|

കൂത്തുപറമ്പ് സമരപോരാളി പുഷ്പന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൂത്തുപറമ്പ് സമരപോരാളി പുഷ്പന്‍ (54) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ഹോസ്പിറ്റലില്‍ വെച്ചാണ് മരണം. കണ്ണൂര്‍ ചൊക്ലി മേനപ്രം സ്വദേശിയായിരുന്നു.

30 വര്‍ഷത്തോളം കാലം കിടപ്പിലായിരുന്ന പുഷ്പനെ കഴിഞ്ഞ മാസം ആഗസ്റ്റ് രണ്ടിന് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

1994 നവംബര്‍ 25ന് കൂത്തുപറമ്പില്‍  ഡി.വൈ.എഫ്.ഐ നടത്തിയ സമരത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ പുഷ്പന്റെ സുഷുമ്‌നനാഡി തകര്‍ന്നിരുന്നു. ഇതോടെ കിടപ്പിലാവുകയായിരുന്നു. അന്ന് 24 വയസ്സായിരുന്നു പുഷ്പന്റെ പ്രായം. സി.പി.ഐ.എം നോര്‍ത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു.

ബാലസംഘം പ്രവര്‍ത്തനങ്ങളിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന പുഷ്പന്‍ നോര്‍ത്ത് മേനപ്രം എല്‍.പി സ്‌കൂളിലും ചൊക്ലി രാമവിലാസം സ്‌കൂളിലുമായാണ് വിദ്യാഭ്യാസം നേടിയത്. സ്‌കൂള്‍ കാലഘട്ടത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം.

വീട്ടിലെ പ്രാരാബ്ധങ്ങള്‍ കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച പുഷ്പന്‍ പീന്നീട് ആണ്ടിപീടികയിലെ പലചരക്ക് കടയിലെ പണിക്കാരനായും ജോലി ചെയ്തിരുന്നു. പീന്നീട് ജോലിക്കായി ബെംഗളൂരുവിലും മൈസൂരുവിലേക്കും പോയി. ബെംഗളൂരുവിലെ കടയിലെ ജോലിക്കിടെ നാട്ടില്‍ എത്തിയപ്പോഴാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

അന്നത്തെ കേരളാ മുഖ്യമന്ത്രി കരുണാകരന്റെ സ്വാശ്രയ കോളേജ് നയത്തിനെതിരെ വിദ്യാഭ്യാസമന്ത്രി എം.വി രാഘവനെതിരെ കരിങ്കൊടി കാണിക്കുന്നതിനിടെയുണ്ടായ പൊലീസ് വെടിവെപ്പിലാണ് പുഷ്പന് പരിക്കേല്‍ക്കുന്നത്. കൂത്തുപറമ്പ് അര്‍ബന്‍ ബാങ്ക് സായാഹ്ന ശാഖ ഉദ്ഘാടനം ചെയ്യാനെനെത്തിയതായിരുന്നു മന്ത്രി.

വെടിവെപ്പില്‍ കെ.വി റോഷന്‍, കെ.കെ.രാജീവന്‍, മധു, ഷിബുലാല്‍, ബാബു എന്നിവര്‍ കൊല്ലപ്പെട്ടു.

പുഷ്പനെ കാണാന്‍ ചെഗുവേരയുടെ മകള്‍ അലിഡ ഗുവേര വീട്ടില്‍ എത്തിയത് വാര്‍ത്തയായിരുന്നു. കിടപ്പിലായെങ്കിലും പാര്‍ട്ടിയുടെ സമ്മേളനങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു പുഷ്പന്‍.

മൃതദേഹം നാളെ (ഞായറാഴ്ച്ച) രാവിലെ എട്ടുമണിക്ക് കണ്ണൂരിലേക്ക് കൊണ്ടുപോകും. രാവിലെ 10.30 ന് തലശ്ശേരി ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം 12 മണിക്ക് മേനപ്രം രാമവിലാസം സ്‌കൂളിലും പൊതുദര്‍ശനത്തിന് വെക്കും. ശേഷം വൈകീട്ട് അഞ്ചുമണിയോടെ ചൊക്ലിയിലെ വീട്ടില്‍ എത്തിക്കും.

പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങള്‍: രാജന്‍, ശശി, പ്രകാശന്‍, അജിത (പുല്ലൂക്കര), ജാനു, (താലൂക്ക് ഓഫീസ് തലശ്ശേരി).

Content Highlight: Pushpan passed away