|

പത്ത് മലയാളം സിനിമ ഇറങ്ങുമ്പോള്‍ ഒന്നോ രണ്ടോ എണ്ണം മാത്രമേ ശ്രദ്ധിക്കപ്പെടുന്നുള്ളൂ, തമിഴ് സിനിമയെക്കാള്‍ മികച്ചതാണെന്ന് പറയാന്‍ കഴിയില്ല: പുഷ്‌കര്‍- ഗായത്രി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിക്രം വേദ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയെ മാറ്റിമറിച്ച സംവിധായകജോഡിയാണ് പുഷ്‌കര്‍- ഗായത്രി. ആദ്യചിത്രം തമിഴില്‍ ഗംഭീരവിജയമായതിന് പിന്നാലെ ഹിന്ദിയിലും ഇതേ ചിത്രം ഇരുവരും റീമേക്ക് ചെയ്തു. തുടര്‍ന്ന് സുഴല്‍, വദന്തി എന്നീ വെബ് സീരീസുകളും ഇവരുടെ സംവിധാനത്തില്‍ പുറത്തുവന്നു. സുഴലിന്റെ രണ്ടാം സീസണും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ മലയാളസിനിമ അടുത്തിടെ കൈവരിച്ച റീച്ചിനെക്കുറിച്ച് സംസാരിക്കുകയാണ് പുഷ്‌കര്‍- ഗായത്രി കോമ്പോ. മലയാളത്തില്‍ മാത്രമേ ആകര്‍ഷണീയമായ സിനിമകള്‍ വരുന്നുള്ളൂ എന്നത് തെറ്റായ ധാരണയാണെന്ന് പുഷ്‌കര്‍ പറഞ്ഞു. പത്ത് സിനിമകള്‍ റിലീസാകുമ്പോള്‍ അതില്‍ രണ്ടെണ്ണം മാത്രമേ നല്ലതായി ഉള്ളൂവെന്നും അതിന്റെ അര്‍ത്ഥം മലയാളത്തില്‍ റിലീസാകുന്ന സിനിമകളെല്ലാം നല്ലതാണെന്നല്ലെന്ന് ഗായത്രി കൂട്ടിച്ചേര്‍ത്തു.

ചില കഥകള്‍ പിച്ച് ചെയ്യുന്ന രീതിയാണ് അതിന്റെ വിജയം തീരുമാനിക്കുന്നതെന്നും ഗായത്രി പറയുന്നു. താന്‍ ഒരുപാട് മലയാളസിനിമകള്‍ കാണാറുണ്ടെന്നും അതെല്ലാം വലിയ സംഭവമായി തോന്നിയിട്ടില്ലെന്നും ഗായത്രി പറഞ്ഞു. ഇതേ കഥകള്‍ തമിഴില്‍ സിനിമയാക്കുമ്പോള്‍ വര്‍ക്കാകാന്‍ യാതൊരു സാധ്യതയും താന്‍ കാണുന്നില്ലെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.

ഓരോ നാടിനും അനുസരിച്ചുള്ള സിനിമകളാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നതെന്നും അക്കാരണം കൊണ്ട് തമിഴ് സിനിമയെക്കാള്‍ മികച്ചതാണ് മലയാളമെന്ന് തനിക്ക് അഭിപ്രായമില്ലെന്നും ഗായത്രി പറയുന്നു. എന്നാല്‍ തമിഴിനെക്കാള്‍ താഴെയല്ല മലയാളമെന്നും ഇക്കാരണം കൊണ്ട് പറയാന്‍ സാധിക്കില്ലെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു. സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്.

‘ഈയടുത്ത് പലരും പറയുന്നത് കേട്ടു, മലയാളത്തില്‍ റിലീസാകുന്ന സിനിമകളെല്ലാം മികച്ചതാണെന്ന്. എനിക്ക് ആ അഭിപ്രായമില്ല. അവിടെ റിലീസാകുന്ന സിനിമകളെല്ലാം ആകര്‍ഷണീയമാണെന്നൊന്നും ഞാന്‍ പറയില്ല,’ പുഷ്‌കര്‍ പറയുന്നു.

‘എനിക്കും അതേ അഭിപ്രായമാണ്. അവിടെ പത്ത് സിനിമകള്‍ റിലീസാകുമ്പോള്‍ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. അതുകൊണ്ട് മലയാളത്തില്‍ റിലീസാകുന്നത മുഴുവന്‍ നല്ല സിനിമകളാണെന്ന അഭിപ്രായം എനിക്കില്ല. എല്ലാ ഇന്‍ഡസ്ട്രിയിലും നടക്കുന്ന കാര്യമാണിത്. അവിടങ്ങളില്‍ സ്റ്റോറി പിച്ച് ചെയ്യുന്ന രീതി തമിഴിനെക്കാള്‍ വ്യത്യസ്തമാണ്. അതാണ് ആ സിനിമകളുടെ വിജയം തീരുമാനിക്കുന്നത്.

ഞാന്‍ ഒരുപാട് മലയാളസിനിമകള്‍ കാണാറുള്ള ആളാണ്. അതേ കഥകള്‍ തമിഴില്‍ ചെയ്താല്‍ വര്‍ക്കാകണമെന്നില്ല. ഓരോ നാടിനും അനുസരിച്ചുള്ള കഥകളാണ് അവിടങ്ങളില്‍ ഹിറ്റാകുന്നത്. അക്കാരണം കൊണ്ട് മലാളസിനിമ തമിഴിനെക്കാള്‍ മികച്ചതാണെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ തമിഴിനെക്കാള്‍ താഴെയാണെന്നും എനിക്ക് അഭിപ്രായമില്ല,’ ഗായത്രി പറയുന്നു.

Content Highlight: Pushkar Gayathri shares their opinion about the growth and reach of Malayalam cinema

Video Stories