| Wednesday, 8th February 2023, 4:47 pm

അമേരിക്കയിലും ജാതി വ്യവസ്ഥ വേണം, ഐക്യരാഷ്ട്രസഭയിലെ പ്രശ്‌നങ്ങളും ബ്രാഹ്മണര്‍ പരിഹരിക്കും: മോഹന്‍ ഭഗവതിനെ തള്ളി പുരി ശങ്കരാചാര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പുരോഹിതന്മാരാണ് ജാതിയും വിഭാഗങ്ങളും സൃഷ്ടിച്ചതെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവനയെ തള്ളി പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി. ജാതിവ്യവസ്ഥ ബ്രാഹ്മണരുടെ പ്രസാദമാണെന്ന് അദ്ദേഹം പറഞ്ഞു.

ഛത്തിസ്ഗഡിലെ ജഗ്ദല്‍പൂരില്‍ നടക്കുന്ന ഹിന്ദു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമി നിശ്ചലാനന്ദ സരസ്വതി. ശങ്കരാചാര്യ സ്വാമി സ്ഥാപിച്ച പുരിമഠത്തിന്റെ അധിപനാണ് നിലവില്‍ അദ്ദേഹം.

ആര്‍.എസ്.എസിന് സ്വന്തമായി ഏതെങ്കിലും വിശുദ്ധ ഗ്രന്ഥമില്ല. അതുകൊണ്ട് തന്നെ ഇതേകുറിച്ച് അവര്‍ക്ക് അറിവില്ലെന്നും സ്വാമി പറഞ്ഞു

‘ജാതിവ്യവസ്ഥ ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലടക്കം വേണം. സനാതന ഹിന്ദുവിന്റെ പാരമ്പര്യം അവകാശപ്പെടാന്‍ ബ്രാഹ്മണര്‍ക്ക് മാത്രമെ കഴിയൂ. ലോകത്തുള്ള സകല ശാസ്ത്രങ്ങളും കലകളും മറ്റും വ്യാഖ്യാനിച്ചത് ബ്രാഹ്മണര്‍ മാത്രമാണ്.
ആദ്യ ബ്രാഹ്മണന്റെ പേര് ബ്രഹ്മാജി എന്നാണ്.

വേദം പഠിച്ചാല്‍ നിങ്ങള്‍ക്കത് മനസിലാകും. സനാതന സമ്പ്രദായം അംഗീകരിക്കുന്നില്ലെങ്കില്‍ ഇവിടുത്തെ വ്യവസ്ഥിതിക്ക് തന്നെ പ്രസക്തിയില്ല.
ലോകം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ഇന്നും ആളുകള്‍ വരുന്നത് ബ്രാഹ്മണരുടെ അടുത്തേക്കാണ്. ഐക്യരാഷ്ട്ര സഭായിലുണ്ടാകുന്ന പ്രശ്‌നങ്ങളെ വരെ പരിഹരിക്കാന്‍ ബ്രാഹ്മണര്‍ക്ക് കഴിയും. പണ്ഡിതന്‍മാരാണ് വര്‍ണാശ്രമ വ്യവസ്ഥ നടപ്പാക്കിയത്, അല്ലാതെ മണ്ടന്മാരല്ല,’ പുരി സ്വാമി പറഞ്ഞു.

അതേസമയം, കഴിഞ്ഞ ഞായറാഴ്ച ശിരോമണി രോഹിദാസിന്റെ 647-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് രവീന്ദ്ര നാട്യ മന്ദിര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിലായിരുന്നു വര്‍ണ സമ്പ്രദായത്തെ അപലപിച്ചുള്ള മോഹന്‍ ഭഗവതിന്റെ പ്രതികരണം.

ദെവത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്നും ജാതികളും വിഭാഗങ്ങളും സൃഷ്ടിക്കുന്നതില്‍ പുരോഹിതന്‍മാരാണ് ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘അംബേദ്കറിനെ പോലുള്ളവര്‍ രാജ്യത്തു നിലനിന്നിരുന്ന തൊട്ടുകൂടായ്മയെ എതിര്‍ത്തിരുന്നു. തൊട്ടുകൂടായ്മയിലുണ്ടായ അസ്വസ്ഥത കാരണമാണ് അദ്ദേഹം ഹിന്ദു ധര്‍മ്മം ഉപേക്ഷിച്ചത്. പക്ഷേ അദ്ദേഹം അന്യായമായ മറ്റൊരു മതവും സ്വീകരിച്ചില്ല. ഗൗതമ ബുദ്ധന്‍ കാണിച്ചുതന്ന പാതയിലൂടെ സഞ്ചരിച്ചുവെന്നും അംബേദ്കറിന്റെ ആശയങ്ങള്‍ ഭാരതത്തിന്റെ ചിന്താഗതിയില്‍ ആഴത്തില്‍ വേരൂന്നിയതാണ്,’ മേഹന്‍ ഭാഗവത് പറഞ്ഞിരുന്നു.

Content Highlight: Puri Shankaracharya Swami Nishchalananda Saraswati rejects RSS chief Mohan Bhagwat’s statement that caste and sects were created by priests

We use cookies to give you the best possible experience. Learn more