| Tuesday, 18th December 2018, 8:12 pm

വനിതാ മതില്‍ സര്‍ക്കാരിന്റേതല്ല നവോത്ഥാന പ്രസ്ഥാനങ്ങളുടേതാണ്: പുന്നല ശ്രീകുമാര്‍

ജംഷീന മുല്ലപ്പാട്ട്

ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിനു ശേഷം വലിയ തോതിലുള്ള ഹൈന്ദവ വല്‍ക്കരണത്തിനും ബ്രാഹ്മണ വല്‍ക്കരണത്തിനും കേരളം സാക്ഷിയായി. ഇതിനെ ഫലപ്രദമായി പ്രതിരോധിച്ചത് കേരളത്തിലെ ദളിത് ആദിവാസി പിന്നോക്ക സംഘടനകളും ദളിത് രാഷ്ട്രീയ വക്താക്കളുമാണ്. ഇത്തരത്തില്‍ യുവതി പ്രവേശന വിധിയെ സ്വാഗതം ചെയ്തുകൊണ്ട് നവ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ട കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഡൂള്‍ ന്യൂസിനോട് സംസാരിക്കുന്നു.

ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ആദ്യം നിലപാടെടുത്ത സാമുദായിക സംഘടന കെ.പി.എം.എസ് ആയിരുന്നു. ഈ നിലപാട് മറ്റു ദളിത് പിന്നോക്ക സംഘടനകള്‍ക്ക് ശബരിമല വിഷയത്തില്‍ നിലപാടെടുക്കാന്‍ സഹായകമാകുകയും ചെയ്തു. ഈ രാഷ്ട്രീയ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയായിരുന്നു?

ഭരണഘടനാ ബെഞ്ചിലെ രണ്ടു ജഡ്ജിമാര്‍, വിരമിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി.വൈ ചന്ദ്ര ചൂഢ് എന്നിവര്‍ അന്തിമ വിധിക്ക് മുമ്പ് തന്നെ ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അതില്‍ ദീപക് മിശ്ര അന്ന് പറഞ്ഞത്, ശബരിമലയെ ഒരു പൊതു ഇടമായി പരിഗണിച്ചു കൊണ്ട് അവനു പോകാമെങ്കില്‍ അവള്‍ക്കും പോകാം എന്നായിരുന്നു. ഡി.വൈ ചന്ദ്രചൂഢ്, എല്ലാം ദൈവത്തിന്റെ സൃഷ്ടി ആണെങ്കില്‍, അല്ലെങ്കില്‍ പ്രകൃതിയുടെ സൃഷ്ടി ആണെങ്കില്‍ അതില്‍ സ്ത്രീയും ഉള്‍പ്പെടും എന്ന് പറയുന്ന വളരെ പ്രസക്തമായ ഒരു നിരീക്ഷണം നടത്തിയിരുന്നു.

ഈ ഘട്ടത്തില്‍ തന്നെ ആ പരാമര്‍ശങ്ങളെ കെ.പി.എം.എസ് സ്വാഗതം ചെയ്തിരുന്നു. ഒന്ന്, ഒരു പൊതു ഇടം എന്ന നിലയില്‍ ലിംഗ സമത്വം ഉറപ്പുവരുത്തുക എന്നത് കോടതിയുടെ ഉത്തരവാദിത്തമാണ്. അടുത്ത കാലത്ത് സുപ്രീം കോടതി നടത്തിയ വിധി പ്രസ്താവങ്ങള്‍ തന്നെ, അത് സ്വവര്‍ഗ രതി ആണെങ്കിലും വിവാഹേതര ബന്ധത്തെ സംബന്ധിച്ചാണെങ്കിലും ശബരിമല വിധിയെ സംബന്ധിച്ചാണെങ്കിലും സ്വാതന്ത്രം, സമത്വം, എന്നിവയെ മുന്‍നിര്‍ത്തിയുള്ള വിധി പ്രസ്താവങ്ങള്‍ ആയിരുന്നു. അപ്പോള്‍ ആത്മീയ രംഗത്തെ ജനാധിപത്യ വല്‍ക്കരണം ആഗ്രഹിക്കുന്ന അതിലൂടെ അവസര സമത്വം ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്ന വിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഈ ഒരു നിലപാട് സ്വീകരിക്കാനെ സാധ്യമാകൂ. അതുകൊണ്ടാണ് അന്തിമ വിധി വരുന്നതിനു മുമ്പ് തന്നെ കെ.പി.എം.എസ് ഈ നിലപാട് സ്വീകരിച്ചത്.

