|

ഇത് പരിഹാസ്യമാണ്, ഉപദ്രവിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇതിന് പിന്നില്‍; രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിക്കെതിരെ അപര്‍ണ സെന്നും ശ്യാം ബെനഗലും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആള്‍ക്കൂട്ട ആക്രമണവും കൊലപാതകങ്ങളും രാജ്യത്ത് വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയതിന്റെ പേരില്‍ തങ്ങള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത നടപടിയില്‍ പ്രതികരണവുമായി ചലച്ചിത്ര പ്രവര്‍ത്തകരായ അപര്‍ണ സെനും ശ്യാം ബെനഗലും.

ഇത് തികഞ്ഞ ഉപദ്രവമാണെന്നും ഉപദ്രവിക്കുക എന്ന ഉദ്ദേശമല്ലാതെ മറ്റൊന്നും ഇതിന്റെ പിന്നില്‍ ഇല്ല എന്നുമായിരുന്നു അപര്‍ണ സെന്‍ ദി ക്യുന്റിനോട് പ്രതികരിച്ചത്.

ജനാധിപത്യ സംവിധാനത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍. കത്ത് രാജ്യദ്രോഹമായി കണക്കാക്കിയ സര്‍ക്കാര്‍ നടപടി അത്ഭുതപ്പെടുത്തിയെന്നും അപര്‍ണ സിങ് പറഞ്ഞു.

”ഇത് പരിഹാസ്യമാണ്, രാജ്യദ്രോഹപരമായ ഒന്നും കത്തില്‍ ഇല്ല. ഇത് വളരെ വിചിത്രമാണ്. നമ്മുടെ ജനാധിപത്യ ഇടം പതുക്കെ അപഹരിക്കപ്പെടുകയാണ്. ഇത് ഉപദ്രവം മാത്രമാണ്. ശുദ്ധമായ ഉപദ്രവം. അല്ലാതെ മറ്റൊന്നുമല്ല’. – അപര്‍ണ സെന്‍ പറഞ്ഞു.

നേരത്തേയും സെലിബ്രറ്റികള്‍ക്കെതിരെ നിസ്സാര വിഷയങ്ങള്‍ക്ക് കേസ് ഫയല്‍ ചെയ്യുന്ന ആളാണ് ഓജയെന്നും അപര്‍ണ സെന്‍ പറഞ്ഞു.

”സുധീര്‍ ഓജ നേരത്തേയും സെലിബ്രറ്റികള്‍ക്കെതിരെ ഇത്തരം കേസുകള്‍ ഫയല്‍ ചെയ്ത ആളാണ്. പട്‌ന ഹൈക്കോടതിയിലേക്ക് പോയാല്‍ ഈ കേസ് തള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരാണ് ഇത് ചെയ്യുന്നതെന്ന് എനിക്കറിയില്ല, ഇതിന് പിന്നില്‍ സര്‍ക്കാര്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇതുപോലൊരു കാര്യം ചെയ്യുന്നവര്‍ എന്തായാലും നിസ്സാരക്കാരല്ല.’- അപര്‍ണ സെന്‍ പറഞ്ഞു.

ജനാധിപത്യ സമൂഹത്തില്‍ സ്വീകാര്യമല്ലാത്ത ഒരു സംഗതി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത് രാജ്യദ്രോഹമായി കണക്കാക്കുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നായിരുന്നു മുതിര്‍ന്ന സംവിധായകന്‍ ശ്യാം ബെനഗല്‍ പ്രതികരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. എഫ്.ഐ.ആര്‍ കണ്ടാല്‍ മാത്രമേ കൃത്യമായി എന്താണ് പറഞ്ഞതെന്ന് മനസിലാക്കാന്‍ സാധിക്കുകയുള്ളു. ഇത് പ്രധാനമന്ത്രിക്കുള്ള ഒരു തുറന്ന കത്താണ്. അതില്‍ എന്റെ ഒപ്പ് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് എന്റെ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു. ശരിയായ കാര്യമായതിനാല്‍ തന്നെ ഞാനും അതിന്റെ ഭാഗമായി. ആള്‍ക്കൂട്ട കൊലപാതകം ഒരു ജനാധിപത്യ സമൂഹത്തില്‍ സ്വീകാര്യമായ ഒന്നല്ല, അത് ചൂണ്ടിക്കാണിച്ചത് രാജ്യദ്രോഹക്കുറ്റമാണെങ്കില്‍, എനിക്കറിയില്ല നിര്‍വചനങ്ങള്‍ എങ്ങനെയെല്ലാം മാറിയെന്ന്’- അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയതിന്റെ പേരില്‍ കേസെടുത്ത കോടതിയുടെ നടപടി അമ്പരിപ്പിച്ചെന്നും ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്നുമായിരുന്നു സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്.

രാജ്യത്ത് നടക്കുന്ന ജനാധിപത്യവിരുദ്ധമായ ഒരു കാര്യത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും കോടതി ഈ കേസ് അഡ്മിറ്റ് ചെയ്തതിലാണ് ആശങ്കയെന്നും അടൂര്‍ പ്രതികരിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇപ്പോഴും ജനാധിപത്യം നിലനില്‍ക്കുന്നു എന്ന വിശ്വാസത്തിലാണ് ആ എഴുത്ത് എഴുതിയത്. സാധാരണ ഗതിയില്‍ ഒരു ഭരണകൂടം ചെയ്യേണ്ടത് ശരിയായ അര്‍ത്ഥത്തില്‍ അതിനെ മനസിലാക്കി പരിഹാരം കാണുകയാണ്. എന്നാല്‍ ഇവിടെ കേസെടുത്തിരിക്കുകയാണ്.

ഗാന്ധിയെ പ്രതീകാത്മകമായി വെടിയുതിര്‍ത്തവരും ഗോഡ്‌സെ ദൈവമാണെന്ന് പറഞ്ഞവരും എം.പിമാരാണെന്നും അവര്‍ ചെയ്യുന്നതൊന്നും രാജ്യദ്രോഹമല്ലാത്ത കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും അടൂര്‍ പ്രതികരിച്ചിരുന്നു.