'പുന്നാര കാട്ടിലെ പൂവനത്തില്‍'; മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം പുറത്ത്
Film News
'പുന്നാര കാട്ടിലെ പൂവനത്തില്‍'; മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th December 2023, 5:46 pm

മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ‘ പുന്നാര കാട്ടിലെ പൂവനത്തില്‍’ എന്ന ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. പി.എസ്. റഫീഖ് രചന നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാര്‍ വാക്കിയിലും അഭയ ഹിരണ്‍മയിയുമാണ്. പ്രേക്ഷക പ്രശംസയും ഒരു കോടിയില്‍പ്പരം കാഴ്ചക്കാരെയും സ്വന്തമാക്കിയ വാലിബന്റെ ടീസറിനു ശേഷമാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചിത്രത്തിന്റെ ഗാനം പ്രേക്ഷകരിലേക്ക് എത്തിയത്.

‘മലയാളത്തിന്റെ ഗാനശാഖ അതിമനോഹരവും അതിവിശാലവും ആണ്. വളരെ വിപുലമാണ് നമ്മുടെ പാട്ടുകളുടെ ചരിത്രം. അതില്‍ ഓരോ പ്രണയഗാനവും നമുക്ക് ഇഷ്ടമുള്ള ഒന്നാണ്. വാലിബനിലെ എല്ലാ ഗാനങ്ങളോടും എനിക്ക് ഇഷ്ടമാണെങ്കിലും ഈ ഗാനത്തിനോട് ഒരു പ്രത്യേക മമത ഉണ്ട് എന്ന് സ്വയം തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. അത് ഇതൊരു പ്രണയ ഗാനം കൂടി ആയതു കൊണ്ടാണ്. പ്രണയവും വിരഹവും അതിന്റെ ദുഖവുമെല്ലാം എന്നും നെഞ്ചിലേറ്റിയിട്ടുള്ള, ഇഷ്ടപെട്ടിട്ടുള്ള മലയാളികള്‍ക്ക് വേണ്ടി പുന്നാരകാട്ടിലെ എന്ന ഈ ഗാനം സമര്‍പ്പിക്കുന്നു’ എന്നാണ് പി.എസ് റഫീഖ് മലൈക്കോട്ടൈ വാലിബനിലെ ഈ ഗാനത്തിനെക്കുറിച്ചു പറഞ്ഞത്.

ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍ നിര്‍വഹിച്ചിരിക്കുന്നു. ദീപു ജോസഫ് എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്‌സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി എന്നിവരും മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മലൈക്കോട്ടൈ വാലിബന്‍’ 2024 ജനുവരി 25 ന് തിയേറ്ററുകളിലെത്തും. പി.ആര്‍.ഒ. പ്രതീഷ് ശേഖര്‍.

Content Highlight: punnara kattile poovanathil song from malaikottai valiban