കേരള സര്‍ക്കാറിന്റെ മുന്‍കൈയില്‍ നവോത്ഥാന പാരമ്പര്യം ഉള്‍ക്കൊള്ളുന്ന സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള വനിതാ മതില്‍ പരിപാടിയുടെ സംഘാടക സമിതി കണ്‍വീനര്‍ താങ്കളാണല്ലോ. ദളിത് ആദിവാസി പിന്നോക്ക സംഘടനകളുടെ നേതൃത്വത്തിലാണ് വനിതാ മതില്‍ നടക്കുന്നത്. ഇത് പുതിയൊരു രാഷ്ട്രീയ രൂപീകരണത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണോ?

സര്‍ക്കാരിന്റേതാണ് വനിതാ മതില്‍ എന്ന് പറയുന്നത് ശരിയല്ല. ഡിസംബര്‍ ഒന്നാം തിയ്യതിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു യോഗം വിളിച്ചു ചേര്‍ത്തത്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്. സര്‍ക്കാര്‍ അതിന് മുമ്പ് രണ്ടു യോഗങ്ങള്‍ വിളിച്ചിരുന്നു. ഒരു സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. അതിനു ശേഷം ക്ഷേത്ര സംബന്ധിയായ കാര്യങ്ങള്‍ ചെയ്യുന്നവരുടെ യോഗം വിളിച്ചിരുന്നു. തന്ത്രി കുടുംബത്തെ വിളിച്ചു. പന്തളം കൊട്ടാര പ്രതിനിധികളെ വിളിച്ചു.

പിന്നീടും വിഷയങ്ങള്‍ അവശേഷിക്കുന്ന സാഹചര്യത്തിലാണ് ഹൈന്ദവ സമൂഹത്തിലെ ഒരു പക്ഷേ വിശ്വാസി സമൂഹം എന്നൊക്കെ പറയാന്‍ കഴിയുന്ന സംഘടനകളെ വിളിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുന്നത്. അതില്‍ ഭിന്നസ്വരം ഉയര്‍ത്തുന്നവരേയും ക്ഷണിച്ചിരുന്നു എന്നതാണ് സര്‍ക്കാരിന്റെ തുറന്ന സമീപനം. എന്‍.എസ്.എസ് ഉള്‍പ്പെടുന്ന സംഘടനകളെ വിളിച്ചിരുന്നു. 190 സംഘടനകള്‍ക്ക് സര്‍ക്കാര്‍ ക്ഷണം ഉണ്ടായിരുന്നു. 174 സംഘടനകള്‍ പങ്കെടുത്തു.

പങ്കെടുത്ത സംഘടനകളുടെ ഒരു പൊതുവികാരമാണ്, തെരുവിലെ ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രതിഷേധം ആശയകുഴപ്പം സൃഷ്ടിക്കുന്നു അതുകൊണ്ട് കോടതി വിധി അനുകൂലിക്കുന്ന സംഘടനകളുടെ ഒരു സംയുക്ത പ്രതികരണം ഉണ്ടാകണം എന്ന നിലയിലാണ് ഒരു പൊതു നിലപാട് ഉയര്‍ന്നു വരുന്നത്. അങ്ങനെയാണ് വനിതാ മതില്‍ എന്ന സങ്കല്‍പ്പത്തിലേയ്ക്ക് വരുന്നത്. അതില്‍ എസ്.എന്‍.ഡി.പിയുടെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചെയര്‍മാനായും കണ്‍വീനരായി കെ.പി.എം.എസിന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ എന്നേയും ചുമതലപ്പെടുത്തി.

മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടി ആയിട്ടുള്ള നാം മുന്നോട്ട് എന്ന പരിപാടിയില്‍ ഉയര്‍ന്നു വന്ന ഒരു പ്രതികരണത്തില്‍ നിന്നാണ് ഇതു രൂപപ്പെടുന്നത്. നവോത്ഥാന പാരമ്പര്യമുള്ള പ്രസ്ഥാനങ്ങളെ പ്രത്യേകിച്ച് സമൂഹത്തില്‍ ജീര്‍ണതകള്‍ വര്‍ധിച്ചു വരുന്ന കാലഘട്ടത്തില്‍ തിരുത്തല്‍ ശക്തികളായി നിലയുറപ്പിച്ചിട്ടുള്ള ഇത്തരം പ്രസ്ഥാനങ്ങളെ കൂട്ടിയോജിപ്പിക്കുന്നതിനു സര്‍ക്കാര്‍ തയ്യാറാകുമോ എന്ന ഒരു ചോദ്യത്തില്‍ നിന്നാണ് വനിതാ മതില്‍ ഉണ്ടാകുന്നത്. സര്‍ക്കാര്‍ ധാര്‍മികമായി അതിനെ പിന്തുണക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് സര്‍ക്കാരിന്റെ ഒരു വനിതാ മതില്‍ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.

കുറച്ച് വിശാലമായി നോക്കിയാല്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ജനാധിപത്യപരമായി മുന്നോട്ടു സഞ്ചരിച്ച സംസ്ഥാനമാണ് കേരളം. അതിനെ കൂടുതല്‍ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ഒരു ജനാധിപത്യ പരിസരം സൃഷ്ടിക്കുന്നതിലൂടെ മാത്രമേ നമ്മുടെ നാടിന്റെ വികസന കാര്യങ്ങള്‍, ഒരു പക്ഷേ സര്‍ക്കാറിന്റെ നയപരവും വികസനപരവുമായ കാര്യങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ കഴിയൂ. സര്‍ക്കാരിനെ സംബന്ധിച്ച് അങ്ങനെ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ ഉത്തരവാദിത്തമുണ്ട്. നയപരമായി സര്‍ക്കാരിനു അങ്ങനെ തീരുമാനമെടുക്കാന്‍ പറ്റും. പക്ഷേ ഈ കാര്യത്തില്‍ നവോത്ഥാന മൂല്യ സംരക്ഷണ സമിതി എന്ന നിലയില്‍ ഡിസംബര്‍ ഒന്നിലെ ഒരു യോഗത്തില്‍ ഉണ്ടായ പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച ഈ ഒരു സംരംഭത്തെ സര്‍ക്കാര്‍ ധാര്‍മികമായി പിന്തുണക്കുന്നു എന്ന് മാത്രം.

ഇതു തീര്‍ച്ചയായും നമ്മുടെ സംസ്ഥാനത്തെ ഒരു സാമൂഹിക ഘടനയില്‍,നമ്മളിപ്പോള്‍ കാണുന്ന ഒരു കാര്യം, രാജ്യത്ത് എന്തെല്ലാം നിയമങ്ങള്‍ നിലവിലുണ്ട് എങ്കിലും ഭരണഘടന വിഭാവനം ചെയ്യുന്ന ഭരണഘടനയുടെ കല്‍പ്പനകള്‍ ഉണ്ടെങ്കിലും അതിനെല്ലാം മുകളില്‍ തങ്ങളുടെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഒരു യാഥാസ്ഥിക സമൂഹം കേരളത്തില്‍ വളര്‍ന്നു വരുന്നുണ്ട്. അതിനെതിരെ ജനാധിപത്യ ബോധമുള്ള, മതനിരപേക്ഷ ശക്തിക്കള്‍ ഒന്നിക്കുന്ന ഒരുപക്ഷേ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുന്ന ഒരു വലിയ മുന്നേറ്റമാണ് ഈ വനിതാ മതില്‍. അതുകൊണ്ട് ഇതു ചരിത്രമാകുക തന്നെ ചെയ്യും.

ശബരിമലയില്‍ നടക്കുന്നത് നവ ബ്രാഹ്മണിക്കല്‍ സവര്‍ണ ജാതി മേല്‍ക്കോയ്മ നിലനിര്‍ത്താനുള്ള ജാതീയ വാദികളുടെ സമരമാണെന്നും ഇതിനു പിറകില്‍ എന്‍.എസ്.എസ് ആണെന്നും കേരളത്തിലെ ദളിത് ആദിവാസി സംഘടനകളും ബുദ്ധിജീവികളും പ്രഖ്യാപിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡില്‍ 96% നായര്‍ സമുദായമാണെന്നു മാത്രമല്ല സാമ്പത്തിക വിനിമയവും എല്ലാ കരാറുകളും നടത്തുന്നതും എന്‍.എസ്.എസ് ആണ്. ഈ അധികാരവും സമ്പത്തും സാമുദായിക പദവിയും നിലനിര്‍ത്താനല്ലേ എന്‍.എസ്.എസ് ശബരിമലയിലെ വര്‍ഗീയ സമരത്തെ നയിക്കുന്നത്?

