| Thursday, 5th December 2024, 3:26 pm

താഴണ്ട... ഇനിയെങ്കിലും ഇതൊന്ന് തീര്‍ത്താല്‍ മതി

അമര്‍നാഥ് എം.

മാസ് മസാല സിനിമകളുടെ യാതൊരു ക്ലീഷേയും പിന്തുടരാത്ത സംവിധായകനായിരുന്നു സുകുമാര്‍. പുഷ്പയുടെ ഒന്നാം ഭാഗത്തോടെ തനിക്കും മാസ് മസാല സിനിമ വഴങ്ങുമെന്ന് തെളിയിച്ചു. വളരെ വീക്കായ തിരക്കഥയില്‍ നായകന്റെ വണ്‍മാന്‍ ഷോ കൊണ്ട് മാത്രം രക്ഷപ്പെട്ടുപോയ സിനിമയായിരുന്നു പുഷ്പ ദ റൈസ്.

രണ്ട് വ്യക്തികളുടെ ഈഗോ ക്ലാഷ് കാണിച്ച നിര്‍ത്തിയ സിനിമക്ക് രണ്ടാം ഭാഗം ചെയ്യുമ്പോള്‍ ആ ഒരു കാര്യം സുകുമാര്‍ പാടേ മറന്നുപോയെന്നാണ് തോന്നിയത്. ആദ്യഭാഗത്തിലെക്കാള്‍ പവര്‍ കൈയിലുള്ള നായകന്‍ അതൊക്കെ എങ്ങനെ ഉപയോഗിക്കുന്നു എന്ന് മാത്രമേ രണ്ടാം ഭാഗത്തില്‍ കാണിക്കുന്നുള്ളൂ. അതില്‍ ഇടയ്ക്കിടെ നായകന് അപമാനിച്ചു വിടാനുള്ള ടൂള്‍ മാത്രമായിരുന്നു പ്രധാന വില്ലന്‍.

മൂന്നേകാല്‍ മണിക്കുറിലധികം ദൈര്‍ഘ്യമുള്ള സിനിമ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കെട്ടുപൊട്ടിയ പട്ടം പോലെയായി. അതിഗംഭീര ഇന്റര്‍വല്‍ പഞ്ചും അതിന്റെ മുകളില്‍ നില്‍ക്കുന്ന രണ്ടാം പകുതിയുടെ തുടക്കവും കണ്ടപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച മാസ് സിനിമയാകും എന്നുവരെ തോന്നിപ്പോയി.

എന്നാല്‍ അവസാനത്തെ 45 മിനിറ്റ് അതുവരെ ടോപ് ഗിയറില്‍ പോയിക്കൊണ്ടിരുന്ന സിനിമയുടെ എഞ്ചിന്‍ കട്ടപ്പുറത്ത് ആക്കിയതുപോലെ തോന്നി. ഇന്ത്യന്‍ സിനിമാലോകം വലിയ ഹൈപ്പില്‍ കാത്തുനില്‍ക്കുന്ന ഒരു സിനിമക്ക് ഇതുപോലെ ഒരു ക്ലൈമാക്‌സ് എഴുതിവെക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് എങ്ങനെ തോന്നി എന്നാണ് ചോദിക്കേണ്ടത്. ഒടുവില്‍ മൂന്നാം ഭാഗത്തിനുള്ള ടെയില്‍ എന്‍ഡ് കൂടെ കണ്ടപ്പോള്‍ ഇതിന് അന്ത്യമില്ലേ എന്ന് സ്വയം ചോദിച്ചു.

ഇമോഷണല്‍ സീനുകളിലൊഴികെ ബാക്കി എല്ലാ സീനിലും അല്ലു അര്‍ജുന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. ഫൈറ്റ് സീനുകളിലെ ഫ്‌ളെക്‌സിബിലിറ്റിയായാലും കഥാപാത്രത്തിന്റെ സ്വാഗ് ആയാലും ആദ്യാവസാനം അല്ലുവില്‍ ഭദ്രമായിരുന്നു. എന്നാല്‍ ഇമോഷണല്‍ സീനുകളില്‍ അല്ലുവിന്റെ പ്രകടനം തിയേറ്ററുകളില്‍ ചിരി പടര്‍ത്തി.

