| Saturday, 13th August 2022, 2:37 pm

ആശയങ്ങള്‍ക്കുനേരെ മറുപടി ഇല്ലാതാവുമ്പോഴാണ് ചില ഭീരുക്കള്‍ ആയുധമെടുക്കുന്നത്; സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തില്‍ പുരോഗമന കലാസാഹിത്യസംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സല്‍മാന്‍ റുഷ്ദിക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി പുരോഗമന കലാസാഹിത്യസംഘം. എഴുത്തുകാരന്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍ക്കുനേരെ മറുപടി ഇല്ലാതാവുമ്പോഴാണ് ചില ഭീരുക്കള്‍ ആയുധമെടുക്കുന്നതെന്നും, റുഷ്ദിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിനെതിരെ സര്‍ഗാത്മകമായ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരണമെന്നും പുരോഗമന കലാസാഹിത്യസംഘം പ്രസ്താവനയിലൂടെ പറഞ്ഞു.

എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കുമെതിരെ ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് റുഷ്ദിക്കു നേരെയുണ്ടായ വധശ്രമവും. മൂലധനശക്തികളുടേയും ഫാസിസ്റ്റ് ഭരണകൂടങ്ങളുടേയും പിന്തുണയോടെയാണ് ഇത്തരം ആക്രമണങ്ങള്‍ എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ നേരിട്ടും ഹിന്ദുത്വശക്തികളുടെ സഹായത്തോടെയും ഇവിടത്തെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കു നേരെ ഭീഷണി മുഴക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

യു.എസിലെ ന്യൂയോര്‍ക്കില്‍ ഒരു വേദിയില്‍ പ്രസംഗിക്കുന്നതിനിടെ കഴിഞ്ഞ ദിവസമായിരുന്നു സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം ഉണ്ടായത്.

വേദിയിലിരുന്ന റുഷ്ദിക്ക് നേരെ പാഞ്ഞെത്തിയ അക്രമി അദ്ദേഹത്തെ ഇടിക്കുകയും കത്തികൊണ്ട് ശക്തമായി കുത്തുകയുമായിരുന്നു. കഴുത്തിലും വയറിലുമാണ് റുഷ്ദിക്ക് കുത്തേറ്റത്. കരളിനും സാരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് തവണ കുത്തേറ്റതോടെ നിലത്ത് വീണ റുഷ്ദിയെ ഹെലികോപ്റ്റര്‍ വഴിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

സംഭവത്തിന് ശേഷം മണിക്കൂറുകള്‍ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം വെന്റിലേറ്ററിലാണ്. ഒരു കണ്ണിന് കാഴ്ച നഷ്ടമായേക്കുമെന്നും, കൈ ഞരമ്പുകള്‍ക്കും കരളിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂജേഴ്സിയില്‍ താമസിക്കുന്ന ഹാദി മറ്റാര്‍ എന്ന 24കാരനാണ് റുഷ്ദിയെ വധിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ ബാഗ് വേദിക്കരികില്‍ നിന്നും കണ്ടെത്തിയെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണരൂപം:

സല്‍മാന്‍ റുഷ്ദിക്കു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിക്കുന്നു.
പുരോഗമന കലാസാഹിത്യസംഘം
ലോകപ്രശസ്തനായ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കു നേരെ ന്യൂയോര്‍ക്കില്‍ വെച്ചു നടന്ന ആക്രമണത്തെ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അപലപിക്കുന്നു. ‘സാത്താനിക് വേഴ്‌സസ്’ എന്ന കൃതി പുറത്തു വന്ന കാലം മുതലേ റുഷ്ദി ഇസ്ലാമിസ്റ്റ് ഭീകരവാദികളുടെ എതിര്‍പ്പ് നേരിടുന്നു. പല ഘട്ടങ്ങളിലും അദ്ദേഹത്തെ വധിക്കാനുള്ള ഫത്വകള്‍ ഉണ്ടായിട്ടുണ്ട്.

എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കുമെതിരെ ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് റുഷ്ദിക്കു നേരെയുണ്ടായ വധശ്രമവും. മൂലധനശക്തികളുടേയും ഫാസിസ്റ്റ് ഭരണകൂടങ്ങളുടേയും പിന്തുണയോടെയാണ് ഇത്തരം ആക്രമണങ്ങള്‍ എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ നേരിട്ടും ഹിന്ദുത്വശക്തികളുടെ സഹായത്തോടെയും ഇവിടത്തെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കു നേരെ ഭീഷണി മുഴക്കുന്നുണ്ട്. മുതിര്‍ന്ന കവികളും കലാകാരന്മാരുമുള്‍പ്പടെ നിരവധി പേര്‍ എഴുതിയതിന്റെയും അഭിപ്രായം പറഞ്ഞതിന്റേയും പേരില്‍ ഇന്ത്യന്‍ ജയിലുകളിലുണ്ട്. ഹിന്ദുത്വവാദികളുടെ ആക്രമണത്തിനു വിധേയമായി ജീവന്‍ നഷ്ടപ്പെട്ട നരേന്ദ്ര ധബോല്‍ക്കര്‍, അരവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗ്ഗി, ഗൗരീ ലങ്കേഷ് തുടങ്ങിയവരെ ഈ സമയത്ത് സ്മരിക്കേണ്ടതുണ്ട്. ഒപ്പം കേരളത്തില്‍ എസ്.ഡി.പി.ഐ. ആക്രമണത്തിന് വിധേയനായ തൊടുപുഴയിലെ പ്രൊ.ടി.ജെ.ജോസഫിനേയും.

സാഹിത്യം മഹത്തായ ജനാധിപത്യത്തിന്റെ ഭാഗമാണ്. ഒരു സാഹിത്യ കൃതിയോട് യോജിപ്പും വിയോജിപ്പും ഉണ്ടാവാം. അത് പ്രകടിപ്പിക്കുന്നതിന് സാഹിത്യവിമര്‍ശനം എന്ന ഒരു ബ്രഹദ് പദ്ധതി നമ്മുടെ മുമ്പാകെ ഉണ്ട്. എഴുത്തുകാരന്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍ക്കുനേരെ മറുപടി ഇല്ലാതാവുമ്പോഴാണ് ചില ഭീരുക്കള്‍ ആയുധമെടുക്കുന്നത്.

റുഷ്ദിക്കു നേരെയുണ്ടായ ഭീകരാക്രമണത്തിനെതിരെ സര്‍ഗ്ഗാത്മകമായ പ്രതികരണങ്ങള്‍ ഉയര്‍ന്നു വരണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം അഭ്യര്‍ത്ഥിക്കുന്നു.

ഷാജി എന്‍ കരുണ്‍
പ്രസിഡന്റ്
അശോകന്‍ ചരുവില്‍
ജനറല്‍ സെക്രട്ടറി
13- 08- 2022

Content Highlight: Purogamana KalaSahitya sangham’s Statement about Salman Rushdie attack issue

Latest Stories

We use cookies to give you the best possible experience. Learn more