| Thursday, 8th August 2024, 9:06 pm

ലുങ്കിയുടുത്ത് കയ്യില്‍ കോടാലിയും തോക്കുമായി രംഗണ്ണന്‍; ഇനി ഭന്‍വാര്‍ സിങ്ങാകാന്‍ ഫഹദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകര്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനും ഗ്ലിംപ്‌സിനും സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്പാണ് ലഭിച്ചത്. 2021ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒന്നാം ഭാഗം ഗംഭീരവിജയമായി മാറിയിരുന്നു.

സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുനില്‍ നിന്ന് ഐക്കണ്‍ സ്റ്റാറിലേക്കുള്ള മാറ്റമായിരുന്നു പുഷ്പയിലെ പ്രകടനം. ഇതുവരെ കാണാത്ത റോ ലുക്കിലായിരുന്നു അല്ലു പുഷ്പയില്‍ വന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗം ബോക്‌സ് ഓഫീസില്‍ റെക്കോഡ് കളക്ഷനാണ് നേടിയത്. രണ്ടാം ഭാഗത്തിന് സൂചനയിട്ടുകൊണ്ടാണ് പുഷ്പയുടെ ഒന്നാം ഭാഗം അവസാനിച്ചത്.

ഫഹദ് ഫാസിലായിരുന്നു ആദ്യ ഭാഗത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. പുഷ്പ എന്ന സിന്‍ഡിക്കേറ്റ് തലവനെ നേരിടാനെത്തിയ ഭന്‍വാര്‍ സിങ് ഷെഖാവത്ത് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് ചിത്രത്തില്‍ എത്തിയത്. 10 മിനിറ്റ് മാത്രം സ്‌ക്രീന്‍ടൈം കൊണ്ട് ഗംഭീര കൈയടിയാണ് ഫഹദ് നേടിയത്. ഇരുവരും തമ്മിലുള്ള വലിയ പോരാട്ടത്തിന് തുടക്കമിട്ടുകൊണ്ടായിരുന്നു ഒന്നാം ഭാഗം അവസാനിച്ചത്.

ഇപ്പോള്‍ രണ്ടാം ഭാഗത്തിലെ ഫഹദ് ഫാസിലിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ലുങ്കിയുടുത്ത് ഒരു കയ്യില്‍ കോടാലിയും മറുകയ്യില്‍ ചൂണ്ടിയ തോക്കുമായി നില്‍ക്കുന്ന ഫഹദിന്റെ പോസ്റ്ററാണ് പുതിയതായി പുറത്ത് വിട്ടത്. ഫഹദ് ഫാസിലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ പോസ്റ്റര്‍ പങ്കുവെച്ചത്.

അതേസമയം റിലീസിന് മുമ്പ് തന്നെ പുഷ്പ 2വിന്റെ റൈറ്റ്സ് റെക്കോഡ് തുകക്കാണ് വിറ്റുപോയത്. നോര്‍ത്ത് ഇന്ത്യന്‍ റിലീസ് റൈറ്റ്സ് 200 കോടിക്കാണ് വിറ്റത്. ബോളിവുഡിലെ വമ്പന്‍ വിതരണക്കാരായ എ.എ ഫിലിംസാണ് നോര്‍ത്ത് ഇന്ത്യന്‍ റൈറ്റ്സ് നേടിയത്. 250 കോടിക്ക് നെറ്റ്ഫ്ളിക്സിന് ഒ.ടി.ടി റൈറ്റ്സ് വിറ്റുപോയതും റെക്കോഡാണ്. മറ്റ് സംസ്ഥാനങ്ങളിലെ റിലീസ് റൈറ്റ്സും, സാറ്റ്‌ലൈറ്റ് റൈറ്റ്സും ചേരുമ്പോള്‍ റിലീസിന് മുമ്പ് തന്നെ ഏകദേശം 700 കോടിയോളം ചിത്രം നേടുമെന്നാണ് കണക്കുകൂട്ടല്‍.

അനസൂയ ഭരദ്വാജ്, സുനില്‍, ബ്രഹ്‌മാജി, രശ്മിക മന്ദാന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം. മിറേസ്ലോ കൂബെ ബ്രസോക് ഛായാഗ്രഹണവും, റൂബന്‍, കാര്‍ത്തിക ശ്രീനിവാസ് എന്നിവര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Pushpa 2 Fahadh Faasil’s Poster Out Now

We use cookies to give you the best possible experience. Learn more