| Friday, 31st August 2012, 8:04 pm

ഓണം ഉയര്‍ത്തുന്ന കൊച്ചു ചിന്തകള്‍..

ഡൂള്‍ന്യൂസ് ഡെസ്‌ക്


പ്യൂപ്പ/അലി


പൂവേ പൊലി പൂവേ പൊലി പൂവേ പൊലി……..

ഇത്തവണ ഓണം പൊടിപൊടിച്ചു അല്ലേ.. നമ്മുടെ പരിഭവം മാറ്റിക്കൊണ്ട് അല്പം താമസിച്ചാണേലും മഴയുമെത്തി.. ഓണ വിശേഷം പറയാതെ ഒരു പ്യൂപ്പ പോകുന്നതും കൂട്ടുകാര്‍ക്കിഷ്ടമല്ല. അതുകൊണ്ട് ഒരു ദിവസം വൈകിയാണേലും ഓണ വിശേഷം തന്നെയാവട്ടെ ഇന്ന് പ്യൂപ്പയില്‍.. []

കൂട്ടുകാര്  യാത്രയൊക്കെ നടത്തിക്കാണും ഇല്ലേ.. ഊഞ്ഞാലും, പായസവും, സദ്യയും ഒക്കെയായി.. എപ്പോഴും സന്തോഷം തരുന്ന മലയാളികളുടെ സ്വന്തം ഓണം..

ഓണത്തെ പറ്റിയുള്ള കഥകളൊക്കെ കൂട്ടുകാര്‍ക്കറിയാം.. പണ്ട് പണ്ട് മഹാത്യാഗിയായ ഒരു ദലിത് രാജാവിനെ വാമനന്‍ ചവിട്ടി താഴ്ത്തിയ കഥ.. മഹാബലി എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ മഹാ ത്യാഗി എന്നാണല്ലോ..

രസമാണ് കഥ.. ലോകത്തിലെ ഏറ്റവും ധര്‍മിഷ്ടവും ത്യാഗസന്നദ്ധനുമായ മഹാബലിയില്‍ ദേവലോകം അസൂയ പൂണ്ടു. നോക്കണേ.. നല്ലതു ചെയ്താലും അസൂയ തന്നെ. തങ്ങളുടെ ലോകം ഈ അസുര ചക്രവര്‍ത്തി ബ്രഹ്മാവിനെ തപസുചെയ്ത് ചോദിച്ചാലോ.. ആകെ പ്രശ്‌നമായി.. ദേവന്‍മാര്‍ കൂട്ടത്തോടെ വിഷ്ണുഭഗവാനെ ചെന്നുകണ്ടു തങ്ങളുടെ സങ്കടം ബോധിപ്പിച്ചു.. വിഷ്ണു വാമനാവതാരമെടുത്തു. മഹാബലിയുടെ രാജ സന്നിധിയിലെത്തി.

ഇവിടെ നീതി, ധര്‍മം, ആരുടെ പക്ഷത്ത് എന്ന് കൂട്ടുകാര്‍ക്ക് വിടുന്നു.. ദേവ പക്ഷത്തോ അതോ ദലിതനായ മഹാബലിയുടെ പക്ഷത്തോ?

വാമനനെന്ന ബ്രാഹ്മണനെ കണ്ടതും ബഹുമാന പുരസരം മഹാബലി ആവശ്യം ആരാഞ്ഞു. വാമനന് കേവലം മൂന്നടി മണ്ണ് മതിയായിരുന്നു. അപ്പോഴാണ് പ്രശ്‌നം മൂന്നടി ഏത് അളവുകോലിലാണ്? വാമനന്‍ തന്നെ ഉത്തരവും കണ്ടു. തന്റെ പാദം കൊണ്ട് മൂന്നടി അളന്നാല്‍ ഏത്ര മണ്ണ് ലഭിക്കുമോ അത്രയും മതി. എല്ലാര്‍ക്കും സമ്മതമായി. Agreement ഉറപ്പിച്ചു..

എന്നാല്‍ എല്ലാരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വാമനന്‍ ആകാശം മുട്ടെ വളര്‍ന്നു. രണ്ടടി കൊണ്ട് സ്വര്‍ഗവും ഭൂമിയും പാതാളവും വാമനന്റെ പാദത്തിനടിയില്‍.. ഇനി..? ധര്‍മിഷ്ടനായ മഹാബലി വിനീതനായി തന്റെ ശിരസ്സ് കുനിച്ചു.. മൂന്നാമത്തെ പാദം അവിടെയാകട്ടെ എന്ന് തീരുമാനിച്ചു.. ആ നീതിമാനെ വാമനന്‍ പാതാള ലോകത്തേയ്ക്ക് ചവിട്ടി താഴ്ത്തി.. ചവിട്ടി താഴ്ത്തുന്നതിനു മുമ്പ് വാമനന്‍ എന്ന വിഷ്ണു മഹാബലിക്ക് ഒരു സൗകര്യം നല്‍കി. വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ ഭൂമിയിലേക്ക് വരാം..

ഇവിടെ നീതി, ധര്‍മം, ആരുടെ പക്ഷത്ത് എന്ന് കൂട്ടുകാര്‍ക്ക് വിടുന്നു.. ദേവ പക്ഷത്തോ അതോ ദലിതനായ മഹാബലിയുടെ പക്ഷത്തോ?

എന്തായിരുന്നു മാവേലി വാണ കാലത്തെ പ്രത്യേകതയെന്ന് നമുക്ക് നമ്മുടെ ഓണപ്പാട്ട് തന്നെ പറഞ്ഞു തരുന്നുണ്ട്.

മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ..
ആമോദത്തോടെ വസിക്കും കാലം
ആപത്തെങ്ങാര്‍ക്കുമൊട്ടില്ലതാനും..
ആധികള്‍ വ്യാധികള്‍ ഒന്നുമില്ല
ബാലമരണങ്ങള്‍ കേള്‍പ്പാനുമില്ല..

അങ്ങനെ പോകുന്നു അന്നത്തെ വിശേഷം.. ഇന്ന് ബാലമരണങ്ങളെക്കാള്‍ കൊലപാതകങ്ങളാണ് അരങ്ങുവാഴുന്നത് എന്ന് കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു..


പ്യൂപ്പയിലെ മറ്റ് ലേഖനങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..


We use cookies to give you the best possible experience. Learn more