| Wednesday, 31st August 2016, 6:50 pm

വിദേശ നിക്ഷേപത്തിനുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രതിരോധ മേഖലയില്‍ ചെറുകിട ആയുധ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ നൂറു ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങി.


ന്യൂദല്‍ഹി: വിവിധ മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള തീരുമാനം ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു.

ഇതോടെ പ്രതിരോധ മേഖലയില്‍ ചെറുകിട ആയുധ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ നൂറു ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങി.

വിവിധ മേഖലകളില്‍ നൂറു ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളും മാനദണ്ഡങ്ങളും ലഘൂകരിച്ചു കൊണ്ടുള്ള നയ ഭേദഗതി ഇക്കഴിഞ്ഞ ജൂണ്‍ 20ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ഈ ഭേദഗതിക്കാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. ഇതനുസരിച്ച് പ്രതിരോധമേഖലയില്‍ പുതിയ സാങ്കേതിക വിദ്യ ആവശ്യം വരുന്ന രംഗങ്ങള്‍, ചെറുകിട ആയുധ നിര്‍മ്മാണം എന്നിവയിലെല്ലാം 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാം.

ഭക്ഷ്യ ഉല്‍പ്പന്ന വിപണനം, വാര്‍ത്താ വിതരണ രംഗത്തെ ടെലിപോര്‍ട്‌സ്, ഡി.ടി.എച്ച്, കേബിള്‍.ടി.വി, മൊബൈല്‍.ടി.വി, മരുന്നുല്‍പ്പാദന മേഖല, സിവില്‍ വ്യോമയാന രംഗം, സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍, മൃഗസംരക്ഷണം, സിംഗിള്‍ ബ്രാന്‍ഡ് ചില്ലറ വില്‍പ്പന എന്നിവയിലെല്ലാം 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും.

ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന വിദേശികള്‍ക്ക് ഇവിടെ സ്ഥിരതാമസത്തിനുള്ള വിസ നല്‍കാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. 10 വര്‍ഷക്കാലത്തേക്കാണ് പലതവണ വന്നു പോകുന്നതിന് അനുമതിയുള്ള വിസ അനുവദിക്കുക.

We use cookies to give you the best possible experience. Learn more