| Sunday, 5th December 2021, 6:09 pm

പുഷ്പ, ചാര്‍ലി 777, മിന്നല്‍ മുരളി, തുറമുഖം; ഡിസംബര്‍ ആഘോഷമാക്കാനൊരുങ്ങി സൗത്ത് ഇന്ത്യന്‍ സിനിമകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കൊവിഡ് കാലം ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളില്‍ ഒന്നാണ് സിനിമ മേഖല. കൊവിഡ് ഒന്ന് രണ്ട് തരംഗങ്ങള്‍ ഉയര്‍ത്തിയ ക്ഷീണം സിനിമ വ്യവസായത്തെ സംബന്ധിച്ച് മാറി വരികയാണ്.

ഡിസംബര്‍ മാസം പിറന്നതോടെ നിരവധി സിനിമകളാണ് റിലീസിനായി ഒരുങ്ങുന്നത്. ഡിസംബര്‍ ആദ്യം വാരം റിലീസ് ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഭീമന്റെ വഴി എന്നിവ മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ ഉണ്ടാക്കിയത്.

ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ഒന്നിലധികം ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. ഡിസംബറില്‍ തിയേറ്ററുകളിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലുമായി റിലീസിനൊരുങ്ങുന്ന പ്രധാന ചിത്രങ്ങള്‍ ഏതെന്ന് നോക്കാം.

ഗുഡ് ലക്ക് സഖി

കീര്‍ത്തി സുരേഷ് പ്രധാനവേഷത്തില്‍ എത്തുന്ന ഗുഡ് ലക്ക് സഖി ഒരു സ്‌പോര്‍ട്‌സ് ഡ്രാമയാണ്. നാഗേഷ് കുക്കുനൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രത്തില്‍ ആദി പിനിസെറ്റി, ജഗപതി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിസംബര്‍ 10ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

മഡ്ഡി

നവാഗത സംവിധായകനായ പ്രഗഭാല്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് മഡ്ഡി. ഓഫ്റോഡ് മോട്ടോര്‍സ്പോര്‍ട്ടായ മഡ് റേസിംഗിനെ അടിസ്ഥാനമാക്കിയുള്ളതാണ്. റിദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ഹരീഷ് പേരടി, ഐ.എം. വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഖദ, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരും ചിത്രത്തില്‍ ഉണ്ട്. ഡിസംബര്‍ 10 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പുഷ്പ

ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയാവുന്നത്. രക്ത ചന്ദന കൊള്ളക്കാരനായ പുഷ്പ രാജ് ആയിട്ടാണ് അല്ലു അര്‍ജുന്‍ ചിത്രത്തില്‍ എത്തുന്നത്. രണ്ട് ഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമായ പുഷ്പ: ദ റൈസ് ഡിസംബര്‍ 17ന് തിയേറ്ററില്‍ റിലീസ് ചെയ്യും.

മിന്നല്‍ മുരളി

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. സൂപ്പര്‍ ഹീറോ ചിത്രമായി ഒരുങ്ങുന്ന മിന്നല്‍ മുരളി ബേസില്‍ തോമസാണ് സംവിധാനം ചെയ്യുന്നത്. ഡിസംബര്‍ 24 ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് റിലീസ് ചെയ്യുന്നത്.

സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രമെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ജിഗര്‍തണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരമാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തുറമുഖം

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം ഡിസംബര്‍ 24 നാണ് റിലീസ് ചെയ്യുന്നത്. നിവിന്‍ പോളി, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, അര്‍ജുന്‍ അശോകന്‍, നിമിഷ സജയന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആര്‍. ആചാരി, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 1950 കളില്‍ കൊച്ചി തുറമുഖത്ത് അനുവര്‍ത്തിച്ചിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന പ്രതിഷേധങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ശ്യാം സിംഹ റോയ്

നാനി, സായ് പല്ലവി, കൃതി ഷെട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, പുനര്‍ജന്മത്തിന്റെ പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് ശ്യാം സിംഹ റോയ്. ഒരു എഴുത്തുകാരന്റെ വേഷത്തിലാണ് നാനി എത്തുന്നത്, ഡിസംബര്‍ 24ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

കാത്തുവാക്കുല്ലെ രണ്ട് കാതല്‍

വിജയ് സേതുപതി നയന്‍താര, സാമന്ത എന്നിവരെ പ്രധാന കഥാപാത്രമാക്കി വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാത്തുവാക്കുല്ലെ രണ്ട് കാതല്‍. ചിത്രത്തിന്റെ റിലീസ് ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും ക്രിസ്മസ് റിലീസായി ചിത്രമെത്തുമെന്നാണ് റിപ്പോര്‍ട്ട്.

777 ചാര്‍ലി

രക്ഷിത് ഷെട്ടി നായകനാവുന്ന 777 ചാര്‍ലി, ഒരു നായയും അതിന്റെ ഉടമസ്ഥനും തമ്മിലുള്ള ബന്ധമാണ് പറയുന്നത്.
സംഗീത ശൃംഗേരി, രാജ് ബി. ഷെട്ടി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബര്‍ 31ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Pushpa, Charlie 777, Minnal Murali, Thuramukham; South Indian films ready to celebrate December

We use cookies to give you the best possible experience. Learn more