മുംബൈ: പുരോഹിതന്മാരാണ് ജാതിയും വിഭാഗങ്ങളും സൃഷ്ടിച്ചതെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവനയെ തള്ളി പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി. ജാതിവ്യവസ്ഥ ബ്രാഹ്മണരുടെ പ്രസാദമാണെന്ന് അദ്ദേഹം പറഞ്ഞു.
ഛത്തിസ്ഗഡിലെ ജഗ്ദല്‍പൂരില്‍ നടക്കുന്ന ഹിന്ദു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമി നിശ്ചലാനന്ദ സരസ്വതി. ശങ്കരാചാര്യ സ്വാമി സ്ഥാപിച്ച പുരിമഠത്തിന്റെ അധിപനാണ് നിലവില്‍ അദ്ദേഹം.
ആര്‍.എസ്.എസിന് സ്വന്തമായി ഏതെങ്കിലും വിശുദ്ധ ഗ്രന്ഥമില്ല. അതുകൊണ്ട് തന്നെ ഇതേകുറിച്ച് അവര്‍ക്ക് അറിവില്ലെന്നും സ്വാമി പറഞ്ഞു
‘ജാതിവ്യവസ്ഥ ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലടക്കം വേണം. സനാതന ഹിന്ദുവിന്റെ പാരമ്പര്യം അവകാശപ്പെടാന്‍ ബ്രാഹ്മണര്‍ക്ക് മാത്രമെ കഴിയൂ. ലോകത്തുള്ള സകല ശാസ്ത്രങ്ങളും കലകളും മറ്റും വ്യാഖ്യാനിച്ചത് ബ്രാഹ്മണര്‍ മാത്രമാണ്.
ആദ്യ ബ്രാഹ്മണന്റെ പേര് ബ്രഹ്മാജി എന്നാണ്.
വേദം പഠിച്ചാല്‍ നിങ്ങള്‍ക്കത് മനസിലാകും. സനാതന സമ്പ്രദായം അംഗീകരിക്കുന്നില്ലെങ്കില്‍ ഇവിടുത്തെ വ്യവസ്ഥിതിക്ക് തന്നെ പ്രസക്തിയില്ല.
ലോകം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ഇന്നും ആളുകള്‍ വരുന്നത് ബ്രാഹ്മണരുടെ അടുത്തേക്കാണ്. ഐക്യരാഷ്ട്ര സഭായിലുണ്ടാകുന്ന പ്രശ്‌നങ്ങളെ വരെ പരിഹരിക്കാന്‍ ബ്രാഹ്മണര്‍ക്ക് കഴിയും. പണ്ഡിതന്‍മാരാണ് വര്‍ണാശ്രമ വ്യവസ്ഥ നടപ്പാക്കിയത്, അല്ലാതെ മണ്ടന്മാരല്ല,’ പുരി സ്വാമി പറഞ്ഞു.