പ്യൂപ്പ/അലി
ഭാരത ഇതിഹാസങ്ങളില്‍ ഭസ്മാസുരന്റെ ഒരു കഥ പണ്ട് വായിച്ചിട്ടുണ്ട്. കൂട്ടുകാര്‍ക്കറിയുമോ ഭസ്മാസുരനെ കുറിച്ച്? അസുരരെ കുറിച്ചുള്ള ഒരു മോശം ചിത്രീകരണമാണ് കഥ. അസുരന്മാരെ കുറിച്ചാണ് കഥയെങ്കിലും വാസ്തവത്തില്‍ അത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് ഭരിക്കുന്നവരാണ് എന്ന് ചരിത്രം പരിശോധിച്ചാല്‍ കൂട്ടുകാര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളു. അസുരന്‍ എന്നപദം മാറ്റി അവിടെ അധികാരികള്‍ എന്ന് ചേര്‍ത്താല്‍ കഥയ്ക്ക് യുക്തി ലഭിക്കുന്നതായി കാണാം. എല്ലാ ഭരണവ്യവസ്ഥകളിലും ഇത്തരം ഭസ്മാസുരന്‍മാരെ നമുക്ക് കാണാന്‍ കഴിയും.[]
ഇനി അല്‍പം കഥപറയാം. ഭസ്മാസുരന്‍ ഒരു ശിവ ഭക്തനായിരുന്നു. കഠിന തപം കൊണ്ട് അദ്ദേഹം ശിവനെ പ്രീതിപ്പെടുത്തി. ശിവന്‍ പ്രത്യക്ഷപ്പെട്ടു. “എന്തുവരം വേണം വത്സാ?” ശിവന്റെ ചോദ്യം. വിചിത്രമായിരുന്നു ഭസ്മാസുരന്റെ ആവശ്യം. “ഞാന്‍ തൊടുന്നതെല്ലാം ഭസ്മമായിപ്പോകണം.” അങ്ങനെയാകട്ടെ!! ശിവന്‍ വരവും നല്‍കി. പക്ഷേ ഭസ്മാസുരനുണ്ടോ വിടുന്നു.. അങ്ങ് എന്നെ പറ്റിച്ചാലോ? എനിക്ക് വരമൊന്ന് പരീക്ഷിക്കണം. ശിവന്റെ നെഞ്ചൊന്ന് കാളി. അടുത്തെങ്ങും ആരുമില്ല. അപ്പോള്‍…. പറഞ്ഞു തീര്‍ന്നില്ല ഭസ്മാസുരന്‍ ശിവന്റെ നേരെ കൈനീട്ടി.. ശിവന്‍ സ്ഥലം വിട്ടോടി.. ഭസ്മാസുരന്‍ പിറകെ.
അവസാനം എന്തുണ്ടായെന്നോ.. സാക്ഷാല്‍ വിഷ്ണു രംഗത്തിറങ്ങി.. മോഹിനിയുടെ ചമയങ്ങളുമായി.. വശ്യമനോഹരിയായി.. ഭസ്മാസുരന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് നൃത്തം ചെയ്തുതുടങ്ങി.. ഭസ്മാസുരന്‍ ആ സൗന്ദര്യത്തില്‍ മയങ്ങി. പെട്ടെന്ന് ഭസ്മാസുരനൊരു പൂതി. മോഹിനിയെ കല്യാണം കഴിക്കണം. മോഹിനി വിട്ടുകൊടുക്കുമോ? ഗമയില്‍ ഒരു ഡിമാന്റുവെച്ചു. താന്‍ നൃത്തം ചെയ്യുന്നതുപോലെ നൃത്തം ചെയ്യണം. തെറ്റരുത്. വിജയിച്ചാല്‍ ഭസ്മാസുരനെ വിവാഹം കഴിക്കാം. “ശരി” ഭസ്മാസുരന്‍ സമ്മതിച്ചു.
ഇപ്പോള്‍ നമ്മളും ഈ കഥയിലെ ശിവന്റെ ഗതിയിലാണ് എന്നതാണ് അവസ്ഥ. നമ്മള്‍ തന്നെ അധികാരത്തിലെത്തിച്ച സര്‍ക്കാരുകള്‍ നമ്മുടെ ശിരസ്സില്‍ തന്നെ ഒരാറ്റംബോംബിട്ടാല്‍ എങ്ങനെയിരിക്കും? അതാണ് ഇപ്പോള്‍ കൂടംകുളത്തും നടക്കുന്നത്. ജനനിബിഢമായ ഒരു സ്ഥലത്ത് മനുഷ്യ ജീവന്റെ ചെറുകണികയെ പോലും മാനിക്കാതെ ഒരു ആണവനിലയം സ്ഥാപിച്ച് പ്രവര്‍ത്തനം നടത്താന്‍ പോകുന്നു. കൂട്ടുകാരൊക്കെ ആണവോര്‍ജം എന്താണെന്നും അത് നിര്‍മിക്കുന്നതെങ്ങനെയാണെന്നും അതിന്റെ നല്ല വശവും അപകടവും എന്താണെന്നുമൊക്കെ സ്‌ക്കൂളുകളില്‍ പഠിച്ചിട്ടുണ്ടാകും.
ഭൗമോപരിതലത്തിലെ ആണവ പദാര്‍ത്ഥങ്ങളെ ഉപയോഗിച്ചാണ് ആണവോര്‍ജം നിര്‍മിക്കുന്നത്. യുറേനിയവും തോറിയവുമൊക്കെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. ആണവോര്‍ജം രണ്ട് വിധമാണ് നിര്‍മിക്കപ്പെടുന്നത്. അണു വിഘടനത്തിലൂടെയും (Nuclear Fission) അണു സംയോജനത്തിലൂടെയും (Nuclear Fusion). ആറ്റംബോംബില്‍ നടക്കുന്ന പ്രക്രിയ ആണുവിഘടനമാണ്. അതായത് ഒരു ആറ്റത്തിന്റെ ന്യൂക്ലിയസ്സിലേയ്ക്ക് ഒരു ന്യൂട്രോണ്‍ കണം കൊണ്ട് ഇടിച്ച് അതിനെ വിഘടിപ്പിക്കുന്നു. അതിലൂടെ ആറ്റത്തിന്റെ ന്യൂക്ലിയസ് കണങ്ങളായി വേര്‍പിരിയുകയും കനത്ത ഊര്‍ജവും ഒപ്പം ന്യൂട്രോണുകള്‍ സ്വതന്ത്രമാവുകയും ചെയ്യും. ഇവ മറ്റ് ആറ്റങ്ങളിലെ ന്യൂക്ലിയസ്സുകളെ ഇടിച്ച് തകര്‍ക്കുന്നു. തുടര്‍ന്ന് ഈ പ്രക്രിയ ഒരു വിസ്‌ഫോടനം കണക്കെ ആര്‍ത്തിക്കുന്നു.. ഇതാണ് ചെയിന്‍ റിയാക്ഷന്‍ എന്നു പറയുന്നത്. ഇവയിലൂടെയുണ്ടാകുന്ന ഊര്‍ജം വളരെ ഉയര്‍ന്നതാണ്.
മറ്റൊരു രീതിയാണ് അണു സംയോജനം. വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയാണത്. ഒന്നിലധികം ആറ്റങ്ങളിലെ ന്യൂക്ലിയസ്സുകള്‍ ഒന്നിച്ചുചേര്‍ന്ന് മറ്റൊരു ആറ്റമായി മാറുക. ഈ പ്രക്രിയ ഇപ്പോള്‍തന്നെ നമുക്ക് അനുഭവവേദ്യം കൂടിയാണ്. ഭൂമുഖത്തെ എല്ലാ ഊര്‍ജങ്ങളുടെയും സ്രോതസ്സുകൂടിയാണിത്. കാരണം സൂര്യനില്‍ നടക്കുന്ന പ്രക്രിയയും അണു സംയോജനമാണ്. ഹൈഡ്രജന്റെ നാല് കണങ്ങള്‍ ചേര്‍ന്ന് ഹീലിയമായി മാറുന്നപ്രക്രിയ.
