാളമാണ് കഥ.  എല്ലാ നല്ല കഥയും ചൂട്‌വെച്ച പാടുകളാണ്. ഹോമോസാപ്പിയന്‍സിനു മാത്രം സാധ്യമായ അഗ്‌നിശില്‍പ്പം.

We use cookies to give you the best possible experience. Learn more