|

'കുടുംബവുമായി അകന്ന് നില്‍ക്കുന്നയാള്‍, സ്ഥിരം പ്രശ്‌നക്കാരന്‍'; സഹോദരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ വിശദീകരണവുമായി പുഷ്പന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സഹോദരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ വിശദീകരണവുമായി കൂത്തുപറമ്പില്‍ പൊലീസ് വെടിവെയ്പില്‍ പരിക്കേറ്റ് കിടപ്പിലായ പുഷ്പന്‍. വര്‍ഷങ്ങളായി കുടുംബവുമായി ഒരു ബന്ധവുമില്ലാത്തയാളാണ് ബി.ജെ.പിയില്‍ ചേര്‍ന്ന തന്റെ സഹോദരന്‍ ശശിയെന്ന് പുഷ്പന്‍ പറഞ്ഞു.

കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയും എല്ലാവരുമായും അകന്ന് കഴിയുകയും ചെയ്തിരുന്നയാളാണ് ശശിയെന്നും പുഷ്പന്‍ വ്യക്തമാക്കി.

‘വര്‍ഷങ്ങളായി വീടുമായോ കുടുംബവുമായോ ശശിയേട്ടന് ഒരു ബന്ധവുമില്ല. രാജേട്ടന്റെ രണ്ടു മക്കളുടെ കല്യാണത്തിന് വിളിച്ചിട്ടും പങ്കെടുത്തില്ല. വീട്ടില്‍ മദ്യപിച്ചെത്തി നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്നു,’ പുഷ്പന്‍ പറഞ്ഞു.

ശശിയുടെ മകന്‍ ഷിബിയുടെയും സഹോദരങ്ങളായ രാജന്‍, പ്രകാശന്‍ എന്നിവരുടെയും പേരില്‍ ചൊക്ലി പൊലീസില്‍ വ്യാജ പരാതിയടക്കം ശശി നല്‍കിയിട്ടുണ്ടെന്നും പുഷ്പന്‍ പറഞ്ഞു.

അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ സ്വത്ത് ഭാഗിക്കണമെന്ന് ശശി ആവശ്യപ്പെട്ടിരുന്നു. പ്രത്യേക സ്ഥലം വേണമെന്നും വാശിപിടിച്ചു. സ്ഥലം വിറ്റ് കിട്ടുന്ന പണം നശിപ്പിക്കുമെന്ന് ഭയമുണ്ടായിരുന്നു. ചീട്ടുകളി കാരണം രണ്ട് സ്ഥലം നേരത്തെ വിറ്റതാണ്. ചീട്ട് കളിച്ച് പണം നഷ്ടപ്പെട്ടാല്‍ മാനസിക വിഭ്രാന്തിയിലാകുന്നതാണ് പ്രകൃതം.

ഭാര്യയും മക്കളുമായി ശശി അകന്ന് കഴിയുകയായിരുന്നുവെന്നും സി.പി.ഐ.എം പ്രവര്‍ത്തകര്‍ മധ്യസ്ഥം പറഞ്ഞാണ് ഭാര്യവീട്ടില്‍ താമസിപ്പിച്ചതെന്നും പുഷ്പന്‍ പറഞ്ഞു.

എന്നാല്‍ കുറച്ച് കാലമായി ശശിക്ക് മറ്റു കുടുംബാംഗങ്ങളുമായി യാതൊരു ബന്ധവുമില്ല. നിരവധി അസുഖങ്ങളുള്ള ശശിയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ബി.ജെ.പി നേതാക്കള്‍ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ശശിയ്ക്ക് വൃക്കയ്ക്ക് തകരാറും പാന്‍ക്രിയാസിന് വീക്കവും കാഴ്ചക്കുറവുമുണ്ട്. രണ്ടു തവണ ഹൃദയാഘാതമുണ്ടായതാണ്. മുട്ടിനുതാഴെ തൊട്ടാല്‍ അറിയില്ല. ജ്യേഷ്ഠന് എന്തെങ്കിലും സംഭവിച്ചാല്‍ ബി.ജെ.പിയുടെ പ്രാദേശിക നേതാക്കള്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും പുഷ്പന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പുഷ്പന്റെ സഹോദരനായ ശശി ബി.ജെ.പിയില്‍ ചേര്‍ന്നത്. സി.പി.ഐ.എം നിലപാടില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നാണ് ശശിയുടെ വിശദീകരണം. എന്നാല്‍ ശശിയ്ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സി.പി.ഐ.എം വിശദീകരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pushpan gives explanation in his brother joins BJP

Video Stories