തിരുവനന്തപുരം: വാളയാര്‍ കേസ് അട്ടിമറിച്ച സര്‍ക്കാരിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ദല്ലാള്‍ പണിയാണ് കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാറിന് ഉള്ളതെന്ന് ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്‍.
വാളയാറില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ മുഖ്യമന്ത്രിയുടെ അടുത്ത് പുന്നല എത്തിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
വാളയാറിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇന്ന് പുന്നല ശ്രീകുമാറിന് ഒപ്പം മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുഖ്യമന്ത്രി തങ്ങളുടെ ആവശ്യങ്ങളോട് അനുഭാവപൂര്‍വമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രിയുടെ വാക്കുകളെ വിശ്വാസമുണ്ടെന്നും കൂടികാഴ്ചയ്ക്കുശേഷം മാതാപിതാക്കള്‍ പ്രതികരിച്ചിരുന്നു.
നേരത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മാതാപിതാക്കളെ തിരുവനന്തപുരത്തേക്ക് കൊണ്ട് വരാന്‍ ശ്രമിച്ചിരുന്നെങ്കിലും മാതാപിതാക്കള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നും ഒരു സംഘടനയുടെ നേതാവെന്ന നിലയിലാണ് അവരോടൊപ്പം മുഖ്യമന്ത്രിയെ കാണാനെത്തിയതെന്നും പുന്നല ശ്രീകുമാര്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു.
അതേസമയം കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് മാതാപിതാക്കളുടെ ആവശ്യത്തില്‍ സര്‍ക്കാരിനു തീരുമാനമെടുക്കാനാകില്ലെന്നും, കോടതിയില്‍ മാതാപിതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചാല്‍ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.