| Saturday, 4th August 2012, 2:14 pm

ചങ്ങാതി മഴ

ഡൂള്‍ന്യൂസ് ഡെസ്‌ക്


പ്യൂപ്പ/അലി


മഴക്കാലം ഇങ്ങനെ വേനല്‍ക്കാലമായാല്‍ എന്താ ചെയ്ക? ഹമ്മേ വല്ലാത്ത ചൂടു തന്നെ. നമ്മുടെ അവസ്ഥ ഇതാണെങ്കില്‍ പാവം കര്‍ഷകരുടെ അവസ്ഥ എന്തായിരിക്കും അല്ലേ? എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇപ്പോള്‍ തന്നെ പഞ്ചാബ് കടുത്ത വരള്‍ച്ചയിലാണ്. അവിടുത്തെ കര്‍ഷകര്‍ കൃഷിയൊക്കെ നശിച്ച് പട്ടിണിയും പരിവട്ടവുമായി കഷ്ടപ്പെടുകയാണ്. []

നമ്മുടെ നാട് സുലഭമായി മഴ ലഭിച്ചിരുന്ന ഒരു നാടായിരുന്നുവെന്ന് കൂട്ടുകാര്‍ക്കൊക്കെ അറിയാവുന്ന കാര്യമാണല്ലോ. എങ്ങും പച്ചപ്പും മനോഹാരിതയും. ഒട്ടനവധി മരങ്ങളുടെയും നാടായിരുന്നു. എന്തായിരുന്നു നമ്മുടെ പച്ചപ്പിന്റെ രഹസ്യം? മഴ തന്നെ. അപ്പോള്‍ കൂട്ടുകാര്‍ പറയൂ എന്താണ് ഈ മഴ?

ഈ ചോദ്യത്തിന് പണ്ടൊരു വിദ്വാന്റെ ഉത്തരമെന്താ യിരുന്നു വെന്നോ…. “ചറ പറ.. ചറ പറ.. ചറ പറ”.. :D

അങ്ങ് ആകാശത്തു ദൈവത്തിന്റെ സമീപത്തുനിന്നും പെയ്തിറങ്ങുന്നതാണ് മഴ എന്നൊരു സങ്കല്‍പ്പമുണ്ട്. സ്വര്‍ഗ്ഗത്തിലെ സുന്ദരിമാരുടെ കണ്ണീരാണ് മഴയെന്ന് മറ്റൊരു കഥ.

ഇനി നമുക്ക് കഥകളുടെ ലോകത്തു നിന്നും അല്‍പം കാര്യത്തിലേയ്ക്ക് കടക്കാം.

ഇങ്ങനെ ഭൂമിയിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേയ്ക്കും അതു തണുത്തുറഞ്ഞ് മഴയായി പെയ്തിറങ്ങി തിരികെ ഭൂമിയിലേയ്ക്കുമെത്തും. ഇതിനെ ജല ചക്രമെന്നാണ് വിളിക്കുക.

ജലചക്രം

അന്തരീക്ഷത്തിലെ നീരാവി തണുത്തുറഞ്ഞ് താഴേക്ക് പതിക്കുന്നതാണ് മഴ എന്ന് നമ്മള്‍ കുഞ്ഞു ക്ലാസ്സുകളില്‍ തന്നെ പഠിച്ചിട്ടുണ്ട്. പ്രധാനമായും കടലില്‍ നിന്നും മറ്റ് ജലാശയങ്ങളില്‍ നിന്നുമാണ് സൂര്യാതപമേറ്റ് ജലം നീരാവിയായി മുകളിലേയ്ക്കുയരുന്നത്. ഇങ്ങനെ ഭൂമിയിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേയ്ക്കും അതു തണുത്തുറഞ്ഞ് മഴയായി പെയ്തിറങ്ങി തിരികെ ഭൂമിയിലേയ്ക്കുമെത്തും. ഇതിനെ ജല ചക്രമെന്നാണ് വിളിക്കുക. ഇതിന് വായില്‍ കൊള്ളാത്ത ഒരു ഇംഗ്ലീഷ് പേരുമുണ്ട് കേട്ടോ. ഹൈഡ്രോളജിക്കല്‍ സൈക്കിള്‍ (hydrological cycle). ജലം എച്ച്.ടു.ഒ (H2O) ആണെന്നറിയാമല്ലോ. അതുകൊണ്ട് ഇതിനെ എച്ച്.ടു.ഒ സൈക്കിള്‍ എന്നും വിളിക്കാം. നമുക്ക് ജല ചക്രം മതി.. എന്താ? ;)