2006ലാണ് ഈ കേസ് തുടങ്ങുന്നത്. ദീര്‍ഘമായ 12 വര്‍ഷം ഇതിന്റെ വ്യവഹാരങ്ങള്‍ സുപ്രീംകോടതിയില്‍ നടന്നു. ഇപ്പോള്‍ അയ്യപ്പനെ നൈഷ്ഠിക ബ്രഹ്മചാരി എന്ന നിലയില്‍ വ്യാഖ്യാനിക്കുമ്പോള്‍ അത് കോടതി അവസാനം കണ്ടെത്തിയത് ഭഗവാന്റെ കല്‍പ്പിത ഹിതം എന്നാണ്. കാരണം വേറെ തെളിവുകളൊന്നും ഇതിനില്ല. അതുകൊണ്ടാണ് ഭഗവാന്റെ കല്‍പ്പിത ഹിതത്തേക്കാള്‍ സ്ത്രീയുടെ അന്തസാണ് കോടതിക്ക് മുഖ്യം എന്ന നിലയില്‍ പരിഗണിച്ചു കൊണ്ട് ഈ വിധി പ്രസ്താവം വരുന്നത്. അപ്പോള്‍ ഒരു മിത്ത് പോലെയോ അല്ലെങ്കില്‍ ഒരു കഥപോലെ ഉണ്ടായിരുന്ന ഒരു കാര്യം കോടതിയില്‍ അതിന്റെ അടിസ്ഥാന തെളിവുകളുടെയോ രേഖകളോടെയോ സമര്‍ത്ഥിച്ചെടുക്കാന്‍ കഴിയാത്ത ഒരു കാര്യം അപ്പോള്‍ സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന ഒരു കേന്ദ്രമെന്ന നിലയില്‍ ശബരിമലയെ ഒരു പൊതു ഇടമായി കോടതി പ്രഖ്യാപിക്കുകയാണ്. പൊതു ഇടമാകുന്നതിലൂടെ ലിംഗ സമത്വം മാത്രമല്ല, ആ ദേവ സന്നിധിയില്‍ ഉണ്ടാകുന്ന ജനാധിപത്യ വല്‍ക്കരണം കൂടിയുണ്ട്.

2002ല്‍ സുപ്രീം കോടതിയുടെ വിധിയുണ്ട്, ശാന്തി നിയമനത്തില്‍ ജാതി പാടില്ല എന്ന്. ഈ പ്രാവശ്യം പോലും മേല്‍ശാന്തി നിയമനത്തില്‍ കുറിയിടുമ്പോള്‍ മലയാള ബ്രാഹ്മണരില്‍ നിന്നു മാത്രം അപേക്ഷ സ്വീകരിക്കുന്ന ഒരു സാഹചര്യമുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 36 ശാന്തിമാര്‍ അബ്രാഹ്മണരാണ്. അതില്‍ 6 പേര്‍ പട്ടികജാതിക്കാരാണ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ 70തോളം പേരില്‍ 54 പേര്‍ അബ്രാഹ്മണരാണ്. കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ ഇവരൊക്കെ ഒരുപക്ഷേ ശബരിമലയിലെ മേല്‍ശാന്തി നിയമന യോഗ്യതയുള്ള ആളുകളായി വരും. അപ്പോള്‍ കേവലം ഇതൊരു യുവതീ പ്രവേശനം മാത്രമല്ല. അവിടെയുണ്ടാകുന്ന അധികാരത്തിന്റേയും പദവിയുടേയും സമ്പത്തിന്റേയും ഒക്കെ പ്രശനം ശബരിമലയുടെ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ടുണ്ട്.

