വനത്തിനുള്ളിലെ അനധികൃത ആരാധനലായങ്ങള്‍ പൊളിച്ചുനീക്കും; പുഷ്‌കര്‍ സിങ് ധാമി
national news
വനത്തിനുള്ളിലെ അനധികൃത ആരാധനലായങ്ങള്‍ പൊളിച്ചുനീക്കും; പുഷ്‌കര്‍ സിങ് ധാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th September 2022, 9:29 am

ഡെറാഡൂണ്‍: വനങ്ങള്‍ക്കുള്ളില്‍ നിര്‍മിച്ചിരിക്കുന്ന അനധികൃത ആരാധനാലയങ്ങളും ശ്മശാനങ്ങളും നീക്കം ചെയ്യുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഇത്തരം നിര്‍മിതികള്‍ വനത്തിലെ ജീവികളുടെ സമാധാനപരമായ ജീവിതത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഇതിനായി ഒരു എക്‌സിക്യൂഷന്‍ പ്ലാന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും സര്‍വേ നടക്കുന്നുണ്ടെന്നും അധികാരികള്‍ കൂട്ടിച്ചേര്‍ത്തു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് ഇത് സംബന്ധിച്ച പ്രസ്താവനയിറക്കിയത്. വനത്തിനുള്ളിലെ സര്‍ക്കാര്‍ ഭൂമികള്‍ കൈയ്യേറി അനധികൃതമായി ആരാധനാലയങ്ങളും മറ്റും നിര്‍മിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ എല്ലാ മതങ്ങളെയും തുല്യമായി ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ ദേവഭൂമിയില്‍ ഇത്തരം ഒരു പ്രവൃത്തിയും സര്‍ക്കാരിന് അനുവദിക്കാന്‍ സാധിക്കില്ല.

ഇത്തരം സംഭവങ്ങള്‍ സമാധാനപരമായി ജീവിക്കുന്ന സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയിലേക്ക് വിദ്വേഷം കൊണ്ടെത്തിക്കുകയാണ്,’ ധാമി പറഞ്ഞു.

അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ആരാധനാലയങ്ങള്‍ നീക്കം ചെയ്യാന്‍ ചട്ടപ്രകാരം നടപടി സ്വീകരിക്കും. വനത്തിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ ആരാധനാലയങ്ങളും പരിശോധിക്കാന്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍.കെ. സുധാന്‍ശു വനംവകുപ്പ് അധികൃതരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlight: Pushkar singh dhami says will demolish every places of worship built in forest