ഇന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത് 2021ല്‍ റിലീസായ പുഷ്പയുടെ രണ്ടാം ഭാഗമാണിത്. ഇന്ത്യ മുഴുവന്‍ തരംഗമായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വര്‍ഷം ഓഗസ്റ്റില്‍ റിലീസാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഷൂട്ട് പൂര്‍ത്തിയാകാത്തതിനാല്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ പുഷ്പയുടെ ട്രെന്‍ഡില്‍ ഭാഗമായിരുന്നു.
ഇപ്പോഴിതാ പുഷ്പ 2 പ്രീ റിലീസ് ബിസിനസിലൂടെ മാത്രം 1000 കോടി നേടിയിരിക്കുന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. തിയേറ്റര്‍ റൈറ്റ്‌സ്, മ്യൂസിക് റൈറ്റ്‌സ്, ഡിജിറ്റല്‍ റൈറ്റ്‌സ്, ഒ.ടി.ടി റൈറ്റ്‌സ് എന്നിവയിലൂടെയാണ് ചിത്രം ഇത്രയും വലിയ ബിസിനസ് നേടിയിരിക്കുന്നത്. ഒരു തെലുങ്ക് ചിത്രത്തിന് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ബിസിനസാണ് തിയേറ്റര്‍ റൈറ്റ്‌സിലൂടെ പുഷ്പ 2 നേടിയത്. നോര്‍ത്ത് ഇന്ത്യന്‍ റൈറ്റ്‌സ് മാത്രം 200 കോടിയാണ് നേടിയത്.
ആന്ധ്ര, തെലങ്കാന റൈറ്റ്‌സ് 220 കോടിക്കും, തമിഴ്‌നാട്ടില്‍ 50 കോടിക്കും, കര്‍ണാടകയില്‍ 30 കോടിക്കും, കേരളത്തില്‍ 20 കോടിക്കുമാണ് തിയേറ്റര്‍ റൈറ്റ്‌സ് വിറ്റുപോയത്. 400 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം തിയേറ്റര്‍ റൈറ്റ്‌സിലൂടെ മാത്രം ബജറ്റ് തിരിച്ചുപിടിച്ചിരിക്കുകയാണ്. 275 കോടിയെന്ന റെക്കോഡ് തുകക്കാണ് നെറ്റ്ഫ്‌ളിക്‌സ് പുഷ്പ 2വിന്റെ ഒ.ടി.ടി റൈറ്റ്‌സ് ഏറ്റെടുത്തത്. ഒരു ഇന്ത്യന്‍ സിനിമക്കായി നെറ്റ്ഫ്‌ളിക്‌സ് ചെലവാക്കുന്ന ഏറ്റവും വലിയ തുകയാണിത്.
65 കോടിക്കാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് വിറ്റുപോയത്. ടി സീരീസിനാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ്. സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് 85 കോടിക്ക് വിറ്റുപോയതോടുകൂടി പ്രീ റിലീസ് ബിസിനസിലൂടെ മാത്രം 1065 കോടിയാണ് പുഷ്പ നേടിയത്. അല്ലു അര്‍ജുന്‍ എന്ന നടന്റെ ബ്രാന്‍ഡ് വാല്യുവാണ് ഇതിലൂടെ കാണാന്‍ സാധിക്കുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വേട്ട തന്നെ നടത്തുമെന്നാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്.
പുഷ്പ എന്ന ചന്ദനക്കടത്തുകാരനായി അല്ലു അര്‍ജുന്‍ എത്തുമ്പോള്‍ വില്ലനായ ഭന്‍വര്‍ സിങ് ഷെഖാവത്തിനെ അവതരിപ്പിക്കുന്നത് മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ദേവി ശ്രീ പ്രസാദ് സംഗീതം നല്‍കുന്ന ചിത്രം നിര്‍മിക്കുന്നത് മൈത്രി മൂവീ മേക്കേഴ്‌സാണ്. ഡിസംബര്‍ ആറിന് ചിത്രം തിയേറ്ററുകളിലെത്തും. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകള്‍ക്ക് പുറമെ ബംഗാളി ഭാഷയിലും ചിത്രം റിലീസ് ചെയ്യും.
Content Highlight: Pushpa 2 earned 1000 crores through Pre Release business