|

ആചാരങ്ങള്‍ക്ക് കോട്ടം തട്ടാതെയും സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാതെയുമാവണം പൂരം നടക്കേണ്ടത്: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തൃശൂര്‍ പൂരം നടത്തിപ്പില്‍ ഒരു തരത്തിലുമുള്ള അനിശ്ചിതത്വം വരാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആചാരപരമായ കാര്യങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധത്തിലും സുരക്ഷയില്‍ വിട്ടുവീഴ്ച്ച വരാത്ത വിധത്തിലുമായിരിക്കണം പൂരം നടക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെയ് ആറിന് നടക്കുന്ന ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് മുന്നോടിയായി ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൂരത്തിന് മുന്‍പ് സുരക്ഷ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

പൂരം എക്‌സിബിഷന് വടക്കുംനാഥ ക്ഷേത്രമൈതാനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തറവാടക പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയതായും നേരത്തെ മുന്നോട്ടുവെച്ച ഒത്ത് തീര്‍പ്പ് വ്യവസ്ഥ കൊച്ചില്‍ ദേവസ്വം ബോര്‍ഡ് എത്രയും വേഗം ഹൈക്കോടതിയെ അറിയിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം ജില്ലാ ഭരണ സംവിധാനം ഉറപ്പ് വരുത്തണമെന്നും സുരക്ഷാ മുന്‍കരുതലുകള്‍, വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും കോടതി ഉത്തരവുകളും പാലിക്കപ്പെട്ടുന്നുണ്ടോയെന്ന് ജില്ലാ ഭരണ സംവിധാനം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൂരം ദിവസങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും എക്‌സ്‌പ്ലോസിവ് നടപടികളും സ്വീകരിക്കണമെന്നും ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള പൂരത്തിന് ആവശ്യമായ ആനകളെ എഴുന്നള്ളിക്കുന്നതിനും ആനകളുടെ വിശ്രമം, പൊതുജന സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ പൊലീസുമായി ചേര്‍ന്ന് ഒരുക്കാനും തീരുമാനമായതായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഉയര്‍ന്നുവന്ന ആക്ഷേപങ്ങളും പരാതികളും ഈ വര്‍ഷം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള ജാഗ്രത പാലിക്കണമെന്നും ഉത്സവം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തമായ തീരുമാനം കൈക്കൊള്ളുന്നതിന് ജില്ലാ ജാഗ്രത സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും ത്യശൂര്‍ പൂരം വെടിക്കെട്ട് നടത്തുന്നതിന് ആവശ്യമായ ലൈസന്‍സുകള്‍ അനുവദിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.

വെടിക്കെട്ട് നിയമാനുസൃതമാണെന്ന് ഉറപ്പ് വരുത്തണമെന്നും 2024 ഒക്ടോബര്‍ 11ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഗസറ്റ് നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള നിബന്ധനകള്‍ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുകളുണ്ടെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ അറിയിച്ചിട്ടുള്ളതായും ഇക്കാര്യം പരിഗണിച്ച് പ്രായോഗികമായി ചെയ്യാവുന്നവ സംബന്ധിച്ച് ജില്ലാ ഭരണ സംവിധാനം പോലീസുമായി ചേര്‍ന്ന് പരിശോധന നടത്തി ഉചിതമായ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

പൂരത്തോടനുബന്ധിച്ചുണ്ടാകുന്ന മാലിന്യങ്ങളുടെ ശേഖരണം, സംസ്‌കരണം, നഗര പ്രദേശത്തെ നഗരസഭാ റോഡുകളുടെ നവീകരണം, ഹോട്ടലുകളില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം വഴി നടത്തുന്ന പരിശോധനകള്‍, തെരുവ് വിളക്കുകളുടെ പരിപാലനം എന്നിവ തൃശൂര്‍ കോര്‍പ്പറേഷന്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നാട്ടാനകളുടെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ സുപ്രീം കോടതിയുടെ 1.11.2018ലെ ഉത്തരവ് പ്രകാരം ലഭ്യമാക്കുന്നതില്‍ കാലതാമസമുണ്ടെന്ന് പരാതി ഉയര്‍ന്നിട്ടുള്ളതായും ഇത് പരിശോധിച്ച് അടിയന്തിര നടപടി വനം വകുപ്പ് കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

പൂരം നടക്കുന്ന സ്ഥലങ്ങളില്‍ ആവശ്യമായ ആരോഗ്യരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ജീവനക്കാര്‍, ആംബുലന്‍സുകള്‍ എന്നിവ സജ്ജീകരിക്കണമെന്നും അടിയന്തിര സാഹചര്യം നേരിടുന്നതിന് ആശുപത്രികള്‍ സജ്ജമാക്കണമെന്നും തീരുമാനിച്ചു.

സര്‍ക്കാര്‍ ആശുപത്രികളോടൊപ്പം തൃശ്ശൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രികള്‍ക്കും അലര്‍ട്ട് മെസേജ് നല്‍കുമ്പോള്‍ കൃത്യമായി പ്രാവര്‍ത്തികമാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നു വെടിക്കെട്ട് നടക്കുന്ന സ്ഥലത്തും തേക്കിന്‍കാട് മൈതാനത്തും അഗ്‌നിരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യത്തിന് ഉദ്യോഗസ്ഥരെയും അഗ്നിരക്ഷാ ഉപകരണങ്ങളും വിന്യസിക്കണമെന്നും അപകട സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് പൂരത്തിന് മുന്‍പ് മോക് ഡ്രില്‍ നടത്തി കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന്റെ സംഘാടനത്തില്‍ പാളിച്ചകള്‍ ഉണ്ടായതായി പരാതികള്‍ ഉയര്‍ന്നിരുന്നതായും ഇത്തവണ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദേവസ്വങ്ങളും അധികാരികളും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Content Highlight: Puram should be held without compromising rituals and security: Chief Minister

Video Stories