|

പറഞ്ഞതിലും ഒരുദിവസം മുന്നേ പുഷ്പ വരും, ഒപ്പം ഒരു വലിയ സര്‍പ്രൈസും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമ ഏറ്റവും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ആദ്യ ഭാഗം ഭാഷാതിര്‍ത്തികള്‍ കടന്ന് ട്രെന്‍ഡായി മാറിയതിന് രണ്ടാം ഭാഗത്തിന് ഹിമാലയന്‍ ഹൈപ്പാണ് നല്‍കിയിരിക്കുന്നത്. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ പുഷ്പയുടെ സ്റ്റൈല്‍ അനുകരിച്ചിരുന്നു. അല്ലു അര്‍ജുന്‍ നായകനായ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റെക്കോഡ് കളക്ഷനാണ് നേടിയത്. ചിത്രത്തിന്റ വിജയത്തോടെ തെലുങ്ക് ഇന്‍ഡസ്ട്രി കണ്ട ഏറ്റവും വലിയ ബ്രാന്‍ഡ് ഹീറോയായി അല്ലു മാറി.

രണ്ട് വര്‍ഷത്തോളം ഷൂട്ട് നീണ്ടു നിന്ന ചിത്രം ഈ വര്‍ഷം ഓഗസ്റ്റില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ ഡിസംബര്‍ ആറിന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ മുമ്പ് പറഞ്ഞതിനെക്കാള്‍ ഒരുദിവസം മുന്നേ പുഷ്പ 2 തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിരിക്കുകയാണ്. ഹൈദരാബാദില്‍ നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിലാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ അതോടൊപ്പം മറ്റൊരു വലിയ സര്‍പ്രൈസും ചിത്രത്തിലുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പുഷ്പയുടെ കഥ രണ്ടാം ഭാഗം കൊണ്ട് അവസാനിക്കില്ലെന്നും മൂന്നാം ഭാഗത്തിനുള്ള സൂചന നല്‍കിക്കൊണ്ടാകും അവസാനിക്കുകയെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പുഷ്പയുടെ കഥയിലെ മറ്റ് കഥാപാത്രങ്ങളെ വെച്ചുകൊണ്ടുള്ള ഒരു സിനിമാ ഫ്രാഞ്ചൈസിക്ക് തുടക്കം കുറിക്കുകയാണെന്നും അവര്‍ അറിയിച്ചു.

റെക്കോഡ് റിലീസുകളാണ് പുഷ്പ 2വിനായി പ്ലാന്‍ ചെയ്തിരിക്കുന്നത്. ആന്ധ്രയില്‍ 1000ത്തിലധികം സെന്ററുകളില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കര്‍ണാടകയില്‍ 800ലധികം തിയേറ്ററുകള്‍ ചിത്രം റിലീസ് ചെയ്യുമെന്ന് കര്‍ണാടകയിലെ വിതരണക്കാര്‍ അറിയിച്ചു. കെ.ജി.എഫ് 2വിനെക്കാള്‍ കൂടുതല്‍ തിയേറ്ററുകളാണ് പുഷ്പയുടെ രണ്ടാം വരവിനായി കര്‍ണാടകയില്‍ ഒരുങ്ങുന്നത്. തമിഴ്‌നാട്ടിലും ഒരു തെലുങ്ക് ചിത്രത്തിന് കിട്ടാവുന്നതില്‍ വെച്ച് റെക്കോഡ് സ്‌ക്രീനുകള്‍ ലഭിക്കുമെന്ന് വിതരണക്കാര്‍ അറിയിച്ചു.

കേരളത്തിലും പരമാവധി സ്‌ക്രീനുകളില്‍ പുഷ്പ എത്തുമെന്ന് വിതരണം ഏറ്റെടുത്ത ഇ ഫോര്‍ എന്റര്‍ടൈന്മെന്റ്‌സ് അറിയിച്ചു. എല്ലാം ഒത്തുവരികയാണെങ്കില്‍ ലിയോ കേരളത്തില്‍ നിന്ന് നേടിയ ഫസ്റ്റ് ഡേ കളക്ഷന്‍ നേടുമെന്നും അവര്‍ അറിയിച്ചു. റിലീസിന് മുന്നേ പ്രീ റിലീസ് ബിസിനസിലൂടെ 1000 കോടി നേടിയിരിക്കുകയാണ് പുഷ്പ 2. 400 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മാതാവിന് ഇരട്ടിലാഭം ഇപ്പോഴേ ലഭിച്ചിരിക്കുകയാണ്.

Content Highlight: Pushpa 2 will release one day early than announced

Latest Stories