| Sunday, 1st December 2024, 4:13 pm

ഫസ്റ്റ് ഡേ 300 കോടിയിലൊന്നും നില്‍ക്കുമെന്ന് തോന്നുന്നില്ല, ബോക്‌സ് ഓഫീസിലെ ഒന്നാം നമ്പര്‍ ബ്രാന്‍ഡാകാന്‍ പുഷ്പ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. അല്ലുവിനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് മുമ്പ് തന്നെ പല റെക്കോഡുകളും തകര്‍ത്തിരിക്കുകയാണ്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കുന്നതായിരുന്നു. ആദ്യഭാഗത്തിനെക്കാള്‍ ഇരട്ടി ബജറ്റിലാണ് പുഷ്പ 2 ഒരുങ്ങിയത്. റിലീസിന് മുമ്പ് ബിസിനസ്സിലൂടെ മാത്രം 1000 കോടിയിലധികം ചിത്രം നേടിയത് വലിയ വാര്‍ത്തയായിരുന്നു.

ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. ബുക്കിങ് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ വലിയ ചലനമാണ് പുഷ്പ സൃഷ്ടിച്ചത്. 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 30 കോടിയോളം ചിത്രം നേടിയിട്ടുണ്ട്. റിലീസിന് നാല് ദിവസം ഇനിയും ബാക്കി നില്‍ക്കെ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ വന്‍ കളക്ഷനാണ് പ്രതീക്ഷിക്കുന്നത്. ആദ്യദിനം തന്നെ ചിത്രം 200 കോടി നേടുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആറാണ് ഏറ്റവുമുയര്‍ന്ന ഫസ്റ്റ് ഡേ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം. 230 കോടിയാണ് ചിത്രം നേടിയത്. രാജമൗലിയുടെ തന്നെ ബാബുബലി 2വാണ് ലിസ്റ്റിലെ രണ്ടാമന്‍. കെ.ജി.എഫ് 2, സലാര്‍, ലിയോ തുടങ്ങിയ ചിത്രങ്ങള്‍ ലിസ്റ്റില്‍ മുന്‍പന്തിയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതിനെയെല്ലാം മറികടന്ന് പുഷ്പ ഒന്നാം സ്ഥാനത്തേക്കെത്തുമോ എന്നറിയാനാണ് പലരും കാത്തിരിക്കുന്നത്.

ചിത്രത്തിന് ഏറ്റവും വലിയ കളക്ഷന്‍ പ്രതീക്ഷിക്കുന്നത് നോര്‍ത്ത് ഇന്ത്യയില്‍ നിന്നാണ്. വലിയ പ്രൊമോഷനൊന്നുമില്ലാതെ റിലീസായ ആദ്യ ഭാഗത്തിന്റെ ഹിന്ദി വേര്‍ഷന്‍ 130 കോടിയോളമാണ് കളക്ട് ചെയ്തത്. 200 കോടി രൂപയ്ക്കാണ് നോര്‍ത്ത് ഇന്ത്യന്‍ റൈറ്റ്‌സ് വിറ്റുപോയത്. 1000ത്തിന് മുകളില്‍ തിയേറ്ററുകളിലാകും ഹിന്ദി വേര്‍ഷന്‍ റിലീസ് ചെയ്യുക.

തിയേറ്ററുകളില്‍ നിന്ന് മാത്രം 1300 കോടിയോളം നേടിയാല്‍ മാത്രമേ ചിത്രത്തിന്റ വിതരണക്കാര്‍ക്ക് ലാഭമാവുകയുള്ളൂ. ഈ വര്‍ഷത്തെ ഏറ്റവും വലിയ റിലീസിന് ഒരുങ്ങുന്ന പുഷ്പ 2 ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ സകല റെക്കോഡുകളും കടപുഴക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. അല്ലു അര്‍ജുന്‍ എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റായി പുഷ്പ 2 മാറുമെന്നാണ് പലരും കരുതുന്നത്.

അല്ലുവിന് പുറമെ ഫഹദ് ഫാസില്‍, രശ്മിക മന്ദാന, സുനില്‍, റാവു രമേശ്, അനസൂയ ഭരദ്വാജ് തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ബംഗാളി, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. റിലീസിന്റെ തലേദിവസം രാത്രിമുതല്‍ ആദ്യ ഷോ ആരംഭിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ കഴിഞ്ഞദിവസം അംഗീകാരം നല്‍കിയിരുന്നു.

Content Highlight: Pushpa 2 advance booking started

We use cookies to give you the best possible experience. Learn more