| Wednesday, 24th March 2021, 9:17 pm

ഹിന്ദുരാഷ്ട്ര നിര്‍മിതിയ്‌ക്കെതിരായ സമരം കൂടിയായിരുന്നു പുന്നപ്ര വയലാര്‍ | പി.എന്‍. ഗോപീകൃഷ്ണന്‍

പി.എന്‍. ഗോപീകൃഷ്ണന്‍

പുന്നപ്ര വയലാര്‍ സമരങ്ങള്‍ വീണ്ടും ചരിത്രത്തിലേയ്ക്ക് കയറി വന്നിരിക്കുകയാണ്. ഒരു പ്രഹസനത്തിന്റെ രംഗവേദിയായി ആ ചരിത്രത്തെ മാറ്റാന്‍ ശ്രമം നടന്നതോടെ. ആ സമരത്തിന്റെ കാര്യകാരണങ്ങളും ഫലങ്ങളും കൂടുതല്‍ ആഴത്തില്‍ നാം പഠിക്കേണ്ടതുണ്ട്.

സാധാരണയായി ഈ സമരത്തെ ഉള്‍ക്കൊള്ളിക്കുന്ന മൂന്നാലു ഗണങ്ങള്‍ 1. ഫ്യൂഡല്‍ വിരുദ്ധ സമരം 2. രാജഭരണ, ദിവാന്‍ വിരുദ്ധ സമരം 3. സാമ്രാജ്യത്ത വിരുദ്ധ സമരം 4. കമ്യൂണിസ്റ്റ് സമൂഹനിര്‍മ്മിതിയ്ക്കുവേണ്ടിയുള്ള വിപ്ലവശ്രമം എന്നിവയാണ്. എന്നാല്‍ മറ്റൊരു വലിയ പ്രാധാന്യം ഇതിനുണ്ട്. ഇന്ത്യയിലെ ഹിന്ദു രാഷ്ട്രനിര്‍മ്മിതിയുടെ ആദ്യശ്രമങ്ങളിലൊന്നിനെതിരെ നടത്തിയ സമരം കൂടിയാണിത്. ഈ ഫാസിസ്റ്റ് കാലത്ത് പുന്നപ്ര വയലാര്‍ സമരത്തിന്റെ പ്രാഥമികമായ ഓര്‍മ്മ അതായിരിക്കണം എന്നാണ് എന്റെ വിചാരം.

തിരുവിതാംകൂര്‍ ഹിന്ദുരാജ്യം ആയിരുന്നു. ഇന്ന് നമ്മള്‍ ലെജിസ്ലേറ്റീവ്, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്ന് വ്യവഹരിക്കുന്ന മണ്ഡലങ്ങളെ നയിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശകങ്ങള്‍ സവര്‍ണ്ണ ഹിന്ദുകോഡിന്റെ ഉള്ളിലായിരുന്നു അവിടെ പ്രവര്‍ത്തിച്ചിരുന്നത്. ഒരേ കുറ്റത്തിന് ജാതി അനുസരിച്ച് വ്യത്യസ്ത ശിക്ഷകള്‍ നല്‍കുക, പഞ്ചമര്‍ക്കും ശുദ്രര്‍ക്കും വിദ്യയും തൊഴിലും നിരോധിക്കുക, കുലദൈവമായി ഹിന്ദു ദൈവത്തെ പ്രതിഷ്ഠിക്കുക, പൊതുവഴി നടക്കാന്‍ താഴ്ന്ന ജാതിക്കാരെ അനുവദിക്കാതിരിക്കുക, വസ്ത്രധാരണത്തിലും ഭക്ഷണരീതിയിലും ജാതി അനുസരിച്ച് ഭേദങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങി അധികാര, സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ എല്ലാ ഉള്ളറകളേയും നിയന്ത്രിച്ചിരുന്നത് ഹിന്ദുരാജ്യസങ്കല്പമായിരുന്നു.

