പുണ്യാളന്റെ പിണ്ടം
D-Review
പുണ്യാളന്റെ പിണ്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st December 2013, 6:20 pm

ആദ്യ ചിത്രത്തിലൂടെ ഒട്ടേറെ പ്രതീക്ഷ നല്‍കിയ രഞ്ജിത്ത് ശങ്കര്‍ പക്ഷേ, പിന്നീട് സംവിധാനിച്ച “അര്‍ജുനന്‍ സാക്ഷി”യിലും “മോളി ആന്റി റോക്‌സി”ലും ആ പ്രതീക്ഷകള്‍ പാലിക്കാനാവാതെ പരാജയപ്പെടുന്നതാണ് കണ്ടത്. ആദ്യ ചിത്രങ്ങളെക്കാള്‍ മികച്ച കൈയൊതുക്കത്തോടെ പറഞ്ഞു തുടങ്ങി പിന്നെയും ഒടുക്കത്തെ പ്രതീക്ഷ തന്ന ശേഷം രണ്ടാം പകുതിയില്‍ ഈ ചന്ദനത്തിരി കരിന്തിരി കത്തുന്നതാണ് പ്രേക്ഷകര്‍ കണ്ട ദുരന്തം.


 

മാറ്റിനി/ കെ.കെ രാഗിണി

star rating 2സിനിമ: പുണ്യാളന്‍ അഗര്‍ബത്തീസ്
സംവിധാനം: രഞ്ജിത് ശങ്കര്‍
തിരക്കഥ: രഞ്ജിത് ശങ്കര്‍, അനില്‍ കുര്യന്‍, അഭയകുമാര്‍
അഭിനേതാക്കള്‍: ജയസൂര്യ, നൈല ഉഷ, അജു വര്‍ഗീസ്
സംഗീതം: ബിജിബാല്‍
ഛായാഗ്രഹണം: സുജിത് വാസുദേവ്

[]മലയാള സിനിമയില്‍ ഇത് പുണ്യകാലമാണെന്നു തോന്നുന്നു. പുണ്യാള കാലം. അല്ലെങ്കില്‍ സിനിമയുടെ പേരുകളിലൂടെയൊന്ന് കണ്ണോടിച്ച് നോക്ക്. പ്രാഞ്ചിയേട്ടന്റെ കാലം മുതല്‍ കടുത്തതാണ് ഈ രോഗപ്പകര്‍ച്ച.

ആമേന്‍, ദാവീദും ഗോലിയാത്തും, റോമന്‍സ്, ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്, വിശുദ്ധന്‍… ദാ, ഇപ്പോ പുണ്യാളന്‍ അഗര്‍ബത്തീസും. ഒരുവശത്ത് കുഞ്ചാക്കോ ബോബന്റെ “വിശുദ്ധന്‍” കളിക്കുമ്പോഴാണ് മറുവശത്ത് ജയസൂര്യ സാക്ഷാല്‍ “പുണ്യാളന്‍ അഗര്‍ബത്തീസ്” കത്തിച്ചുപിടിച്ചിരിക്കുന്നത്. നിര്‍മാതാവിന്റെയും നായകന്റെയും വേഷത്തില്‍ ജയസൂര്യ രംഗപ്പെടുന്നു എന്ന പ്രത്യേകതയും ഈ പുണ്യാളന്‍ കളിയിലുണ്ട്.

2010ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത “പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്” എന്ന സിനിമയുടെ അത്യുജ്ജലമായ വിജയത്തിന്റെ വഴിയിലൂടെയാണ് പുണ്യാളന്മാര്‍ പുറപ്പെട്ടു തുടങ്ങിയത്. പക്ഷേ, പ്രാഞ്ചിയേട്ടന്‍ മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ ചിത്രങ്ങളുടെ പട്ടികയില്‍ പെടുന്ന ഒന്നാണ്.

പ്രാഞ്ചിയേട്ടനും ഒരു വര്‍ഷം മുമ്പായിരുന്നു രഞ്ജിത്ത് ശങ്കര്‍ എന്ന സംവിധായകന്‍ “പാസഞ്ചര്‍” എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രവുമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഒറ്റ ദിവസത്തെ സംഭവംകൊണ്ട് സ്‌ക്രീന്‍ നിറയ്ക്കാന്‍ വാശി പിടിക്കുന്ന ന്യൂ ജനറേഷന്‍ സിനിമക്കാരുടെ വംശം, വേണമെങ്കില്‍ പാസഞ്ചറിലൂടെയാണ് മലയാളത്തില്‍ പിറന്നുവീണത് എന്ന് പറയാം.

