| Monday, 17th October 2022, 6:27 pm

പരാജയപ്പെട്ടു, ഇനി ഇതും പറഞ്ഞ് കരഞ്ഞോണ്ടിരിക്കാന്‍ പറ്റുമോ; ചിരഞ്ജീവിയോട് പുരി ജഗനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൈഗറിന്റെ പരാജയത്തില്‍ മനസ് തുറന്ന് സംവിധായകന്‍ പുരി ജഗനാഥ്. ലൈഗറിന്റെ ഷൂട്ട് ഒരുപാട് സന്തോഷത്തോടെയാണ് ചെയ്തതെന്നും ചിത്രത്തിന്റെ പരാജയത്തില്‍ കരഞ്ഞോണ്ടിരിക്കാന്‍ പറ്റില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. തെലുങ്ക് താരം ചിരഞ്ജീവിക്കൊപ്പമുള്ള ലൈവ് വീഡിയോയിലായിരുന്നു പുരി ജഗനാഥിന്റെ പ്രതികരണം.

‘മൂന്ന് വര്‍ഷമായി ഞാന്‍ ലൈഗറിന് പിന്നാലെയായിരുന്നു. ലൈഗറിന്റെ ഷൂട്ട് ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്തിരുന്നു. എന്നാല്‍ അത് പരാജയപ്പെട്ടു. എന്നാല്‍ ഇതും പറഞ്ഞ് അടുത്ത മൂന്ന് വര്‍ഷം കരഞ്ഞോണ്ടിരിക്കാന്‍ പറ്റില്ല. പുറകോട്ട് ഒന്നു നോക്കിയാല്‍ സങ്കടപ്പെട്ടിരുന്നതിനേക്കാള്‍ സന്തോഷത്തോടെയിരുന്ന ദിവസങ്ങളാണ് എനിക്ക് കൂടുതല്‍ ഉണ്ടായിരുന്നത്.

വിജയം ഉണ്ടാവുമ്പോള്‍ വലിയ എനര്‍ജിയാണ് ലഭിക്കുക. എന്നാല്‍ പരാജയമുണ്ടായാല്‍ ആ എനര്‍ജി മുഴുവനും പോകും. വിജയമുണ്ടാവുമ്പോള്‍ വലിയ ബുദ്ധിമാനായി തോന്നും. എന്നാല്‍ പരജായപ്പെട്ടാല്‍ വിഡ്ഢിയാണെന്ന് തോന്നും. വിജയമുണ്ടായപ്പോള്‍ ഒപ്പം നിന്നവര്‍ പരാജയമുണ്ടാവുമ്പോള്‍ മുഖം തിരിക്കും.

പരാജയത്തിന് ശേഷം ഞങ്ങള്‍ക്ക് നല്ല പ്രഷര്‍ ഉണ്ടായിരുന്നു. അതെല്ലാം മറികടക്കാനാവശ്യമായ മനോധൈര്യം വേണമായിരുന്നു. മനസ് മുറിപ്പെടുമ്പോള്‍ അത് ഉണങ്ങാന്‍ കുറച്ച് സമയം വേണ്ടി വരും. എന്നാല്‍ ഈ മുറിവ് സുഖപ്പെടാന്‍ വളരെ കുറച്ച് സമയമേ വേണ്ടി വന്നുള്ളൂ. എന്ത് സംഭവിച്ചാലും മുന്നോട്ട് പോയേ മതിയാവൂ,’ പുരി ജഗനാഥ് പറഞ്ഞു.

ഓഗസ്റ്റ് 25നാണ് വിജയ് ദേവരകൊണ്ട് നായകനായ ലൈഗര്‍ തിയേറ്ററുകളിലെത്തിയത്. വമ്പന്‍ ഹൈപ്പുയര്‍ത്തിയ ചിത്രം തിയേറ്ററുകളില്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. ബോളിവുഡ് താരം അനന്യ പാണ്ഡേ ആണ് ചിത്രത്തില്‍ നായികയായത്.

Content Highlight: puri jagannadh said that he cannot cry over the failure of the film liger 

We use cookies to give you the best possible experience. Learn more