അത് സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള വരേണ്യ വിഭാഗത്തിന്റെ ഒരു വ്യഗ്രതയാണ് ശബരിമല പ്രക്ഷോഭത്തില്‍ നമ്മള്‍ കാണുന്നത്. അപ്പോള്‍ തീര്‍ച്ചയായും ഒരു അവസര സമത്വവും സാമൂഹിക നീതിയും ഉണ്ടാകണം എന്നാഗ്രഹിക്കുന്ന അല്ലെങ്കില്‍ അത് തങ്ങളുടെ ജീവിതത്തിലേയ്ക്ക് അതിന്റെ ഗുണഫലങ്ങള്‍ ഉണ്ടാകണം എന്ന് കരുതുന്ന പിന്നോക്ക വിഭാഗങ്ങളെ സംബന്ധിച്ചു ഈ ശബരിമല കാര്യത്തില്‍ കോടതിവിധിക്ക് അനുകൂലമായി മാത്രമേ നില്‍ക്കാന്‍ കഴിയൂ. അതില്‍ വേറെ രാഷ്ട്രീയവും മറ്റു വര്‍ണ-വര്‍ഗ വിഭാഗീയത ഒന്ന് കരുതിയിട്ടു കാര്യമില്ല. ശബരിമല വിഷയത്തെ യുവതീ പ്രവേശനത്തിന്റെ അപ്പുറത്ത് ആ മാനത്തില്‍ കാണേണ്ടതുണ്ട്.

ഭരണഘടനക്കു മുകളിലാണ് തന്ത്രിയും തന്ത്രി സമൂഹവും രാജകുടുംബവും എന്നാണ് കോണ്‍ഗ്രസും ബി.ജെ.പിയും ഹിന്ദുത്വ വാദികളും പറയുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തേയും ഭരണഘടനാ മൂല്യങ്ങളേയും വെല്ലുവിളിക്കുന്ന താരത്തിലല്ലേ ഈ നിലപാടുകളുള്ളത്?

കേരളത്തിലെ കോണ്‍ഗ്രസ് പറയുന്ന കാര്യത്തെ സംബന്ധിച്ചു രാഹുല്‍ ഗാന്ധി നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞു. അതുകൊണ്ട് ഇവിടുത്തെ പ്രതിഷേധങ്ങള്‍ക്ക് വലിയ പ്രസക്തിയൊന്നും ഇല്ല. എല്ലാവരും റിവ്യു ഹരജികളെ കുറിച്ചാണ് സംസാരിക്കുന്നത്. അങ്ങനെ എങ്കില്‍ അന്തിമ വിധി വരുമ്പോള്‍ എല്ലാവര്‍ക്കും ഇത് അനുസരിക്കേണ്ട ബാധ്യതയുണ്ടല്ലോ. നമുക്ക് അതിന് വേണ്ടി കാത്തിരിക്കാം. ഭരണഘടന ആത്യന്തികമാണ്. ബി.ജെ.പിയുടെ ചില നേതാക്കള്‍ തന്നെ ഇതിനു മുമ്പ് മുത്തലാഖ് പോലെയുള്ള വിധികള്‍ വന്നപ്പോള്‍ നടത്തിയിരുന്ന പ്രസ്താവനകള്‍ ഇപ്പോള്‍ നമ്മുടെ ശ്രദ്ധയില്‍ പെടുന്നുണ്ടല്ലോ. അപ്പോള്‍ ഭരണഘടനയേയും നിയമങ്ങളേയും അവസരങ്ങള്‍ക്ക് അനുസരിച്ച് വ്യാഖ്യാനിക്കുന്നത് ഒരു നല്ല പ്രവണതയല്ല.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി ഭരണഘടനയാണ്. അപ്പോള്‍ ആ ഭരണഘടനയെ സംരക്ഷിക്കേണ്ടത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന,സമത്വവും സ്വാതന്ത്രവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ പൗരന്റേയും ഉത്തരവാദിത്തമാണ്. ഈ ഘട്ടത്തില്‍ ഇങ്ങനെയുള്ള വലിയൊരു കൂട്ടായ്മ ഭരണഘടനയെ സംരക്ഷിക്കാന്‍ വേണ്ടി രംഗത്തു വരണം.

കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളില്‍ ഒന്നായ വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട് യഥാര്‍ത്ഥത്തില്‍ ചരിത്രപരമായ വഞ്ചനയല്ലേ?