ആദ്യ ചിത്രത്തിലൂടെ ഒട്ടേറെ പ്രതീക്ഷ നല്‍കിയ രഞ്ജിത്ത് ശങ്കര്‍ പക്ഷേ, പിന്നീട് സംവിധാനിച്ച “അര്‍ജുനന്‍ സാക്ഷി”യിലും “മോളി ആന്റി റോക്‌സി”ലും ആ പ്രതീക്ഷകള്‍ പാലിക്കാനാവാതെ പരാജയപ്പെടുന്നതാണ് കണ്ടത്. ആദ്യ ചിത്രങ്ങളെക്കാള്‍ മികച്ച കൈയൊതുക്കത്തോടെ പറഞ്ഞു തുടങ്ങി പിന്നെയും ഒടുക്കത്തെ പ്രതീക്ഷ തന്ന ശേഷം രണ്ടാം പകുതിയില്‍ ഈ ചന്ദനത്തിരി കരിന്തിരി കത്തുന്നതാണ് പ്രേക്ഷകര്‍ കണ്ട ദുരന്തം.

പുതിയ ദാസനും പുതിയ വിജയനും

nyla-ushaനായകനൊപ്പം വളിച്ച വിറ്റുകള്‍ അടിക്കുന്ന ഒരു ഉപകഥാപാത്രം എന്ന സങ്കല്‍പത്തിന് ബ്ലാക്ക് ആന്റ് വൈറ്റിന്റെ പഴക്കവും തഴക്കവുമുണ്ട് മലയാള സിനിമയില്‍. നായകന് കളിയാക്കണമെന്ന് തോന്നുമ്പോഴും കരണത്തടിക്കണമെന്ന് തോന്നുമ്പോഴും ഈ കോമാളി സദാ സന്നദ്ധനായി ചുറ്റുവട്ടത്തുണ്ടാവും.

ഒരുകാലത്ത് പ്രേംനസീര്‍  അടൂര്‍ഭാസി, ജയന്‍  പപ്പു തുടങ്ങിയ സമവാക്യമായിരുന്നത് പില്‍ക്കാലത്ത് മോഹന്‍ലാല്‍  ജഗതി, മോഹന്‍ലാല്‍  ശ്രീനിവാസന്‍, മമ്മൂട്ടി  സുരാജ് വെഞ്ഞാറമൂട്, ദിലീപ്  ഹരിശ്രീ അശോകന്‍ എന്നിങ്ങനെ വികസിക്കുന്നത് കാണാം.

ചില്ലറ കരണത്തടികളും ആട്ടും തുപ്പുമല്ല ഈ സഹതാരങ്ങള്‍ക്ക് നായകശിരോമണികളില്‍നിന്ന് ഏറ്റുവാങ്ങേണ്ടിവന്നത്. അതിപ്പോഴും തുടരുന്നു. കുറച്ചൊക്കെ മനുഷ്യാവകാശ  ജനാധിപത്യബോധങ്ങള്‍ ശക്തമായതിനാലാവാം കരണത്തടി ഇക്കുറി കാണാനില്ല. പക്ഷേ, ആക്ഷേപഹാസ്യവും അപരനെ വെറും ഫൂള്‍ ആക്കി കൂടെ നിര്‍ത്തി സ്വന്തം കാര്യം നോക്കലുമുണ്ട്.

നാടോടിക്കാറ്റില്‍ കറുത്തവനും വെറും പ്രീഡിഗ്രിക്കാരനുമായ വിജയന്‍ (ശ്രീനിവാസന്‍) ദാസനില്‍ (മോഹന്‍ലാല്‍) നിന്ന് നിരന്തരം നേരിടുന്ന അപഹാസമാണ് ആ സിനിമയുടെ ഹാസ്യം.

പുണ്യാളന്‍ അഗര്‍ബത്തീസില്‍ ജയസൂര്യയുടെ ജോയ് താക്കേല്‍ക്കാരന്റെ സഹായിയായ ഗ്രീനു ശര്‍മയുടെ റോളില്‍ അജു വര്‍ഗീസിനാണ് ആ ദാസ്യപ്പണി ഒത്തുവന്നിരിക്കുന്നത്.