കാലാന്തരത്തില്‍ ഇതില്‍ ചിലതിനൊക്കെ അയവു വരുത്തിയെങ്കിലും ലോകത്തെ തിരുവിതാംകൂര്‍ നേരിട്ടത് ഈ ഹിന്ദുരാജ്യ കവചത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ടാണ്. മുറജപം പോലുള്ള ബ്രാഹ്മണകേന്ദ്രീകൃതമായ ചടങ്ങുകള്‍ നടത്തുമ്പോള്‍ കിലോമീറ്റര്‍ കണക്കിനുള്ള ചുറ്റുവട്ടത്തു നിന്നും താഴ്ന്നജാതിക്കാരെ ആ കാലയളവില്‍ ഒഴിപ്പിച്ചിരുന്നു. നാമെല്ലാവരും ഇന്ന് വായിച്ചു രസിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം എന്ന കൃതി തിരുവിതാംകൂറില്‍ സര്‍ സി.പി. നിരോധിക്കുന്നത് കേശവന്‍നായര്‍ എന്ന ഹിന്ദു സാറാമ്മ എന്ന കൃസ്ത്യാനിയെ പ്രണയിക്കുന്നത് ഹിന്ദുരാജ്യത്തില്‍ അത് തെറ്റായ കീഴ് വഴക്കങ്ങള്‍ സൃഷ്ടിക്കും എന്നതുകൊണ്ടാണ്.

അതുകൊണ്ട് സര്‍ സി.പി. യും ചിത്തിരതിരുനാളും കൂടി മുന്നോട്ടുവെച്ച സ്വതന്ത്രതിരുവിതാംകൂര്‍ എന്ന ആശയം പുറമേയ്ക്ക് പ്രചരിക്കുമ്പോലെ അമേരിക്കന്‍ മോഡല്‍ മാത്രമായിരുന്നില്ല. സ്വതന്ത്രേന്ത്യയില്‍ ഹിന്ദുരാജ്യത്തിന്റെ, ഹിന്ദുത്വത്തിന്റെ ആദ്യ മോഡല്‍ കൂടിയായിരുന്നു.
ഇത് ആദ്യമായി തിരിച്ചറിഞ്ഞത് ഹിന്ദുത്വ എന്ന ഫാസിസ്റ്റ് ആശയത്തിന്റെ ഉപജ്ഞാതാവായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ ആണ്. 1948 ജൂണ്‍ 18 ന് സി.പി. രാമസ്വാമി അയ്യര്‍ സ്വതന്ത്രതിരുവിതാംകൂര്‍ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തെ തേടിയെത്തിയ ആദ്യ കമ്പിസന്ദേശങ്ങളില്‍ ഒന്ന് സവര്‍ക്കറുടേതായിരുന്നു. ‘തിരുവിതാംകൂര്‍ എന്ന ഹിന്ദുരാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച, ദൂരക്കാഴ്ചയുള്ള, ധൈര്യം നിറഞ്ഞ പ്രഖ്യാപനത്തിനുള്ള’ പിന്തുണയായിരുന്നു അത്.

സര്‍ സി.പി.

സവര്‍ക്കറും സര്‍ സി.പി.യും തമ്മിലുള്ള ബന്ധം എന്തായിരുന്നു എന്നതിന് ചരിത്രം ധാരാളം തെളിവുകള്‍ തരുന്നുണ്ട്. ഒരു സംഭവം ഉദാഹരണമായി കൊടുക്കുന്നു. കെ.സി.എസ്. മണി ആക്രമിച്ചതിനെ തുടര്‍ന്ന് സര്‍ സി.പി. തിരുവിതാംകൂര്‍ വിട്ടു. തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുകയും ചെയ്തു. ഇതിനെല്ലാം ശേഷം 1958 ഫെബ്രുവരി 19 ന് പൂണെയില്‍ സവര്‍ക്കറുടെ അനുയായികള്‍ അദ്ദേഹത്തെ ആദരിക്കാനായി ഒരു ഹാള്‍ പണിതു.

