| Sunday, 14th November 2021, 5:02 pm

ജയ് ഭീം: ആദവന്‍ ദീക്ഷണ്യയ്‌ക്കെതിരായ ഭീഷണികള്‍ വിലപ്പോകുമെന്ന് കരുതേണ്ട; പ്രതിഷേധവുമായി പുരോഗമന കലാസാഹിത്യസംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തമിഴ്‌നാട് മുര്‍പ്പോക്ക് എഴുത്താളര്‍ കലൈജ്ഞര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദവന്‍ ദീക്ഷണ്യക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധവുമായി പുരോഗമന കലാസാഹിത്യസംഘം.

ആദവന്‍ ദീക്ഷണ്യയ്‌ക്കെതിരായ ഭീഷണികള്‍ വിലപ്പോകുമെന്ന് കരുതേണ്ടെന്ന് പു.ക.സ പ്രസ്താവനയില്‍ അറിയിച്ചു.

അടുത്തിടെ പുറത്തിറങ്ങിയ ജയ് ഭീം എന്ന സിനിമയെ പിന്തുണച്ചതിന്റെ പേരില്‍ വ്യാപകമായ സൈബര്‍ ആക്രമണമാണ് ആദവനെതിരെ ഉണ്ടായത്.

‘ജയ് ഭീം സിനിമ മേധാവിത്തം വഹിക്കുന്ന സവര്‍ണ സാംസ്‌കാരിക വ്യവസ്ഥയുടെ അടിവേരില്‍ ആഘാതമേല്‍പ്പിച്ചു കൊണ്ട് പ്രദര്‍ശനം തുടരുകയാണ്. രാജ്യത്തെ ദളിത് പിന്നാക്ക ജനതയുടെ രക്ഷ എക്കാലത്തും കമ്യൂണിസ്റ്റുകാരാണ് എന്നു വ്യക്തമാക്കുന്ന ഈ സിനിമ കേരളത്തിലെ സത്വരാഷ്ട്രീയക്കാരുടേയും മഴവില്‍ മുന്നണിക്കാരുടേയും വായ അടപ്പിച്ചിരിക്കുന്നു,’ പു.ക.സ പ്രസ്താവനയില്‍ പറയുന്നു.

എഴുത്തുകാരനും തമിഴ്‌നാടിന്റെ സാംസ്‌കാരിക സംഘാടകനുമായ ആദവനെ മലയാളികളുടെ പേരില്‍ അഭിവാദ്യം ചെയ്യുന്നുവെന്നും പ്രസ്താവനയില്‍ പു.ക.സ പ്രസിഡന്റ് ഷാജി എന്‍. കരുണ്‍, സെക്രട്ടറി അശോകന്‍ ചരുവില്‍ എന്നിവര്‍ പറഞ്ഞു.

പുരോഗമന കലാസാഹിത്യസംഘത്തിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം:

തോഴര്‍ ആദവന്‍ ദീക്ഷണ്യക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിക്കുന്നു.
‘ജയ് ഭീം’ എന്ന സിനിമക്കു വേണ്ടി സംസാരിച്ചതിന്റെ പേരില്‍ തമിഴ്‌നാട് മുര്‍പ്പോക്ക് എഴുത്താളര്‍ കലൈജ്ഞര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദവന്‍ ദീക്ഷണ്യക്കെതിരെ ജാതിരാഷ്ട്രീയക്കാരുടെ ഭാഗത്തുനിന്ന് നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പുരോഗമന കലാസാഹിത്യസംഘം പ്രതിഷേധിക്കുന്നു.

‘ജയ് ഭീം’ സിനിമ മേധാവിത്തം വഹിക്കുന്ന സവര്‍ണ്ണ സാംസ്‌കാരിക വ്യവസ്ഥയുടെ അടിവേരില്‍ ആഘാതമേല്‍പ്പിച്ചു കൊണ്ട് പ്രദര്‍ശനം തുടരുകയാണ്. രാജ്യത്തെ ദളിത് പിന്നാക്ക ജനതയുടെ രക്ഷ എക്കാലത്തും കമ്യൂണിസ്റ്റുകാരാണ് എന്നു വ്യക്തമാക്കുന്ന ഈ സിനിമ കേരളത്തിലെ സത്വരാഷ്ട്രീയക്കാരുടേയും മഴവില്‍ മുന്നണിക്കാരുടേയും വായ അടപ്പിച്ചിരിക്കുന്നു.

തമിഴ്‌നാട്ടിലെ ചില ജാതിരാഷ്ട്രീയക്കാരെ മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ ജയ് ഭീമിനും നടനായ സൂര്യക്കുമെതിരെ പ്രതിഷേധം നടക്കുന്നത്. പാട്ടാളി മക്കള്‍ കക്ഷി എം.പി.യായ അന്‍പുമണി രാമദാസ് തുടങ്ങിവെച്ച ആ നീക്കത്തെ തുറന്നുകാട്ടി പ്രതിരോധിച്ചതിന്റെ പേരിലാണ് തോഴര്‍ ആദവന്‍ ദീക്ഷണ്യ ഇപ്പോള്‍ ഭീഷണി നേരിടുന്നത്.

എഴുത്തുകാരനും തമിഴ്‌നാടിന്റെ സാംസ്‌കാരിക സംഘാടകനുമായ ആദവനെ മലയാളികളുടെ പേരില്‍ അഭിവാദ്യം ചെയ്യുന്നു. അദ്ദേഹത്തിന് എതിരെ നടക്കുന്ന ഭീഷണികള്‍ വിലപ്പോവും എന്നു കരുതേണ്ടതില്ലെന്ന് തല്പരകക്ഷികളെ സംഘം ഓര്‍മ്മിപ്പിക്കുന്നു.

ഷാജി എന്‍.കരുണ്‍
(പ്രസിഡണ്ട്)
അശോകന്‍ ചരുവില്‍
(ജനറല്‍ സെക്രട്ടറി)
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനക്കമ്മിറ്റി

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Purogamana Kala Sahitya Sangam support Adavan Deekshanya

We use cookies to give you the best possible experience. Learn more