സഹതാരത്തിന്റെ തോളില്‍ ചവിട്ടിയുള്ള ഈ കോമാളിക്കളി പുതിയ ജനറേഷനാവാന്‍ പുറപ്പെട്ട് 80 90കളില്‍തന്നെ മനസ്സുകൊണ്ടും ചിന്ത കൊണ്ടും പാകപ്പെട്ട് നില്‍ക്കുന്ന രഞ്ജിത് ശങ്കറില്‍നിന്നും വീണുപോയിട്ടില്ല. ഫോര്‍മുലാധിഷ്ഠിതമായ മലയാള സിനിമയുടെ സ്ഥിരം റൂട്ടിലൂടെയാണ് പേരില്‍ മാത്രം പുതുമയുള്ള “പുണ്യാളന്‍ അഗര്‍ബത്തി” കത്തിപ്പുകയുന്നത്.

പഴയ ദാസനും വിജയനും ഇത്തിരി പരുത്തിക്കുരുവും ഇത്തിരി പിണ്ണാക്കും മാത്രം മുടക്കി പശു ബിസിനസ് തുടങ്ങി ഭാവി സ്വപ്നം കാണുന്നതുപോലെ ആനയിടുന്ന പിണ്ടത്തില്‍നിന്ന് ചന്ദനത്തിരി ഉണ്ടാക്കി ബിസിനസില്‍ മറ്റൊരു അംബാനിയായി മാറാമെന്ന് സ്വപ്നം കാണുന്നവരാണ് ജോയിയും ഗ്രീനുവും.

.അടുത്ത പേജില്‍ തുടരുന്നു

നായകനോട് ഒരു വണ്‍ ലൈന്‍ പറയുന്നു. അതുവെച്ച് നിര്‍മാതാവിനെ ചാക്കിട്ട് പിടിക്കുന്നു. പറഞ്ഞ വണ്‍ലൈന്‍ വെച്ച് ഒരു തിരക്കഥ വല്ല വിധേനയും പാതി വഴിയിലത്തെുമ്പോള്‍ സിനിമാപിടുത്തമങ്ങ് തുടങ്ങുന്നു.  മലയാള സിനിമയെ വിഷമവൃത്തത്തിലാക്കിയിരിക്കുന്നത് ഈ എടുത്തുചാട്ടമാണെന്ന് സിനിമാ രംഗത്തുള്ള പലരും രഹസ്യമായി സമ്മതിക്കുന്ന കാര്യമാണ്. ഹോം വര്‍ക്കുകളില്ലാത്തതിനാല്‍ എത്രയെത്ര നല്ല പ്രമേയങ്ങള്‍ ഇല്ലത്ത് നിന്ന് പുറപ്പെട്ട് അമ്മാത്തത്തൊതെ പോയിരിക്കുന്നു. അതില്‍ ഒന്നാണ് ഈ പുണ്യാളനും.

punyalanകേരളമല്ല, ഇന്ത്യയല്ല, ലോകമാണ് ജോയി എന്ന യുവ വ്യവസായിയുടെ മനസ്സിലെ സ്വപ്നം. ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും ആവശ്യമായ ചന്ദനത്തിരി, ആനപ്പിണ്ടത്തില്‍നിന്ന് ഉത്പാദിപ്പിക്കുന്ന നൂതന ആശയമാണ് ജോയിയിലെ അംബാനിയുടെ മനസ്സിലിരിപ്പ്. ഒത്തിരി നൂതനാശയങ്ങളില്‍ പണമിറക്കി പൊട്ടിപ്പോയ “ദാവീദും ഗോലിയാത്തും” എന്ന സിനിമയിലെ മറ്റൊരു ജോയിയെ (അനൂപ് മേനോന്‍)യും ഈ സന്ദര്‍ഭത്തില്‍ വേണമെങ്കില്‍ ഓര്‍ക്കാവുന്നതാണ്.

മോഹന്‍ലാല്‍ അവതരിപ്പിച്ച മിഥുനത്തിലെ ബിസ്‌കറ്റ് കമ്പനിക്കാരനും വരവേല്‍പ്പിലെ ബസ് ഉടമയും കേരളത്തില്‍ അനുഭവിക്കുന്ന അതേ പ്രശ്‌നം തന്നെയാണ് ജോയി താക്കോല്‍ക്കാരനും അനുഭവിക്കുന്നത്.

