ചെക്ക് മടങ്ങിയാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യാവുന്ന വിധത്തിലാണ് നിയമ ഭേദഗതി ആലോചിക്കുന്നത്.
ന്യൂദല്‍ഹി: ചെക്കുകള്‍ പണമില്ലാതെ മടങ്ങിയാല്‍ കടുത്ത ജയില്‍ ശിക്ഷ വരെ വ്യവസ്ഥ ചെയ്ത് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.
ക്യാഷ്‌ലെസ് ഇടപാടുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ചെക്ക് മടങ്ങിയാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യാവുന്ന വിധത്തിലാണ് നിയമ ഭേദഗതി ആലോചിക്കുന്നത്. പൊതുബജറ്റിന് മുന്നോടിയായി വ്യാപാരി സമൂഹവുമായി ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ദേശം വന്നത്.
വണ്ടിച്ചെക്ക് കേസില്‍ പ്രതികളാകുന്നവര്‍ എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്ന തരത്തിലാണ് നിലവിലെ നിയമം. ഇത് ഭേദഗതി ചെയ്ത് കര്‍ശന വ്യവസ്ഥകള്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവിലുള്ള രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ നാല് വര്‍ഷമാക്കി വര്‍ദ്ധിപ്പിച്ച് ഇരട്ടി പിഴ ഈടാക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പണമില്ലാതെ ചെക്ക് മടങ്ങിയാല്‍ ഇരുകക്ഷികളും തമ്മില്‍ ഒത്തുതീര്‍പ്പിന് 30 ദിവസത്തെ സമയം അനുവദിക്കും. ഈ കാലയളവില്‍ ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ വീഴ്ചവരുത്തിയയാളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യും.
നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള കറന്‍സി ക്ഷാമത്തിന് അടുത്തകാലത്തൊന്നും തക്കതായ പരിഹാരമുണ്ടാകില്ല എന്ന നിഗമനത്തിലാണ് വ്യാപാരികള്‍ ചെക്ക് സ്വീകരിക്കണമെങ്കില്‍ ചെക്ക് മടങ്ങിയാലുള്ള ശിക്ഷ കടുത്തതാക്കണമെന്ന് ആവശ്യപ്പെട്ടത്.
ചെക്ക് മടങ്ങുമെന്ന ഭയം കാരണം ചെക്ക് വാങ്ങാന്‍ തയാറാകാത്തതെന്ന് വ്യാപാരികള്‍ യോഗത്തില്‍ അറിയിച്ചു. ശിക്ഷ കൂട്ടിയാല്‍ ചെക്ക് വാങ്ങാന്‍ തയാറാണെന്നും അവര്‍ പറഞ്ഞു. നോട്ട് പിന്‍വലിക്കലോടെ അവതാളത്തിലായ ബിസിനസ് രംഗം സാധാരണ നിലയിലെത്തിക്കാന്‍ നടപടി വേണമെന്നും വ്യാപാരികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
നിര്‍ദേശങ്ങള്‍ തത്വത്തില്‍ അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ ജനുവരിയില്‍ ആരംഭിക്കുന്ന ബജറ്റ് സെഷനില്‍ തന്നെ നിയമഭേദഗതി കൊണ്ടുവരാനാണ് ആലോചിക്കുന്നത്.