1923ല്‍ കാക്ക്‌നദ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് അയിത്തോച്ഛാടനം ഒരു നയമായിട്ട് അംഗീകരിക്കുന്നത്. തൊട്ടടുത്ത വര്‍ഷമായ 1924ലെ വൈക്കം സത്യാഗ്രഹത്തില്‍, കേളപ്പന്‍, ടി.കെ മാധവന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരി തുടങ്ങിയവര്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയ സബ് കമ്മിറ്റിയിലെ അംഗങ്ങളാണ്. അവരുടെ നേതൃത്വത്തിലാണ് ഈ സമരം നടക്കുന്നത്. പിന്നീട് 1932ല്‍ ഗുരുവായൂര്‍ സത്യാഗ്രഹം നടക്കുമ്പോള്‍ ഈ കമ്മിറ്റിയിലെ അംഗവും കേരള ഗാന്ധി എന്ന് വിശേഷിപ്പിച്ച കേളപ്പനാണ് അവിടെ സത്യാഗ്രഹം ആരംഭിക്കുന്നത്. അന്നത്തെ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു പാരമ്പര്യം അതായിരുന്നു.

പക്ഷേ, ആ ദേശീയ പ്രസ്ഥാനം ഒരു പരിഷ്‌കൃതമായ സമൂഹത്തിനു മുമ്പില്‍ ഇന്നു നില്‍ക്കുന്നത് ചരിത്രത്തിന്റെ വൈരുധ്യമാണ്. അത് ഈ സമൂഹം വിലയിരുത്തേണ്ടതുണ്ട്. ഇന്ന് ആ വൈരുധ്യത്തിനു നേതൃത്വം കൊടുക്കുന്ന നേതാക്കള്‍ക്കും അത് ബോധ്യപ്പെടേണ്ടതുണ്ട്. ഒരു പരിഷ്‌കൃത സമൂഹത്തിനു ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പ്രത്യയ ശാസ്ത്രങ്ങളേയും നേതാക്കളേയും ജനം തിരസ്‌ക്കരിക്കുന്ന കാലം വിദൂരമല്ല.

എസ്.എന്‍.ഡി.പി ഒരേ സമയം ശബരിമലയിലെ യുവതി പ്രവേശനത്തെ എതിര്‍ക്കുകയും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുകയും കോടതി വിധി നടപ്പാക്കുന്ന സര്‍ക്കാരിന്റെ കൂടെ നില്‍ക്കുകയും ചെയ്യുന്നുണ്ട്. തുഷാര്‍ വെള്ളാപ്പള്ളി ആണെങ്കില്‍ ബി.ജെ.പിയുടെ നിലപാടിന്റെ കൂടെയുമാണ്. എങ്ങനെയാണ് ഇത്രയും വിചിത്ര നിലപാടുകള്‍ ഒരു പിന്നോക്ക സംഘടന സ്വീകരിക്കുന്നത്?

ഞങ്ങളുടെ പ്ലാറ്റഫോമിന്റെ പേരുതന്നെ നവോത്ഥാന മൂല്യ സംരക്ഷണ സമിതി എന്നാണ്. ഈ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാന്‍ സന്നദ്ധരായിട്ടുള്ള ആളുകളുടെ ഒരു ജോയിന്റ് പ്ലാറ്റ്‌ഫോമാണിത്. വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിട്ടുണ്ട്, നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാന്‍ എസ്.എന്‍.ഡി.പി മുന്നിലുണ്ടാകും എന്ന്. നമ്മള്‍ നവോത്ഥാനത്തെ കുറിച്ച് പരിശോധിക്കുകയാണെങ്കില്‍ 19, 20 നൂറ്റാണ്ടുകളില്‍ നമ്മുടെ നാട്ടിലുണ്ടായ മത-സാമൂഹിക-സാംസ്‌ക്കാരിക രംഗത്തുണ്ടായ പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളെയാണ് പൊതുവില്‍ നാം നവോത്ഥാനമെന്നു വിവക്ഷിക്കുന്നത്.