കേരളം ബിസിനസ് നടത്താന്‍ അത്ര വളക്കൂറുള്ള മണ്ണല്ല എന്ന ക്ലീഷേ. രാഷ്ട്രീയക്കാരും തൊഴിലാളികളും ഒക്കെ ചേര്‍ന്ന് ബിസിനസ് നടത്താനിറങ്ങുന്നവന്റെ പരിപ്പെടുക്കുന്ന പതിവ് കലാപരിപാടി.

പൂരങ്ങളുടെയും ആനകളുടെയും നാടായ തൃശൂര്‍ നഗരത്തില്‍ പഞ്ഞമില്ലാത്ത ആനപ്പിണ്ടമാണ് ജോയിയെ കുഴക്കുന്നത്. പിണ്ടം നല്‍കാമെന്ന കരാര്‍ ലംഘിച്ച ദേവസ്വത്തിനെതിരായ കേസ് വിജയിച്ചെങ്കിലും ജോയിയുടെ എല്ലാ സ്വപ്നവും ഒരു ഹര്‍ത്താലില്‍ തട്ടി തകരുകയാണ്.

അര്‍ധോക്തിയിലെ അങ്കലാപ്പ്

അടുത്ത കാലത്തിറങ്ങുന്ന മിക്ക സിനിമയും ആദ്യപകുതിവരെ കണ്ടിരിക്കാവുന്നതാണ്. ആദ്യ ഷോയ്ക്ക് തന്നെ തിയറ്ററിലിരുന്ന് ന്യൂ ജനറേഷന്‍ മൊബൈല്‍ ഫോണിലൂടെ ഫേസ്ബുക്ക് വഴി സിനിമാ നിരൂപണം നടത്തുന്ന കാലമാണിത്. ആദ്യ പകുതി കൊള്ളാം, കിടിലന്‍ എന്നൊക്കെ ഫേസ്ബുക്ക് വാളില്‍ പ്രത്യക്ഷപ്പെടുന്നത് കണ്ട് കുളിച്ചൊരുങ്ങി ഡ്രസ് ചെയ്തിറങ്ങുമ്പോഴേക്കും കേള്‍ക്കാം രണ്ടാം പകുതി തലകുത്തി വീണു എന്ന്.

കേരളം ബിസിനസ് നടത്താന്‍ അത്ര വളക്കൂറുള്ള മണ്ണല്ല എന്ന ക്ലീഷേ. രാഷ്ട്രീയക്കാരും തൊഴിലാളികളും ഒക്കെ ചേര്‍ന്ന് ബിസിനസ് നടത്താനിറങ്ങുന്നവന്റെ പരിപ്പെടുക്കുന്ന പതിവ് കലാപരിപാടി.

നായകനോട് ഒരു വണ്‍ ലൈന്‍ പറയുന്നു. അതുവെച്ച് നിര്‍മാതാവിനെ ചാക്കിട്ട് പിടിക്കുന്നു. പറഞ്ഞ വണ്‍ലൈന്‍ വെച്ച് ഒരു തിരക്കഥ വല്ല വിധേനയും പാതി വഴിയിലത്തുമ്പോള്‍ സിനിമാപിടുത്തമങ്ങ് തുടങ്ങുന്നു.

മലയാള സിനിമയെ വിഷമവൃത്തത്തിലാക്കിയിരിക്കുന്നത് ഈ എടുത്തുചാട്ടമാണെന്ന് സിനിമാ രംഗത്തുള്ള പലരും രഹസ്യമായി സമ്മതിക്കുന്ന കാര്യമാണ്. ഹോം വര്‍ക്കുകളില്ലാത്തതിനാല്‍ എത്രയെത്ര നല്ല പ്രമേയങ്ങള്‍ ഇല്ലത്ത് നിന്ന് പുറപ്പെട്ട് അമ്മാത്തത്തൊതെ പോയിരിക്കുന്നു. അതില്‍ ഒന്നാണ് ഈ പുണ്യാളനും.