ഒരു അന്യഭാഷാനടനെ, അതും ഫഹദിനെപ്പോലെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു നടനെ എങ്ങനെ ഉപയോഗിക്കരുത് എന്നതിന്റെ ഉദാഹരമാണ് ഈ സിനിമയിലെ ഭന്‍വര്‍ സിങ് ഷെഖാവത്. ആദ്യഭാഗത്തില്‍ ഗംഭീര വില്ലനിസം കാണിച്ച ഫഹദിന്റെ കഥാപാത്രം രണ്ടാം ഭാഗത്തില്‍ വെറും കോമാളിയായി മാറി. വളരെ ദുര്‍ബലമായ ക്യാരക്ടറൈസേഷനായി ഫഹദിന്റെ കഥാപാത്രത്തെ തോന്നി. ആ കഥാപാത്രത്തിന് കൊടുത്ത എന്‍ഡിങ് ഒക്കെ കാണുമ്പോള്‍ സംവിധായകനോട് സഹതാപം തോന്നിപ്പോവും.

ആദ്യഭാഗത്തിലെ ഏറ്റവും വലിയ കല്ലുകടിയായി പലരും അഭിപ്രായപ്പെട്ട രശ്മിക ഇതിലും അതേ ഫോം നിലനിര്‍ത്തി എന്നേ പറയാനുള്ളൂ. ഇടയ്ക്ക് ഒരു ഡയലോഗിന് കൈയടി കിട്ടിയത് മാറ്റിനിര്‍ത്തിയാല്‍ ബാക്കി സീനുകളില്‍ വെറുപ്പിച്ചു. മറ്റ് ഭാഷകളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കൊടുക്കുന്ന പ്രാധാന്യം കണ്ടിട്ട് അതിന്റെ പകുതിയെങ്കിലും സ്വന്തം സിനിമകളില്‍ കൊടുക്കാന്‍ സംവിധായകന്‍ ശ്രദ്ധിക്കേണ്ടതാണ്.

അജയ്, റാവു രമേഷ്, ജഗപതി ബാബു, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരുടെ കഥാപാത്രങ്ങള്‍ മികച്ചതായിരുന്നു. എന്നാല്‍ സിനിമയുടെ ആകെത്തുകയില്‍ അവരുടെ പ്രകടനം ഒരു ഇംപാക്ടും ഉണ്ടാക്കിയില്ല.

കങ്കുവയില് പാട്ടുകളുടെ പേരില്‍ ഒരുപാട് വിമര്‍ശനം കേട്ട ദേവി ശ്രീ പ്രസാദ് പുഷ്പ 2വില്‍ അതിനുളള അവസരം നല്‍കാത്തത് ആശ്വാസമായി തോന്നി. എന്നാല്‍ പാട്ടുകളും സിനിമയുമായി സിങ്ക് കിട്ടാത്തത് എടുത്തുപറയേണ്ട കാര്യമാണ്. ഡി.എസ്.പിക്ക് പുറമെ സാം സി.എസ്, അജനേഷ് ലോകനാഥ് എന്നിവര്‍ നല്‍കിയ ബി.ജി.എമ്മും സിനിമയെ കുറച്ചെങ്കിലും രക്ഷിച്ചു.

പീറ്റര്‍ ഹെയ്ന്‍, കേച്ച, ഡ്രാഗണ്‍ പ്രകാശ്, നവകാന്ത് എന്നിവര്‍ അണിയിച്ചൊരുക്കിയ സംഘട്ടനങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. അതില്‍ ജാതര ഫൈറ്റ് തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി മാറ്റി. ആദ്യഭാഗത്തിലെ ആവര്‍ത്തനമായിരുന്നെങ്കിലും ക്ലൈമാക്‌സ് ഫൈറ്റും ബോറഡിയില്ലാതെ കണ്ടുതീര്‍ത്തു. ആദ്യഭാഗത്തിന് മുകളില്‍ നില്‍ക്കുന്ന സിനിമയാക്കാന്‍ ശ്രമിച്ചിട്ട് നടക്കാതെ പോയ ശ്രമമായി പുഷ്പ 2 മാറി.

വൈല്‍ഡ് ഫയര്‍ എന്ന ബില്‍ഡപ്പ് കൊടുത്ത് ഒരുപരിധി വരെ ആ തീ ആളിക്കത്തിക്കുകയും ഏറ്റവും അവസാനം അതിലേക്ക് വെള്ളമൊഴിച്ച് കെടുത്തുകയും ചെയ്തത് പോലെയായി സിനിമ. കെ.ജി.എഫ്. 2വിന് മേലെ വരാന്‍ വേണ്ടി തിരുത്തിയെഴുതിയ സ്‌ക്രിപ്റ്റ് ആദ്യഭാഗത്തിന്റ വില കൂടി കളഞ്ഞു. താഴത്തില്ലടാ എന്ന് പറഞ്ഞ് സിനിമ തീരുമ്പോള്‍ ഇതൊന്ന് തീര്‍ത്താല്‍ മതി എന്ന് സ്വയം ചോദിച്ചുപോയി.

Content Highlight: Pushpa 2 The Rule movie review

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more