‘സ്വാതന്ത്ര്യവീര്‍ സവര്‍ക്കര്‍ സഭാഗൃഹ’ എന്നപേരിലുള്ള ആ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തതും അതിനുള്ളില്‍ സ്ഥാപിച്ചിരുന്ന സവര്‍ക്കറുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തതും സര്‍ സി.പി. രാമസ്വാമി അയ്യര്‍ ആണ്. സവര്‍ക്കര്‍ ജീവിച്ചിരുന്ന കാലത്താണ് ഇതു സംഭവിക്കുന്നത്. കൂടുതല്‍ തെളിവുകളുടെ അഭാവത്തില്‍ സവര്‍ക്കര്‍ വിമുക്തനായെങ്കിലും ഗാന്ധിവധത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് അദ്ദേഹം പൊതുവേ അനഭിമതനായിരുന്ന കാലഘട്ടത്തില്‍. അന്ന് സര്‍ സി.പി. നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു.

”ഹിന്ദുവാണ് എന്ന് സ്വയം അവകാശപ്പെടുന്ന ഒരാളെ വര്‍ഗീയ വാദിയായിട്ടാണ് ഇക്കാലം ചിത്രീകരിക്കുന്നത്. സവര്‍ക്കര്‍ ഹിന്ദുക്കളുടെ സംരക്ഷകന്‍ ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ യാഥാസ്ഥികമോ പിന്തിരിപ്പനോ ആയിരുന്നില്ല. അദ്ദേഹം പുരോഗമനകാരിയായിരുന്ന ഹിന്ദുവായിരുന്നു. അദ്ദേഹത്തിന്റെ ഹിന്ദുത്വ മറ്റുള്ളവരോടുള്ള വെറുപ്പില്‍ അധിഷ്ഠിതമായിരുന്നില്ല. ഈ വീക്ഷണകോണില്‍ നിന്നുകൊണ്ടാണ് സവര്‍ക്കര്‍ രാജ്യത്തിന്റെ വിഭജനത്തെ എതിര്‍ത്തത്. അദ്ദേഹത്തിന്റെ ഉദ്ദേശം രാജ്യത്തിന്റെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ ഐക്യം സംരക്ഷിക്കുക എന്നതായിരുന്നു. സവര്‍ക്കറിയന്‍ തത്വങ്ങളും അദ്ദേഹത്തിന്റെ ചിന്താസരണിയും രാജ്യത്തിന് ഉത്കര്‍ഷത കൊണ്ടുവരുമെന്ന് ഞാന്‍ വിചാരിക്കുന്നു’

സവര്‍ക്കര്‍

ഈ പ്രസംഗത്തില്‍ സര്‍ സി.പി. അനുഷ്ഠിക്കുന്ന ദൗത്യം സവര്‍ക്കറുടെ ഹിന്ദുത്വത്തെ ആധുനിക ലോകത്തേയ്ക്ക് മുഖപടമിട്ട് കൊണ്ടുപോകുക എന്നതാണ്. ഗോഡ്‌സേയെ മുന്‍നിര്‍ത്തി സവര്‍ക്കര്‍ ആസൂത്രണം ചെയ്തതായിരുന്നു ഗാന്ധിവധം എന്നത് അന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ തങ്ങിനിന്നിരുന്നു (പില്‍ക്കാലത്ത് ഇന്ത്യാഗവണ്മെന്റ് നിയോഗിച്ച കപൂര്‍ കമ്മീഷന്‍ അത് ശരിവെയ്ക്കുകയും ചെയ്തു).

മാത്രമല്ല, സവര്‍ക്കര്‍ വിഭജനത്തെ എതിര്‍ത്തിരുന്നില്ല. ഹിന്ദുസ്ഥാന്‍, പാകിസ്ഥാന്‍, സിക്കിസ്ഥാന്‍ എന്നിങ്ങനെ മതാധിഷ്ഠിതമായി രാജ്യത്തെ മൂന്നാക്കി വിഭജിക്കാനുള്ള നിര്‍േദശം പോലും മുന്നോട്ടുവെച്ച വ്യക്തിയായിരുന്നു അദ്ദേഹം. പാകിസ്ഥാന്‍ എന്ന മതാധിഷ്ഠിതരാജ്യം രൂപം കൊണ്ടതിനുശേഷവും മതേതര ഇന്ത്യ നിലവില്‍ വന്നതിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ രോഷം.

കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നും (ഇന്നത്തെ ബംഗ്ലാദേശ്) ഹിന്ദു അഭയാര്‍ത്ഥികള്‍ പശ്ചിമബംഗാളിലേയ്ക്കു വരുമ്പോള്‍ അത്രയും നിവാസി മുസ്‌ലിങ്ങളെ പശ്ചിമബംഗാളില്‍ നിന്നും അവിടേയ്ക്ക് നാടുകടത്തണം എന്ന മട്ടില്‍ സവര്‍ക്കര്‍ ആക്രോശിച്ചുകൊണ്ടിരുന്ന കാലത്താണ് ‘അദ്ദേഹത്തിന്റെ ഹിന്ദുത്വം മറ്റുള്ളവരോടുള്ള വെറുപ്പില്‍ അധിഷ്ഠിതമായിരുന്നില്ല’ എന്ന് സി.പി. പ്രസംഗിക്കുന്നത്. ഏതാണ്ട് ആ സമയത്തു തന്നെ, തന്റെ എഴുപത്തി അഞ്ചാം പിറന്നാള്‍ ആഘോഷവേളയില്‍ പൂണെയില്‍ സവര്‍ക്കര്‍ നടത്തിയ പ്രസംഗം ഏതണ്ട് ഇങ്ങനെയായിരുന്നു.

”ജനാധിപത്യം പൊതുവേ നല്ലതാണെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ പട്ടാളഭരണം ആണ് ഉചിതം. ശിവജി ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. ഒരു തെരഞ്ഞെടുപ്പിലും ജയിച്ചിട്ടുമില്ല. അദ്ദേഹത്തിന്റെ ഭരണഘടന ഭവാനിഖഡ്ഗവും പുലിനഖമുഷ്ടികവചവും ആയിരുന്നു’. ഇങ്ങനെ ജനാധിപത്യത്തിന്റെ ആധുനികമായ അഹിംസാസങ്കല്പത്തിനെതിരെ ശിവജിയുടെ വാളും പുലിനഖവും പകരം വെയ്ക്കുന്ന ഹിംസയെ ഉയര്‍ത്തിപ്പിടിക്കുന്ന ‘സവര്‍ക്കറിയന്‍ തത്വങ്ങളും അദ്ദേഹത്തിന്റെ ചിന്താസരണിയും രാജ്യത്തിന് ഉത്ക്കര്‍ഷത കൊണ്ടുവരുമെന്നാ’ണ് സര്‍ സി.പി. വിചാരിക്കുന്നത്.

പറഞ്ഞുവരുന്നത് സവര്‍ക്കറും സര്‍ സി.പി.യും തമ്മിലുള്ളതെന്ത് എന്ന ചോദ്യത്തിനുത്തരം കിട്ടണമെങ്കില്‍ രണ്ടുപേരും സംഗമിക്കുന്ന ഹിന്ദുരാഷ്ട്രം എന്ന ആശയത്തെ മനസ്സിലാക്കിയേ തീരൂ. അത് ഋഷിമാരും രാജാക്കന്മാരും വിരാജിക്കുന്ന ഒരു അമര്‍ ചിത്രകഥാരാഷ്ട്രം അല്ലായിരുന്നു. മറിച്ച് ഹിന്ദുത്വ അനുശാസിക്കുന്ന തരം പൗരര്‍ക്ക് മാത്രം ഉപഭോഗിക്കാവുന്ന തരത്തില്‍ ഭൗതികവും സാംസ്‌കാരികവുമായ സ്വാതന്ത്ര്യങ്ങളെ വിന്യസിക്കുന്ന ഒരു ഫാസിസ്റ്റ് രാഷ്ട്രം ആണ്. അതായത് പുന്നപ്ര വയലാര്‍ സമരങ്ങള്‍ക്ക് ആദ്യം പറഞ്ഞ കാരണങ്ങള്‍ക്കപ്പുറം വലിയ ചരിത്ര പ്രസക്തി ഉണ്ട്. അത് കേരളത്തിന്റെ മണ്ണില്‍ ഹിന്ദു രാഷ്ട്രത്തിന്റെ ബീജം വിതയ്ക്കുന്നതിനെതിരെയുള്ള സമരം കൂടിയായിരുന്നു

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Punnapra Vayalar Protest was also against Hindu Rashtra – P.N Gopikirishnan Writes

പി.എന്‍. ഗോപീകൃഷ്ണന്‍

We use cookies to give you the best possible experience. Learn more