| Saturday, 3rd July 2021, 6:38 pm

പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിംഗ് ദാമി ചുമതലയേല്‍ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി എം.എല്‍.എ. പുഷ്‌കര്‍ സിംഗ് ദാമി ചുമതലയേല്‍ക്കും. ഖാദിമ എം.എല്‍.എയാണ് 45കാരനായ പുഷ്‌കര്‍ സിംഗ് ദാമി.

തിരഥ് സിംഗ് റാവത്തിന്റെ രാജിക്ക് പിന്നാലെയാണ് പുഷ്‌കര്‍ സിംഗ് ദാമി മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനൊരുങ്ങുന്നത്. ഉത്തരാഖണ്ഡിന്റെ ഈ നിയമസഭയിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പുഷ്‌കര്‍.

ലോക്‌സഭാംഗമായ തിരഥ് സിംഗിന് ആറുമാസത്തെ കാലാവധിക്കുള്ളില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട് എം.എല്‍.എ. ആവാനുള്ള സാധ്യത കുറഞ്ഞ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം രാജി വെച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി അടുത്ത ബന്ധമുള്ളയാളാണ് ദാമി.

ബി.ജെ.പി. എം.എല്‍.എമാരുടെ യോഗത്തിന് ശേഷമാണ് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്ന പേരുകളില്‍ ദാമിയുടെ പേരും ഉണ്ടായിരുന്നു. ദാമിക്ക് പുറമെ ഉത്തരാഖണ്ഡ് ബി.ജെ.പി. മുന്‍ അധ്യക്ഷനും ദിതിഹട്ട് എം.എല്‍.എയുമായ ഭിഷന്‍ സിംഗ് ചുഫല, ചൗബാട്ടാക്കല്‍ എം.എല്‍.എ. സത്പാല്‍ മഹാരാജ്, ശ്രീനഗര്‍ എം.എല്‍.എ. ധാന്‍ സിംഗ് റാവത്ത് തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നു കേട്ടിരുന്നത്.

കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് തിരഥ് സിംഗ് രാജിവെച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ഗവര്‍ണര്‍ ബേബി റാണി മൗര്യക്കയുടെ വസതിയിലെത്തി രാജിക്കത്ത് കൈമാറുകയായിരുന്നു.

ത്രിവേന്ദ്ര സിംഗ് റാവത്തിന് പകരമായാണ് തിരഥ് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി മാര്‍ച്ച് 10ന് ചുമതലയേല്‍ക്കുന്നത്. സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് തിരഥ് സിംഗ് റാവത്ത് എം.എല്‍.എ. ആയിരുന്നില്ല.

പൗരി ഗര്‍വാള്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്സഭാ എം.പിയായിരിക്കെയാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുന്നത്. അദ്ദേഹം ലോക്സഭാ എം.പിയായി ഇപ്പോഴും തുടരുന്നുമുണ്ട്.

ഭരണഘടനാ നിയമപ്രകാരം മുഖ്യമന്ത്രിയായോ മന്ത്രിയായോ സത്യപ്രതിജ്ഞ ചെയ്യുന്നവര്‍ ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്തെ ഒരു മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ചിരിക്കണം.

തിരഥിന്റെ കാര്യത്തില്‍ സെപ്തംബര്‍ 10നുള്ളില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിക്കണമായിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത കുറവാണ്.

ഈ സാഹചര്യത്തില്‍ സെപ്തംബര്‍ 10ന് മുമ്പ് തിരഥ് തെരഞ്ഞെടുപ്പിനെ നേരിട്ടില്ലെങ്കില്‍ സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധി നിലവില്‍വരും. ഇത് ഒഴിവാക്കാനായിരുന്നു രാജിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pushkar Singh Dhami will be next chief minister of Uttarakhand

We use cookies to give you the best possible experience. Learn more