| Sunday, 17th November 2024, 6:41 pm

പുഷ്പ ഇത്തവണ ഫയറല്ല... വൈല്‍ഡ് ഫയറാണ്... പ്രതീക്ഷ ഇരട്ടിപ്പിച്ച് ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത് 2021ല്‍ റിലീസ് ചെയ്ത പുഷ്പയുടെ തുടര്‍ച്ചയാണ് ഈ ചിത്രം. ആദ്യഭാഗം നേടിയ റെക്കോഡ് കളക്ഷനും അതിലുപരി പുഷ്പ എന്ന കഥാപാത്രത്തിന് ലഭിച്ച റീച്ചുമാണ് രണ്ടാം ഭാഗത്തിന്റെ ഹൈപ്പിനുള്ള പ്രധാന കാരണം. പലതവണ സ്‌ക്രിപ്റ്റ് മാറ്റുകയും ഷെഡ്യൂളുകള്‍ നിര്‍ത്തിവെക്കുകയും ചെയ്ത ചിത്രം ഈ വര്‍ഷം ഓഗസ്റ്റ് 15ന് റിലീസ് ചെയ്യാനായിരുന്നു പ്ലാന്‍.

എന്നാല്‍ ഷൂട്ട് നീണ്ടുപോയതിനാല്‍ ഡിസംബറിലേക്ക് റിലീസ് മാറ്റുകയായിരുന്നു. ഇപ്പോഴിതാ പുഷ്പ 2വിന്റെ ട്രെയ്‌ലര്‍ റിലീസായിരിക്കുകയാണ്. ആദ്യഭാഗത്തെക്കാള്‍ വലിയ ബജറ്റും ഗ്രാന്‍ഡ് മേക്കിങ്ങുമായാണ് പുഷ്പ 2 പ്രേക്ഷകരിലേക്കെത്തുന്നത്. ആദ്യ ഭാഗത്തില്‍ ആന്ധ്രയില്‍ മാത്രം നിറഞ്ഞുനിന്ന പുഷ്പയുടെ ബിസിനസ് ഇത്തവണ ഇന്റര്‍നാഷണല്‍ ലെവലിലേക്ക് മാറിയത് ട്രെയ്‌ലറില്‍ കാണാന്‍ സാധിക്കും.

പുഷ്പയുടെ എതിരാളിയായി ഏറ്റവുമൊടുവില്‍ രംഗപ്രേവശം ചെയ്ത ഭന്‍വര്‍ സിങ് ഷെഖാവത് ഈ ഭാഗത്തില്‍ പുഷ്പക്ക് തലവേദനയാകുമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ആദ്യഭാഗത്തെക്കാള്‍ വലിയ വില്ലനിസം ഫഹദില്‍ നിന്ന് കാണാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ട്രെയ്‌ലറില്‍ ഫഹദിന്റെ ഭാഗങ്ങള്‍ നല്‍കുന്ന ഇംപാക്ട് വളരെ വലുതാണ്.

റിലീസിന് മുന്നേ തന്നെ 1000 കോടിയാണ് പുഷ്പ 2 സ്വന്തമാക്കിയത്. ആന്ധ്ര- തെലങ്കാന, തമിഴ്‌നാട്, കേരള, കര്‍ണാടക, നോര്‍ത്ത് ഇന്ത്യ, ഓവര്‍സീസ് എന്നിവിടങ്ങളിലെ തിയേറ്റര്‍ റൈറ്റ്‌സ് 600 കോടിക്കാണ് വിറ്റുപോയത്. സാറ്റ്‌ലൈറ്റ് റൈറ്റസ് (85കോടി), ഒ.ടി.ടി റൈറ്റസ് (275 കോടി), മ്യൂസിക് റൈറ്റസ് 65 കോടി എന്നിങ്ങനെയാണ് പുഷ്പയുടെ പ്രീ റിലീസ് ബിസിനസ്സ്. തിയേറ്റര്‍ കളക്ഷനില്‍ നിന്ന് 1500 കോടിയാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്ക് പുറമെ രശ്മിക മന്ദാന, റാവു രമേശ്, സുനില്‍, അനസൂയ ഭരദ്വാജ്, ധനഞ്ജയ് തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ ഒരു ഗനരംഗത്തില്‍ സമന്തയും തെലുങ്കിലെ നിലവിലെ സെന്‍സേഷനായ ശ്രീലീലയും ഭാഗമാകുന്നുണ്ട്. ആദ്യഭാഗത്തില്‍ സംഗീതം നല്‍കിയ ദേവി ശ്രീ പ്രസാദ് ഇത്തവണ പാട്ടുകള്‍ മാത്രമാണ് ഒരുക്കിയിരിക്കുന്നത്. എസ്. തമന്‍, അജനേഷ് ലോകനാഥ്, സാം സി.എസ്. എന്നിവര്‍ ചേര്‍ന്നാണ് ബി.ജി.എം ഒരുക്കുന്നത്.

തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകള്‍ക്ക് പുറമെ ബംഗാളിയിലും പുഷ്പ 2 പ്രദര്‍ശനത്തിനെത്തും. 400 കോടി ബജറ്റില്‍ മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഡിസംബര്‍ അഞ്ചിന് പുഷ്പ 2 തിയേറ്ററുകളിലെത്തും.

Content Highlight: Pushpa 2 trailer out now

We use cookies to give you the best possible experience. Learn more