|

ചിലങ്കയണിഞ്ഞ് പുഷ്പ; ടീസര്‍ ഡേറ്റ് പുറത്തുവിട്ട് സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് പുഷ്പ 2. അല്ലു അര്‍ജുന്‍- സുകുമാര്‍ കോമ്പോയില്‍ 2021ല്‍ റിലീസായ പുഷ്പയുടെ ആദ്യഭാഗം റെക്കോഡ് കളക്ഷനായിരുന്നു നേടിയിരുന്നത്. ഇതുവരെ കാണാത്ത റോ ലുക്കില്‍ അല്ലു അര്‍ജുന്‍ എത്തിയ ചിത്രം നോര്‍ത്ത് ഇന്ത്യയിലും റെക്കോഡ് കളക്ഷനായിരുന്നു നേടിയത്. ചന്ദനക്കടത്തുകാരന്‍ പുഷ്പരാജായി കരിയര്‍ ബെസ്റ്റ് പ്രകടനമാണ് അല്ലു പുറത്തെടുത്തത്.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. അല്ലുവിന്റെ പിറന്നാള്‍ ദിനമായ ഏപ്രില്‍ എട്ടിനാണ് ടീസര്‍ റിലീസാവുക. സംവിധായകന്‍ സുകുമാറാണ് തന്റെ സോഷ്യല്‍ മീഡിയാ പേജുകളിലൂടെ ഇക്കാര്യം അറിയിച്ചത്.

രണ്ടാം ഭാഗത്തിന്റെ ഗ്ലിമ്പ്‌സ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിരുന്നു. യൂട്യൂബിലെ സകല റെക്കോഡും അന്ന് ഗ്ലിമ്പ്‌സ് വീഡിയോ നേടിയിരുന്നു. രണ്ടാം ഭാഗത്തിന്റെ ടീസറും സകല റെക്കോഡും തകര്‍ത്തെറിയുമെന്നാണ് ആരാധകര്‍ കരുതുന്നത്.

വെറുമൊരു കൂലിപ്പണിക്കാരനില്‍ നിന്ന് ചന്ദനമാഫിയയുടെ സിന്‍ഡിക്കേറ്റ് തലവനായി മാറുന്ന പുഷ്പരാജിന്റെ കഥയാണ് ആദ്യഭാഗത്തില്‍ പറഞ്ഞത്. ആരെക്കൊണ്ടും തൊടാന്‍ കഴിയാത്ത പുഷ്പയെ എതിരിടാന്‍ ഭന്‍വര്‍ സിങ് ഷെഖാവത്ത് എന്ന പൊലീസുദ്യോഗസ്ഥന്‍ എത്തുന്നതും ഇരുവര്‍ക്കുമിടയില് പുതിയൊരു യുദ്ധം ഉടലെടുക്കുന്നിടത്തുമാണ് ഒന്നാം ഭാഗം അവസാനിക്കുന്നത്. ഫഹദ് ഫാസിലാണ് ഭന്‍വര്‍ സിങ്ങിനെ അവതരിപ്പിച്ചത്. ഓഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Pushpa 2 teaser date out

Video Stories