ജലചക്രത്തിലെ ഏറ്റവും വലിയ ഭാഗമാണ് മഴ. നമ്മുടെ ഭൂമിയില്‍ എപ്പോഴും ശുദ്ധജലം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഏറ്റവും വലിയ പ്രതിഭാസം. ഇതില്ലായിരുന്നെങ്കില്‍, ഒന്നാലോചിച്ചു നോക്കു എന്തായിരിക്കും നമ്മുടെ അവസ്ഥ? ഭൂമിയുടെ അവസ്ഥ? മറ്റു ഗ്രഹങ്ങളെപോലെ ജീവന്റെ യാതൊരു കണികയുമില്ലാതെ വിജനമായ ഒരു ഭൂമിയായിരിക്കുമത്. ഹൊ ചിന്തിക്കാന്‍ പോലും വയ്യ അല്ലേ? അതെ നമ്മുടെ ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്താന്‍ നമുക്ക് പ്രകൃതി തന്ന പൊതു സമ്പത്താണ് മഴ.. ഇത് ഈ കൊച്ചുഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന് യാതൊരു ശങ്കയും കൂടാതെ വെള്ളം ധൂര്‍ത്തടിക്കുകയും കച്ചവടം ചെയ്യുകയും ചെയ്യുന്ന നമ്മള്‍ ചിന്തിക്കാറുണ്ടോ?

മഴകളില്‍ തന്നെ പലതരക്കാരുണ്ട് കേട്ടോ? അമ്ലമഴ, മത്സ്യമഴ, ആലിപ്പഴം എന്നിങ്ങനെ..

കനത്തമഴയെ പറ്റി ഇംഗ്ലീഷിലൊരു ചൊല്ലുണ്ട്, “പൂച്ചയും പട്ടിയും പെയ്തിറങ്ങുന്ന മഴ”യെന്ന്. അതുതന്നെയാണ് അവസ്ഥ. ചരിത്രത്തില്‍ പലപ്പോഴും മത്സ്യങ്ങള്‍ ആകാശത്തു നിന്ന് മഴയായ് പെയ്തിറങ്ങിയാല്‍ എന്തായിരിക്കും കഥ? ഹായ്.. മുറ്റം നിറയെ മത്സ്യങ്ങള്‍… ആലിപ്പഴങ്ങള്‍ പോലെ.. വല്ല കൊമ്പന്‍ സ്രാവോ തിമിംഗലമോ ആവാതിരുന്നാല്‍ മതി… എന്നാല്‍ കരയിലും ചാകരതന്നെ..

കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്, വന്‍ കാറ്റത്ത് കുഞ്ഞി മത്സ്യങ്ങളും തവളകളുമൊക്കെ പറന്നു പൊങ്ങുകയും മഴയോടൊപ്പം പെയ്യുന്നതുമാകാം എന്നാണ്. എന്നാല്‍ ഇത് തെളിയിക്കപ്പെട്ടിട്ടില്ല കേട്ടോ. അമേരിക്കയില്‍ 2010 ഡിസംബര്‍ 31ന് ഇത്തരമൊരു മഴ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷേ പെയ്തത് മത്സ്യമല്ല, ബ്ലാക്ക് ബേര്‍ഡുകളാണ്.

വലിയ അപകടമുളവാക്കുന്ന മഴയാണ് അമ്ലമഴ അഥവ ആസിഡുമഴ. മഴവെള്ളത്തില്‍ അമ്ലത്തിന്റെ അംശം കൂടുതലായിരിക്കുന്ന അസ്ഥയാണ് അമ്ലമഴ. അന്തരീക്ഷത്തിലെ സല്‍ഫര്‍ ഓക്‌സൈഡും നൈട്രജന്‍ ഓക്‌സൈഡുമാണ് ഈ വമ്പന്‍മാര്‍ക്ക് കാരണം. ഇവര്‍ മഴവെള്ളവുമായി പ്രതിപ്രവര്‍ത്തിച്ച് അമ്ലങ്ങളായി രൂപാന്തരം സംഭവിക്കുന്നു. നൈട്രിക് ആസിഡും സല്‍ഫ്യൂരിക്ക് ആസിഡുമൊക്കെയാണ് ഇങ്ങനെ മഴയായി പെയ്യാറുള്ളത്. സല്‍ഫ്യൂരിക് ആസിഡ്, രാസപദാര്‍ത്ഥങ്ങളുടെ രാജാവ് എന്നാണറിയപ്പെടുന്നതെങ്കില്‍ അമ്ലമഴ പെയ്താല്‍ എങ്ങനെയിരിക്കും എന്നു പറയുന്നില്ല.