അപ്പോള്‍ ഈ ഊര്‍ജത്തെ ഉപയോഗിച്ച് വെള്ളം ചൂടാക്കി ടര്‍ബന്‍ കറക്കി അതിനെ വൈദ്യുതോര്‍ജമാക്കി മാറ്റുന്ന പ്രക്രിയയാണ് കൂടംകുളത്തെ ആണവനിലയത്തില്‍ പദ്ധതിയിട്ടിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ അവിടുത്തെ ജനങ്ങള്‍ എന്തിനാപ്പാ ഇത്രയ്‌ക്കൊക്കെ സമരം ചെയ്യുന്നത് എന്ന് കൂട്ടുകാര്‍ക്ക് തോന്നിയേക്കാം. ഇവിടെയാണ് നമുക്ക് ചിലത് ചിന്തിക്കാനുള്ളത്. ഒന്ന് ലോകത്തെ/ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങളില്‍ കേവലം 7 ശതമാനം മാത്രമാണ് അണവോര്‍ജ പദ്ധതികളിലൂടെ പരിഹരിക്കാനാവുന്നത്. ഇപ്പോള്‍ നമ്മള്‍ അഭിമുഖീകരിക്കുന്ന ഊര്‍ജപ്രതിസന്ധിക്ക് ഇത് ഒരിക്കലും ഒരു പരിഹാരമല്ലെന്നത് വാസ്തവമാണ്.
മാത്രമല്ല ഇവ പ്രകൃതിക്ക് വരുത്തിവെക്കാവുന്ന കേടുകളെ കുറിച്ച് കൂട്ടുകാര്‍ ഒന്ന് ചിന്തിച്ച് നോക്കൂ. ആണവ മാലിന്യങ്ങള്‍ നമുക്കൊരിക്കലും വിമുക്തമാക്കാനാവാത്തതാണ്. പരിഹരിക്കാന്‍ കഴിയാത്ത ഈ മാലിന്യങ്ങള്‍ നമ്മള്‍ മനുഷ്യരടങ്ങുന്ന പ്രകൃതി എന്നെന്നേക്കുമായി വഹിക്കേണ്ടി വരും. 1986 ഏപ്രില്‍ 26 ന് റഷ്യയിലെ ചെര്‍ണോബിലും 2011 മാര്‍ച്ച് 11ന് ജപ്പാനിലെ ഫുക്കുഷിമയിലും ഉണ്ടായ ദുരിതങ്ങള്‍ ഇന്നും അവസാനിക്കാതെ തുടരുന്നു. പണ്ട് രണ്ടാം ലോകയുദ്ധത്തില്‍ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബ് വര്‍ഷിച്ചതിന്റെ കെടുതിയെക്കാളും വലിയ കെടുതിയാണ് ഇവിടങ്ങളിലുണ്ടായതെന്ന് പറയുമ്പോള്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഇതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ ഒരുപാടില്ലെ.
“ഫുക്കുഷിമയില്‍ ഉണ്ടായ ദുരന്തം ഭൂകമ്പവും സുനാമിയും കാരണം ഉണ്ടായതാണ്. അല്ലാതെ സാങ്കേതിക തകരാറല്ല എന്നാണ് ആണവനിലയത്തെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നത്. സത്യത്തില്‍ ഭൂകമ്പംമൂലമുണ്ടായ വൈദ്യുതിത്തകരാറാണ് ഈ ദുരന്തത്തിന് തുടക്കമിട്ടത്. കൂടംകുളത്ത് വൈദ്യുതി തകരാറിലാകാന്‍ ഭൂകമ്പം ഉണ്ടാകണമെന്നുപോലുമില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന “വള്‍ണറബിലിറ്റി അറ്റ്‌ലസ്” പ്രകാരം കൂടംകുളം മേഖലയില്‍ പെടുന്ന സ്ഥലങ്ങള്‍ ഭൂകമ്പസാധ്യതയുള്ള പ്രദേശമാണ്. അത്യപൂര്‍വമായ അഗ്‌നിപര്‍വതസാധ്യത നിലനില്‍ക്കുന്ന പ്രദേശവുമാണ് കൂടംകുളം.