ഹാസ്യത്തിന്റെ ട്രാക്കില്‍ സഞ്ചരിക്കണമോ, അല്ല ഗൗരവം വിടാതെ കഥ പറയണമോ എന്ന ആശങ്ക ഒഴിയാത്ത സംവിധായകനെ ഈ ചിത്രത്തില്‍ നമ്മള്‍ പരിചയപ്പെടുന്നു. അതുകൊണ്ട്, നല്ല രീതിയില്‍ കച്ചവടം നടക്കുന്ന കട വൈകുന്നേരമാകുമ്പോള്‍ എങ്ങനെയെങ്കിലും സാധനം പെറുക്കി അകത്തിട്ട് ഷട്ടറിടാന്‍ വെമ്പുന്ന പീടികക്കാരനെപോലെ പതിവ് ചേരുവകള്‍ ചേര്‍ത്ത് വിളമ്പി കട പൂട്ടുകയാണ് രഞ്ജിത്ത് ശങ്കര്‍ ഈ ചിത്രത്തില്‍ രണ്ടാം പകുതിയില്‍ ചെയ്തിരിക്കുന്നത്.

പാസഞ്ചറിലെയും അര്‍ജുനന്‍ സാക്ഷിയിലെയും പോലെ ഹിഡന്‍ ക്യാമറ രഞ്ജിത്തിന്റെ ഒഴിയാബാധയായി ഈ ചിത്രത്തിലുമുണ്ട്. രാഷ്ട്രീയക്കാരുടെ നെറികേടുകളും, അതിനെ ചെറുക്കാന്‍ രാഷ്ട്രീയത്തിന്റെ വഴിയിലിറങ്ങുന്ന നായകനെയുമൊക്കെ എത്രയോവട്ടം മലയാളികള്‍ കണ്ടു മടുത്തിരിക്കുന്നു.

തൃശൂരിന്റെ വാമൊഴി വഴക്കം

മണ്ണാറത്തൊടി ജയകൃഷ്ണനായി മോഹന്‍ലാല്‍ (തൂവാനത്തുമ്പികള്‍) തൃശ്ശൂര്‍ക്കാരന്റെ വാമൊഴി വഴക്കം പകര്‍ത്തിക്കാണിച്ചതിനെക്കാള്‍ കേമമായത് പ്രാഞ്ചിയേട്ടനായി മമ്മൂട്ടി തന്നെയാണ്. ഇന്നസെന്റ് ഇരിങ്ങാലക്കുടക്കാരനായിട്ടുപോലും തൃശ്ശൂര്‍ വഴക്കം പ്രാഞ്ചിയേട്ടനാണ് കിടുവാക്കിയത്.

ഡി കമ്പനിയിലെ വരാല്‍ ജെയ്‌സണ്‍ എന്ന വേഷത്തിലൂടെ ജയസൂര്യ തൃശ്ശൂരിന്റെ വഴക്കം തനിക്ക് അനായാസമാണെന്ന് തെളിയിച്ചിരുന്നു. ജോയ് താക്കോല്‍ക്കാരനിലൂടെ ഒരുവട്ടംകൂടി ജയസൂര്യ അത് തെളിയിക്കുന്നു. എങ്കിലും, ഒരുപണത്തൂക്കം മുന്നില്‍ ഇപ്പോഴും പ്രാഞ്ചിയേട്ടന്‍ തന്നെ.

jayasuryaകമന്ന് വീണാല്‍ കാല്‍പ്പണവും കൊണ്ടേ പൊങ്ങാവൂ എന്ന തൃശ്ശൂര്‍കാരന്‍ നസ്രാണിയുടെ വേഷത്തില്‍ ജയസൂര്യ മിന്നി. സ്ഥായീഭാവമായ മണ്ണുണ്ണി ഭാവത്തിന്റെ പുറംതോട് അടര്‍ത്തിക്കളയാന്‍ ജയസൂര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

പെണ്ണ് കാണാന്‍ ചെല്ലുന്ന ഒരേയൊരു സീന്‍ മതി അയാളില്‍ ഒരു നടനുണ്ടെന്ന് തെളിയിക്കാന്‍. പാട്ടുകാരനായും ഒരുകൈ പയറ്റിയിട്ടുണ്ട് ജയസൂര്യ. നിര്‍മാതാവാകുമ്പോള്‍ പിന്നെ എന്തുമാകാമല്‌ളോ.

റോഡിലെ കുഴികള്‍ കാണുമ്പോള്‍ അയാള്‍ക്ക് സ്ത്രീധനം തരാതെ പറ്റിച്ച പി.ഡബ്‌ള്യു.ഡി കോണ്‍ട്രാക്ടറായ അമ്മായിഅപ്പനെ ഓര്‍മ വരും. എം.ജി. റോഡിലെ കുഴിയടക്കാനിറങ്ങി പൊല്ലാപ്പിലായ ജയസൂര്യയുടെ ആത്മകഥ പാട്ട് സീനില്‍ സിനിമയില്‍ കയറിപ്പറ്റിയിട്ടുമുണ്ട്.

