ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പില്‍ പുറത്തിറങ്ങിയ ചിത്രമാണ് പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം ലോകത്താകമാനമായി 10000ത്തിലധികം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തത്. എന്നാല്‍ ആദ്യ ഷോ കഴിഞ്ഞതുമുതല്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. എന്നിരുന്നാലും ആദ്യദിനം റെക്കോഡ് കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിച്ചു. 270 കോടിയാണ് ചിത്രം വേള്‍ഡ് വൈഡായി നേടിയത്.
കേരളത്തില്‍ നിന്ന് മാത്രം 6.35 കോടി ചിത്രം സ്വന്തമാക്കി. ഈ വര്‍ഷം കേരള ബോക്‌സ് ഓഫീസിലെ ഏറ്റവുമുയര്‍ന്ന ഫസ്റ്റ് ഡേ കളക്ഷനാണ് ഇത്. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോയെ മറികടന്നാണ് പുഷ്പ ഈ വര്‍ഷത്തെ ടോപ്പറായത്. പല ബിഗ് ബജറ്റ് ചിത്രങ്ങളും ശ്രമിച്ചിട്ടും തകര്‍ക്കാന്‍ കഴിയാത്ത റെക്കോഡ് ഒരു തെലുങ്ക് ചിത്രം മറികടന്നതാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.
രജിനികാന്ത് നായകനായ വേട്ടൈയന്‍, വിജയ് ചിത്രം ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, സൂര്യയുടെ കങ്കുവ എന്നീ ചിത്രങ്ങള്‍ വന്‍ ഹൈപ്പിലും റിലീസിലും എത്തിയിട്ടും ടര്‍ബോയുടെ കളക്ഷന്‍ മറികടക്കാനായില്ല. രജിനികാന്തിന് പുറമെ ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ അണിനിരന്ന സിനിമയായിട്ടും വെറും മൂന്ന് കോടി മാത്രമാണ് വേട്ടൈയന് കേരള ബോക്‌സ് ഓഫീസില്‍ നിന്ന് നേടാന്‍ സാധിച്ചത്.
അതേസമയം 700ലധികം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിനും പ്രതീക്ഷിച്ച പ്രകടനം കേരള ബോക്‌സ് ഓഫീസില്‍ കാഴ്ചവെക്കാന്‍ സാധിച്ചില്ല. ആദ്യദിനം വെറും 5.8 കോടി നേടിയ ചിത്രം 12 കോടിയില്‍ കളക്ഷന്‍ അവസാനിപ്പിച്ചു. 19 കോടിക്ക് റൈറ്റ്‌സ് നേടിയ ചിത്രം വിതരണക്കാരന് വലിയ നഷ്ടമുണ്ടാക്കി.
ഗോട്ടിന്റെ അതേ ഹൈപ്പില്‍ പുറത്തിറങ്ങിയ കങ്കുവ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി മാറിയെങ്കിലും വിതരണക്കാരെ രക്ഷപ്പെടുത്തി. എന്നിരുന്നാലും ആദ്യദിനം നാല് കോടിക്കുമുകളില്‍ മാത്രമേ ചിത്രത്തിന് നേടാന്‍ സാധിച്ചുള്ളൂ. 600ലധികം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ആദ്യ ഷോ കഴിഞ്ഞപ്പോഴേക്ക് മോശം അഭിപ്രായമായിരുന്നു ലഭിച്ചത്.
പുഷ്പ 2വിനും മോശം റിപ്പോര്‍ട്ടുകള്‍ തന്നെയായിരുന്നു കേരളത്തിലും ലഭിച്ചത്. ആദ്യഭാഗത്തിന് സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം പുലര്‍ച്ചെ നാല് മണി മുതല്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇതൊന്നുമില്ലാതെയാണ് ടര്‍ബോ ആറ് കോടി കളക്ഷന്‍ നേടിയതെന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്.
Content Highlight: Pushpa beats Turbo movie first day collection in Kerala Box Ofiice