കൂടംകുളം എന്ന പ്രദേശം ഒരു കാരണവശാലും ആണവനിലയത്തിന് പറ്റിയതേയല്ല.
“ഇവിടെനിന്ന് വെറും 130 കിലോമീറ്റര്‍മാത്രം അകലെ മാന്നാര്‍ കടലിടുക്കില്‍ സുഷുപ്താവസ്ഥയിലുള്ള അഗ്‌നിപര്‍വതം സ്ഥിതിചെയ്യുന്നു. കൂടംകുളത്ത് ആണവനിലയത്തിന് 25 കിലോമീറ്റര്‍ ചുറ്റളവില്‍ 1998ലും 2001ലും ഭൂമിക്കടിയിലെ പാറകള്‍ ഉരുകിയൊലിക്കുന്ന പ്രതിഭാസം ഉണ്ടായിട്ടുണ്ട്. 2004ല്‍ സുനാമി തകര്‍ത്തെറിഞ്ഞ കുളച്ചല്‍, കന്യാകുമാരി പ്രദേശങ്ങള്‍ക്ക് തൊട്ടടുത്താണ് കൂടംകുളം. 1986ല്‍ ആണവോര്‍ജവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയുടെ തീരത്ത് സുനാമി സാധ്യത നിലനില്‍ക്കാത്തതിനാല്‍ കൊടുങ്കാറ്റില്‍നിന്നുള്ള ഭീഷണിമാത്രം കണക്കിലെടുത്താല്‍മതി എന്നാണ് പറഞ്ഞിരുന്നത്. 2001ല്‍ കൂടംകുളം നിലയങ്ങള്‍ നിര്‍മാണം ആരംഭിച്ചു. 2004ലെ സുനാമി ആക്രമണം ഏത് സര്‍ക്കാറിനെയും മാറ്റി ചിന്തിപ്പിക്കേണ്ടതാണ്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് സുനാമിഭീഷണിയും പരിഗണിച്ചിരുന്നു എന്നും കൂടംകുളം സുരക്ഷിതമാണെന്ന് കണ്ടെത്തി എന്നുമാണ്. പ്രതിബദ്ധത ജനങ്ങളോടല്ല ആണവക്കമ്പനികളോടാണ് എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ?
“കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ആണവനിലയത്തിന് 25 കിലോമീറ്റര്‍ ചുറ്റളവില്‍ മൂന്നിടത്ത് മഴവെള്ളം ഭൂമി തുരന്ന് കിണര്‍രൂപത്തില്‍ ഭൂമിക്കടിയിലേക്ക് പോകുന്ന പ്രതിഭാസവും സംഭവിച്ചു. ചുരുക്കത്തില്‍ കൂടംകുളം എന്ന പ്രദേശം ഒരു കാരണവശാലും ആണവനിലയത്തിന് പറ്റിയതേയല്ല.” (മാതൃഭൂമി, സെപ്റ്റംബര്‍ 10, 2012)
ഇനി ചിന്തിച്ചു നോക്കൂ.. ഈ ആണവ നിലയങ്ങള്‍ വരുന്നത് നമുക്ക് അപകടമോ നല്ലതൊ എന്ന്. തീര്‍ച്ചയായും എപ്പോഴും പൊട്ടാവുന്ന ഒരാറ്റംബോംബ് തന്നെയാണ് കൂടംകുളത്ത് ഉയര്‍ന്നിരിക്കുന്നത് അല്ലേ.. അപ്പോള്‍ നമുക്ക് ഇനി ചിന്തിക്കേണ്ടത് എങ്ങനെ ഈ ഭസ്മാസുരനെ തളയ്ക്കാം എന്നുമാത്രമാണ്..
പ്യൂപ്പയിലെ മറ്റ് ലേഖനങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..