അങ്ങനെയെങ്കില്‍ ആത്മീയ മേഖലയിലെ പരിഷ്‌ക്കരണവും ഇതില്‍ ഉള്‍പ്പെടും. സതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരോധിച്ചു വരുമ്പോള്‍ സതിക്കെതിരെ സ്ത്രീകള്‍ തന്നെ വലിയതോതില്‍ പ്രക്ഷോഭത്തിനിറങ്ങിയ നാടാണ് നമ്മുടേത്. അപ്പോള്‍ നിലനിന്നിരുന്ന ഒരു ആചാരത്തെ വിശ്വാസത്തെ പെട്ടെന്നു മാറ്റുമ്പോള്‍ ഉണ്ടാകുന്ന ആശങ്കകളും അപകര്‍ഷതാ ബോധവും ഒരുപക്ഷേ ഒരു സമൂഹത്തില്‍ ഉണ്ടായേക്കാം. അത് പെട്ടെന്നു മാറ്റിയെടുക്കാന്‍ കഴിഞ്ഞെന്നു വരില്ല. അത് നിരന്തരമായ ജനാധിപത്യ സംവാദങ്ങളിലൂടെയും ജനാധിപത്യ പരിസരം സൃഷ്ടിക്കുന്നതിലൂടെയും ഉണ്ടാകുകയൊള്ളൂ.

സ്വാഭാവികമായും നവോത്ഥാനത്തെ സംരക്ഷിക്കുന്നതിനു വേണ്ടി എസ്.എന്‍.ഡി.പി യോഗം ഉണ്ടാകും എന്നുതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പക്ഷേ പൂര്‍ണമായി ആ ഒരു തലത്തിലേയ്ക്ക് ഒരു ജനതയെ നയിക്കുന്നതിനു വേണ്ട സാവകാശമോ സംവാദങ്ങളോ ഒക്കെ വേണ്ടിവന്നേക്കാം. അതിന് മറുപടി പറയേണ്ടത് അവരാണ്. എന്നാലും അടിസ്ഥാനപരമായി ഈ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍, മാത്രമല്ല ഇപ്പോള്‍ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം എന്ന് പറയുമ്പോള്‍ അതില്‍ ശബരിമല മാത്രമല്ല, മറിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കണ്ടിരുന്ന ആള്‍ക്കൂട്ട വിചാരണ നമ്മുടെ നാട്ടിലും നടക്കുന്നുണ്ട്.

ദുരഭിമാന കൊലകള്‍ നടക്കുന്നുണ്ട്, സദാചാരത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ നടക്കുന്നുണ്ട്, ആവിഷ്‌ക്കാര സ്വതന്ത്രത്തെ പോലും, എസ് ഹരീഷിനെ പോലെയുള്ള ആളുകള്‍ അതിന് വേണ്ടി പോരടിക്കുന്ന ഒരു നാടായി കേരളം മാറിയിട്ടുണ്ട്, അഭിപ്രായ സ്വതന്ത്രം പോലും ഇല്ലാത്ത ഒരു നാടായി, ഇപ്പോള്‍ സന്ദീപാനന്ദ ഗിരിയെ പോലുള്ള സുനില്‍ പി. ഇളയിടത്തെ പോലെയുള്ള ആളുകളുടെ അഭിപ്രായ സ്വാതന്ത്രം പോലും ഹനിക്കുന്ന തരത്തില്‍ പോരടിക്കുന്ന നിലയിലേയ്ക്ക് കേരളം മാറിയിട്ടുണ്ട്. അപ്പോള്‍ ജീര്‍ണതകള്‍ വര്‍ധിക്കുകയാണ്.

നമ്മുടെ നാട്ടില്‍ നവോത്ഥാനത്തിന്റെ ശക്തി കുറയുന്നതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ഇതിനെയൊക്കെ പ്രതിരോധിക്കണമെങ്കില്‍ നവോത്ഥാന മൂല്യങ്ങള്‍ ശക്തിപ്പെടുത്തേണ്ടാതുണ്ട്. കേവലം ശബരിമല പ്രശ്‌നം മാത്രമല്ല ഇത്. ഇന്ത്യക്ക് മാതൃകയായിരുന്ന ഒരു നവോത്ഥാനത്തിന്റെ നാട് ജീര്‍ണിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഈ നവേത്ഥാന മൂല്യങ്ങള്‍ ശക്തിപ്പെടുത്തി നിര്‍ത്തേണ്ടതുണ്ട്. അതുകൊണ്ട് അതിനെ ഒരു വലിയ കാന്‍വാസില്‍ കാണേണ്ടതുണ്ട്.

അഭിമുഖത്തിന്‍റെ രണ്ടാം ഭാഗം :  കീഴാള സംഘടനകളും കീഴാള ബുദ്ധിജീവികളും ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം 

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം