| Thursday, 6th May 2021, 1:14 pm

സംവരണത്തിലെ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനേറ്റ തിരിച്ചടിയാണ് സുപ്രീം കോടതിവിധി: പുന്നല ശ്രീകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംവരണം 50 ശതമാനത്തില്‍ അധികമാവാമെന്നും, മണ്ഡല്‍ കമ്മീഷന്‍ വിധി പുന:പരിശോധിക്കണമെന്നുമുള്ള കേരള സര്‍ക്കാരിന്റെ നിലപാടിനേറ്റ തിരിച്ചടിയാണ് പുതിയ സുപ്രീം കോടതി വിധിയെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍.

ഇന്ദിരാസാഹ്നി കേസ് പുന:പരിശോധിക്കേണ്ടതില്ലെന്ന ജസ്റ്റിസ് അശോക് ഭൂഷന്‍ അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്റെ വിധി പ്രസ്താവം സാമൂഹ്യനീതി സങ്കല്‍പങ്ങള്‍ക്ക് കരുത്ത് പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഡൂള്‍ന്യൂസിന് നല്‍കിയ പ്രസ്താവനയിലാണ് പുന്നല ശ്രീകുമാര്‍ കോടതിവിധിയെ സംബന്ധിച്ചുള്ള തന്റെ നിലപാട് അറിയിച്ചത്.

പുന്നല ശ്രീകുമാറിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം:

‘ഇന്ദിരാസാഹ്നി കേസ് പുന:പരിശോധിക്കേണ്ടതില്ലെന്ന ജസ്റ്റിസ് അശോക് ഭൂഷന്‍ അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്റെ വിധി പ്രസ്താവം സാമൂഹ്യനീതി സങ്കല്‍പ്പങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ്. മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഇരുപതിലധികം വ്യവഹാരങ്ങളില്‍ ഈ വിധിയുടെ പ്രതിഫലനമുണ്ടാവുമെന്ന് പ്രത്യാശിക്കാം.

സംവരണത്തിന്റെ പരിധി 50 ശതമാനത്തില്‍ കവിയാന്‍ പാടില്ല എന്നതിലുപരി 1992 ലെ ഇന്ദിരാ സാഹ്നി കേസ്സിലെ വിധി പ്രസ്താവത്തിന്റെ ആത്മാവ് സംവരണത്തിന്റെ മാനദണ്ഡം സാമുഹ്യ പിന്നോക്കാവസ്ഥയാണെന്നതും, സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണെന്നതുമാണ്.

പഠനത്തിന്റെയും സ്ഥിതിവിവരക്കണക്കുകളുടെയും അഭാവത്തില്‍ സാമൂഹ്യ പദവിയുള്ളവര്‍ക്ക് സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ ഓപ്പണ്‍ മെറിറ്റിലെ പത്ത് ശതമാനം അവസരങ്ങള്‍ സംവരണമായി നല്‍കാനും, SIUC ഒഴികെയുള്ള നാടാര്‍ വിഭാഗത്തിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണവും ഇതിലൂടെ പ്രതിസന്ധിയിലാവും.

സംവരണം അമ്പത് ശതമാനത്തില്‍ അധികമാവാമെന്നും, മണ്ഡല്‍ കമ്മീഷന്‍ വിധി പുന:പരിശോധിക്കണമെന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനേറ്റ തിരിച്ചടികൂടിയാണ് ഇപ്പോഴുണ്ടായിട്ടുള്ള കോടതി വിധി.’

മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗത്തെ പിന്നാക്ക വിഭാഗമായി പരിഗണിച്ച് സംവരണം നല്‍കാനുള്ള നിയമമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കിയത്. സംവരണം അമ്പത് ശതമാനത്തില്‍ കൂടരുതെന്ന 1992ലെ ഇന്ദിരാ സാഹ്നി കേസിന്റെ വിധി പുനഃപരിശോധിക്കണമെന്ന ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വിധി. 1992 ലെ ഇന്ദിര സാഹ്നി കേസ് പുനഃപരിശോധിക്കില്ലെന്നും സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു.

1992 ലാണ്, ആകെ സംവരണം അമ്പത് ശതമാനത്തിന് മുകളില്‍ ഉയരുന്നത് അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ പാടുള്ളൂ എന്ന് സുപ്രീംകോടതി വിധിച്ചത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷമുള്ള ഇന്ദിര സാഹ്നി കേസിലായിരുന്നു 9 അംഗ ഭരണഘടന ബഞ്ചിന്റെ നിര്‍ദ്ദേശം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Punnala Sreekumar on reservation- supreme court rule- Kerala Government

We use cookies to give you the best possible experience. Learn more