അടിച്ച അടിയില്‍ വീണത് രാജമൗലിയും കിങ് ഖാനും, റിലീസിന് മുന്നേ പുഷ്പയുടെ വേട്ട ആരംഭിച്ചു
Film News
അടിച്ച അടിയില്‍ വീണത് രാജമൗലിയും കിങ് ഖാനും, റിലീസിന് മുന്നേ പുഷ്പയുടെ വേട്ട ആരംഭിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th April 2024, 7:35 pm

ആരാധകര്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനും ഗ്ലിംപ്‌സിനും സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്പാണ് ലഭിച്ചത്. 2021ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒന്നാം ഭാഗം ബോക്‌സ് ഓഫീസില്‍ റെക്കോഡ് കളക്ഷനാണ് നേടിയത്.

എന്നാല്‍ രണ്ടാം ഭാഗം റിലീസാകാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ പ്രീ റിലീസ് ബിസിനസിലൂടെ റെക്കോഡിട്ടിരിക്കുകയാണ് പുഷ്പ 2. ചിത്രത്തിന്റ നോര്‍ത്ത് ഇന്ത്യന്‍ റൈറ്റ്‌സ് റെക്കോഡ് തുകക്കാണ് വിറ്റുപോയത്. ബോളിവുഡിലെ പ്രശസ്ത വിതരണക്കമ്പനിയായ എ.എ ഫിലിംസാണ് റിലീസ് റൈറ്റസ് വാങ്ങിയത്. 200 കോടിയാണ് റിലീസ് റൈറ്റ്‌സ്.

തെലുങ്കിന്റെ ബ്രാന്‍ഡ് സംവിധായകനായ രാജമൗലി ചിത്രം ആര്‍.ആര്‍.ആറിന്റെയും ബോളിവുഡ് ബാദ്ഷാ ഷാരൂഖിന്റെ ജവാന്റെയും തിയേറ്റര്‍ റൈറ്റ്‌സിനെയും ഇതോടെ പുഷ്പ മറികടന്നു. 160 കോടിയാണ് ആര്‍.ആര്‍.ആറിന്റെ റൈറ്റ്‌സ്. ജവാന്റേത് 175 കോടിയും. ബ്രാന്‍ഡ് സംവിധായകരില്ലാതെ വെറും ഒരൊറ്റ ഹിന്ദി ഡബ്ബ് മാത്രം നോര്‍ത്തില്‍ തിയേറ്റര്‍ റിലീസായ അല്ലുവിന്റെ ബ്രാന്‍ഡ് വാല്യുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

അല്ലുവിന്റെ തെലുങ്ക് സിനിമകള്‍ ഡബ്ബ് ചെയ്തത് ഹിന്ദി ചാനലുകളിലും യൂട്യൂബിലും മാത്രമായിരുന്നു പ്രദര്‍ശിപ്പിച്ചത്. പുഷ്പ മാത്രമായിരുന്നു അല്ലുവിന്റെ പ്രോപ്പര്‍ ഹിന്ദി റിലീസ്. ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടിയയിലധികം കളക്ട് ചെയ്തു.

ചിത്രത്തിലെ അല്ലുവിന്റെ പ്രശസ്തമായ ‘തെഗ്ഗെദലേ’ (ഹിന്ദിയില്‍ ജൂഖൂംഗാ നഹി) എന്ന ഡയലോഗും അതിന്റെ ആക്ഷനും സെന്‍സേഷനായിരുന്നു. സിനിമാ, രാഷ്ട്രീയ, ക്രിക്കറ്റ് മേഖലയിലുള്ള പലരും ഈ മാനറിസം അനുകരിച്ചതും വാര്‍ത്തയായിരുന്നു. രണ്ടാം ഭാഗം നോര്‍ത്ത് ഇന്ത്യയില്‍ തരംഗമാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്.

Content Highlight: Pushpa 2 beats the rights of RRR and Jawan in North India