പക്ഷേ, അഭിനയത്തില്‍ ജയസൂര്യയെയും കടത്തിവെട്ടിയത് ശ്രീജിത്ത് രവിയുടെ അഭയകുമാറാണ്. ഹര്‍ത്താല്‍ ദിനത്തില്‍ വണ്ടി റോഡിലിറക്കേണ്ടിവന്ന അഭയകുമാറിനെ അസാമാന്യ പ്രകടനത്തിലൂടെ ശ്രീജിത്ത് മികവുറ്റതാക്കി. സ്ഥിരം വില്ലന്‍ ഭാവത്തിനപ്പുറം കാരക്ടര്‍ റോള്‍ ചെയ്യാന്‍ കഴിയുമെന്ന് ശ്രീജിത്ത് തെളിയിക്കുന്നു.

പാവം അജു വര്‍ഗീസ്. ഇനി മലയാള സിനിമയില്‍ കാര്യമായി ഒന്നും ചെയ്യാനില്ല എന്ന മട്ടിലാണ് നില്‍പ്പ്. ജയസൂര്യയുടെ ഭാര്യയായി അഭിനയിക്കുന്ന നൈല ഉഷയ്ക്ക് ഒന്നും ചെയ്യാനില്ല.

രസികനായ ജഡ്ജിയായി സുനില്‍ സുഖദായും ഗാന്ധിയനായി ടി.ജി. രവിയും തങ്ങളുടെ ഭാഗം ഭദ്രമാക്കി. മാള അരവിന്ദന്‍ പഴയ എണ്‍പതുകളില്‍തന്നെയാണ് ഇപ്പോഴും.

ന്യൂവല്ലാത്ത ജനറേഷന്‍

ഇതൊരു ന്യൂ ജനറേഷന്‍ സിനിമയല്ല. ഓള്‍ഡ് ജനറേഷനുമല്ല. പാതിവെന്ത ജനറേഷന്‍ ഗ്യാപ് ഒത്തിരിയുള്ള ഒരു സിനിമ. രഞ്ജിത്ത് ശങ്കര്‍ ഇനിയും ഒത്തിരി പഠിക്കാനിരിക്കുന്നു.

മര്യാദയ്ക്ക് ഒരു സിനിമ ഡബ്ബ് ചെയ്യാന്‍ പോലും ഈ സംവിധായകന്‍ പഠിച്ചിട്ടില്ല. അത്രയ്ക്ക് അറുബോറാണ് ഈ പുണ്യാളന്റെ ഡബ്ബിങ്. മാള അരവിന്ദന്റെ ചുണ്ടനങ്ങി കഴിഞ്ഞ് പിന്നെപ്പോഴോ ആണ് ഡയലോഗൊക്കെ പുറപ്പെട്ട് വരുന്നത്.

കട്ട്.. കട്ട്.. കട്ട്…

മലയാള സിനിമയിലെ കോടതി രംഗങ്ങള്‍ ചിത്രീകരിക്കുന്നത് കണ്ടാല്‍ കരച്ചില്‍ വരും. ഇന്നുവരെ ഒരു കോടതി നടപടിയും നേരില്‍ കണ്ടിട്ടില്ല നമ്മുടെ സിനിമക്കാര്‍ എന്നു തോന്നിപ്പോകും വിധമാണ് കോടതി രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. പത്രസമ്മേളനങ്ങളുടെ കാര്യവും തഥൈവ.

അതുകൊണ്ട്, താര  ടെക്‌നീഷ്യന്‍മാരുടെ സംഘടനകള്‍ കൈകോര്‍ത്ത് പിടിച്ച് സിനിമക്കാരെ പഴയ ഡി.പി.ഇ.പി മോഡലില്‍ കോടതി, പത്രപ്രവര്‍ത്തനം, ആശുപത്രി നടപടികള്‍ തുടങ്ങിയ പരിപാടികള്‍ നേരില്‍ കാണിച്ചുകൊടുത്ത് പ്രായോഗിക പരിശീലനം നല്‍കുന്ന എന്തെങ്കിലും സംഗതികള്‍ നടപ്പില്‍ വരുത്തണം.

ലേഖികയുടെ മെയില്‍ ഐഡി: kkragini85@gmail.com