മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യവും, അധിക്ഷേപ ട്രോളുകളുടെ രാഷ്ട്രീയവും
Kerala News
മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യവും, അധിക്ഷേപ ട്രോളുകളുടെ രാഷ്ട്രീയവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th October 2022, 4:07 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഔദ്യോഗിക സന്ദര്‍ശനത്തിനായി യൂറോപ്പിലേക്ക് തിരിച്ചിരിക്കുകയാണ്. പര്യടനത്തിന്റെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ടിരുന്ന നോര്‍വേയിലേക്കാണ് ഇപ്പോള്‍ പോകുന്നത്. അഞ്ച് മുതല്‍ ഏഴ് വരെ നോര്‍വേയിലും ഒമ്പത് മുതല്‍ 12 വരെ യു.കെയിലുമാണ് സന്ദര്‍ശനം.

ഫിന്‍ലന്‍ഡിലേക്ക് പോകാനിരുന്ന ആദ്യഘട്ട പര്യടനം കോടിയേരി ബാലകൃഷ്ണന്റെ മരണത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി റദ്ദാക്കിയിരുന്നു. കോടിയേരിയുടെ സംസ്‌കാരച്ചടങ്ങില്‍ ആദ്യം മുതല്‍ അവസാനം വരെ പങ്കെടുത്തതിന് പിറ്റേദിവസമാണ്, മുമ്പ് തീരുമാനിച്ച പ്രകാരമുള്ള ഔദ്യോഗിക യാത്രക്ക് മുഖ്യമന്ത്രി ഒരുങ്ങുന്നത്.

ഇതിനിടയില്‍ ഈ യാത്രയെച്ചൊല്ലി സൈബര്‍ ഇടങ്ങളില്‍ കോണ്‍ഗ്രസ്- ബി.ജെ.പി കേന്ദ്രങ്ങളില്‍നിന്ന് അധിക്ഷേപ ട്രോളുകളും ഉയരുന്നുണ്ട്. സുഹൃത്തിന്റെ മരണത്തിന് പിറ്റേ ദിവസം തന്നെ മുഖ്യമന്ത്രി ‘ടൂറുപോകുന്നു’ എന്ന രീതിയിലാണ് ഇത്തരത്തിലുള്ളവരുടെ പരിഹാസം.

എന്നാല്‍ പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും മുന്‍കൂട്ടി തീരുമാനിച്ച, ഒന്നാം ഘട്ടത്തില്‍ റദ്ദാക്കപ്പെട്ട ഒരു യാത്രയില്‍ നിന്ന് അദ്ദേഹത്തിന് എങ്ങനെ ഒഴിഞ്ഞുമാറാന്‍ കഴിയുക എന്നാണ് ഇതിന് മറുപടിയായി ഇടത് അനുകൂലികള്‍ തിരിച്ചടിക്കുന്നത്. കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് ഈ യാത്ര.

സമുദ്ര മേഖലയില്‍ നിക്ഷേപ സാധ്യതക്കൊപ്പം, മഴക്കാലത്ത് ഉരുള്‍പൊട്ടല്‍ സാധ്യത ലഘൂകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രതിനിധി സംഘം നോര്‍വേയുടെ ഉപദേശം തേടും.

നോര്‍വേയില്‍ നിന്ന് മുഖ്യമന്ത്രിയും പ്രതിനിധിസംഘവും യു.കെയിലെ വെയില്‍സിലേക്ക് പോകും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് യു.കെയില്‍ സംഘത്തിനൊപ്പം ചേരും. ലണ്ടനില്‍ നടക്കുന്ന പ്രവാസി മലയാളികളുടെ വേദിയായ ലോകകേരളസഭ സമ്മേളനത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും. 150 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. കൂടാതെ, കേരളത്തിലെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, സീ- മെറ്റ് , ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് എന്നിവയുടെ സംയുക്ത സംരംഭമായ ഗ്രാഫീന്‍ ഇന്നൊവേഷന്‍ സെന്റര്‍ കേരളത്തില്‍ സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി മന്ത്രിമാര്‍ ഇംഗ്ലണ്ടിലെ സര്‍വകലാശാലകള്‍ സന്ദര്‍ശിക്കും.

ഒക്ടോബര്‍ 14ന് തിരിച്ചെത്താനാണ് ഉദ്ദേശിക്കുന്നത്. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാരീസ് സന്ദര്‍ശിക്കുന്നത്. അടുത്തയാഴ്ച നടക്കുന്ന ടൂറിസം മേളയില്‍ പങ്കെടുക്കാനാണ് ഈ യാത്ര. സെപ്റ്റംബര്‍ 19 നടക്കാനിരിക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റിലും അവര്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം, മറുവശത്ത് ഈ യാത്രയെ രാഷ്ട്രീയപരമായി വിമര്‍ശിക്കുന്നവരുമുണ്ട്. മുമ്പ് ഡെന്‍മാര്‍ക്ക് അടക്കമുള്ള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്നും ഇവര്‍ ചോദിക്കുന്നു. വെള്ളപ്പൊക്കത്തെ മറികടക്കാനുള്ള ഡച്ച് മാതൃക നേരിട്ട് വിലയിരുത്തിയത് സംബന്ധിച്ച വിവരം മുഖ്യമന്ത്രി അറിയിച്ചിരുന്നു.