കല്ലുകള്‍പോലെ ഐസ് കഷ്ണങ്ങള്‍ വന്നുവീണാല്‍ നമ്മുടെ തലയില്‍ ആലിപ്പഴങ്ങള്‍ മുളയ്ക്കും.. സൂക്ഷിച്ചോ..;)

ഒരു വസ്തുവിന്റെ പി.എച്ച് മൂല്യമാണ് അത് അമ്ലമാണോ അല്ലെയോ എന്ന് നിര്‍ണ്ണയിക്കുന്നത്. ജലത്തിന്റെ പി.എച്ച് മൂല്യം 7 ആണ്. അതായത് അമ്ലമോ ക്ഷാരമോ (alkaline) അല്ലാത്ത അവസ്ഥ. 7ല്‍ കുറഞ്ഞാല്‍ വസ്തുവിന് അമ്ലസ്വഭാവം സിദ്ധിക്കും. 7ല്‍ കൂടിയാലോ.. അതിന് ക്ഷാര സ്വഭാവവും വരും. അപ്പോള്‍ അമ്ലമഴയ്ക്ക് പി.എച്ച് മൂല്യം 7ല്‍ താഴെയായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

ഇനി നമുക്ക് ആലിപ്പഴങ്ങളിലേയ്ക്ക് വരാം. പഴമെന്നു കേല്‍ക്കുമ്പോള്‍ കൂട്ടുകാര്‍ വായില്‍ വെള്ളമിറക്കണ്ട. ആലിപ്പഴങ്ങള്‍ മഴയോടൊപ്പം വീണുന്ന ഐസ് കഷ്ണങ്ങളാണ്. ഇംഗ്ലീഷില്‍ ഇതിനെ ഹെയ്ല്‍ (hail) എന്നാണ് വിളിക്കുക. കനത്ത മഴയുള്ളപ്പോഴാണ് ഇത് സംഭവിക്കാറുള്ളത്. അഞ്ചുമുതല്‍ 200 മില്ലീ മീറ്റര്‍ (0.20-7.0 ഇഞ്ച്) വ്യാസം വരെ ആലിപ്പഴങ്ങള്‍ക്ക് ഉണ്ടാവാം. കല്ലുകള്‍പോലെ ഐസ് കഷ്ണങ്ങള്‍ വന്നുവീണാല്‍ നമ്മുടെ തലയില്‍ ആലിപ്പഴങ്ങള്‍ മുളയ്ക്കും.. സൂക്ഷിച്ചോ.. :P

നമുക്ക് മഴ ലഭിക്കുന്നത് മണ്‍സൂണ്‍ കാലങ്ങളിലാണ്. കാലാവസ്ഥയിലെ മര്‍ദ വ്യതിയാനങ്ങള്‍ക്കനുസൃതമായി വീശുന്ന കാലികവാതങ്ങളാണ് വാസ്തവത്തില്‍ മണ്‍സൂണുകള്‍. മണ്‍സൂണ്‍ എന്ന പദം ഉണ്ടായത് മൗസിം എന്ന അറബു പദത്തില്‍ നിന്നുമാണ്. ഋതുക്കള്‍ എന്നാണ് ഇതിനര്‍ത്ഥം.

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ രണ്ട് മണ്‍സൂണ്‍ കാലങ്ങളാണുള്ളതെന്നറിയാമല്ലോ? തെക്കുപടിഞ്ഞാറന്‍ മണ്‍സൂണും വടക്കുകിഴക്കന്‍ മണ്‍സൂണും. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റിനെയും മഴയെയും ചേര്‍ത്ത് നമ്മള്‍ വിളിക്കുന്ന പേരാണ് ഇടവപ്പാതി. ജൂണ്‍ മുതല്‍ ഒക്ടോര്‍ വരെയാണ് ഇടവപ്പാതി. അതായത് ഇപ്പോള്‍ ഇടവപ്പാതി സംഭവിക്കേണ്ട കാലമാണെന്നര്‍ത്ഥം. പക്ഷേ… :(

വടക്കുകിഴക്കന്‍ മണ്‍സൂണാണ് തുലാവര്‍ഷം എന്നറിയപ്പെടുന്നത്. തലാം എന്നു കേള്‍ക്കണ്ട.. ഇടിയും മിന്നലും കനത്തമഴയുമൊക്കെയായി. ഹോ.. ഉച്ചയ്ക്ക് ശേഷമാണ് ഈ ചങ്ങാതിയുടെ വരവ്. ഒക്ടോബര്‍ മുതലാണ് തുലാവര്‍ഷം തുടങ്ങുന്നത്.

മഴ എന്നും നമ്മള്‍ കൂട്ടുകാര്‍ക്കിഷ്ടമുള്ള ഒന്നാണ്. കാലാകാലങ്ങളില്‍ ഉണ്ടാകുന്ന മഴയാണ് നമ്മളെ നിലനിര്‍ത്തുന്നത്… വരള്‍ച്ചയെ തടയന്നത്… പല നാശ നഷ്ടങ്ങളും നമുക്ക് കനത്ത് മഴക്കാലത്ത് സംഭവിക്കുന്നുണ്ട്. എന്നാലും മഴയില്ലാത്ത ഒരു കാലത്തെ കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. കൂട്ടുകാരെ മഴ ലഭിക്കാത്ത ഈ ഇടവപ്പാതിയില്‍ നല്ല മഴയ്ക്കായി നമുക്ക് കാത്തിരിക്കാം….

We use cookies to give you the best possible experience. Learn more