Entertainment news
ഫഹദിന് പിറന്നാള്‍ സമ്മാനമൊരുക്കി അല്ലു അര്‍ജ്ജുന്‍ ചിത്രം 'പുഷ്പ' ടീം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 08, 10:50 am
Sunday, 8th August 2021, 4:20 pm

ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ അണിയറയിലൊരുങ്ങുകയാണ്. ചിത്രം ഈ വര്‍ഷം ക്രിസ്തുമസ് റിലീസായി തീയേറ്ററുകളിലെത്തുമെന്ന് കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. പുഷ്പയില്‍ വില്ലനായിട്ടാണ് ഫഹദ് എത്തുന്നത്. ഇന്ന് മുപ്പത്തിയൊന്‍പതാം പിറന്നാളാഘോഷിക്കുന്ന ഫഹദിന് ആശംസയും സമ്മാനവുമൊരുക്കിയിരിക്കുകയാണ് പുഷ്പ ടീം.

തന്റെ പ്രതിയോഗിയ്ക്ക് പുഷ്പ ആശംസകളേകുന്നുവെന്ന് കുറിച്ചുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. അല്ലു അര്‍ജുന്‍ രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്.

എവിള്‍ വാസ് നോട്ട് സോ ഡേഞ്ചറസ് എന്ന ക്യാപ്ഷനോടെ തീക്ഷ്ണമായി നോക്കുന്ന ഫഹദിന്റെ ഒരു കണ്ണും ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിനായി അല്ലു അര്‍ജുന്‍ 70 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിയ്ക്കുന്നത്.

മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്.

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി പ്രവര്‍ത്തിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight:Pushpa team birthday wishes to Fahadh Faasil