|

റോക്കിയെ വീഴ്ത്തി, പക്ഷേ ബാഹുബലിയെ മറികടക്കാന്‍ പുഷ്പ ഇനിയും ഒരുപാട് മുന്നോട്ട് പോകണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ ഓരോന്നായി തകര്‍ത്ത് മുന്നേറുകയാണ് പുഷ്പ 2. ആദ്യഭാഗം സെന്‍സേഷനല്‍ ഹിറ്റായതിനാല്‍ രണ്ടാം ഭാഗത്തിനായി സിനിമാപ്രേമികള്‍ വലിയ കാത്തിരിപ്പായിരുന്നു നടത്തിയത്. സിനിമാചരിത്രത്തിലെ പ്രീ സെയില്‍ റെക്കോഡുകളെല്ലാം തകര്‍ത്ത ചിത്രം ആദ്യ ദിനം മുതല്‍ റെക്കോഡ് കളക്ഷനായിരുന്നു നേടിയത്.

ഹിന്ദിയില്‍ ഈ വര്‍ഷം സ്ത്രീ 2 നേടിയ കളക്ഷന്‍ റെക്കോഡ് വെറും 14 ദിവസം കൊണ്ട് മറികടന്ന് പുതിയ ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറാനും പുഷ്പ 2വിന് സാധിച്ചു. സ്ത്രീ 2 നേടിയ 627 കോടി കളക്ഷന്‍ മറികടന്നാണ് ഹിന്ദി ബെല്‍റ്റില്‍ പുഷ്പ തന്റെ സിംഹാസനം സ്വന്തമാക്കിയത്. എന്നാല്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ വലിയ ചലനം ഉണ്ടാക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടില്ല.

ഇപ്പോഴിതാ മറ്റൊരു റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ബുക്ക് മൈ ഷോയില്‍ ഏറ്റവുമധികം ടിക്കറ്റ് വിറ്റഴിക്കപ്പെട്ട ഇന്ത്യന്‍ ചിത്രം എന്ന റെക്കോഡാണ് പുഷ്പ തന്റെ പേരിലെഴുതി ചേര്‍ത്തത്. 18 മില്യണ്‍ ടിക്കറ്റുകളാണ് പുഷ്പ 2 വിറ്റഴിച്ചത്. കന്നഡ ചിത്രം കെ.ജി.എഫ് 2വിനെ മറികടന്നാണ് പുഷ്പ ബുക്ക്‌മൈഷോ ഭരിക്കുന്നത്.

എന്നാല്‍ ഏറ്റവുമധികം ഫുട്ഫാള്‍സ് നേടിയ (ടിക്കറ്റ് വിറ്റഴിക്കപ്പെട്ട) ഇന്ത്യന്‍ ചിത്രം എന്ന നേട്ടം ഇപ്പോഴും ബാഹുബലി 2വിന്റെ പേരില്‍ തന്നെയാണ്. ഓണ്‍ലൈന്‍ ബുക്കിങ് അത്രക്ക് വളരാത്ത കാലത്ത് 10 കോടി ടിക്കറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. ഈ നേട്ടത്തിലേക്ക് പുഷ്പ 2 എത്തുമോ എന്നത് സംശയമാണെന്നാണ് സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നത്.

റിലീസ് ചെയ്ത് 20ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ 1500 കോടിക്കുമുകളില്‍ ചിത്രം കളക്ട് ചെയ്തുകഴിഞ്ഞു. ഏറ്റവും വേഗത്തില്‍ 500, 1000 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി മാറാനും പുഷ്പക്ക് സാധിച്ചു. ക്രിസ്മസ് റിലീസുകളായി പല വമ്പന്‍ ചിത്രങ്ങളും വന്നത് പുഷ്പയുടെ കളക്ഷനെ സാരമായി ബാധിച്ചിട്ടുണ്ട്. അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ട 2000 കോടിയിലേക്ക് ചിത്രം എത്തുമോ എന്നത് കണ്ടറിയേണ്ടതാണ്.

മൂന്നാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്. എന്നാല്‍ അഞ്ച് വര്‍ഷത്തിന് മേലെ പുഷ്പക്കായി മാറ്റിവെച്ച അല്ലു അടുത്തിടെയൊന്നും മൂന്നാം ഭാഗം ചെയ്യാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്. തെലുങ്കിലെ ഹിറ്റ്‌മേക്കറായ ത്രിവിക്രവുമായാണ് അല്ലു അര്‍ജുന്‍ അടുത്തതായി കൈകോര്‍ക്കുക. ചിത്രത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാന്‍ സാധിക്കും.

Content Highlight: Pushpa 2 sold 18 million tickets in Bookmyshow by beating KGF chapter 2

Latest Stories