കോഴിക്കോട്: വനിതാ മതില്‍ പൊളിഞ്ഞെന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. വെള്ളാപ്പള്ളിയുടെ പ്രസ്താവന പ്രതിയോഗികള്‍ക്ക് കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ALSO READ: ഉമ്മന്‍ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കണം; ഇത്തവണ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി
“മതില്‍ പൊളിഞ്ഞെന്ന പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കി. വെള്ളാപ്പള്ളി ജാഗ്രത പാലിക്കണമായിരുന്നു.”- പുന്നല പറഞ്ഞു.
നേരത്തെ വനിതാ മതില്‍ സംഘടിപ്പിച്ചതിന് പിന്നാലെ ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് ശരിയായില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
“വനിതാമതില്‍ കെണിയല്ലാരുന്നോ… കാര്യം നന്നായി, പക്ഷേ പിറ്റേദിവസം തന്നെ അത് പൊളിഞ്ഞുപോയി. അത് ഒരു കെണിയായി” എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.
ഈ പ്രസ്താവനയ്‌ക്കെതിരെയാണ് പുന്നല രംഗത്തെത്തിയത്.
“ആത്മീയരംഗത്ത് വിപ്ലവം കൊണ്ടുവരുമ്പോള്‍ ഉണ്ടാകുന്ന ദഹനക്കേടുകള്‍ ഉണ്ട്. കാലാകാലങ്ങളായി പാലിക്കുന്ന ആചാരങ്ങളില്‍ വ്യതിയാനം ഉണ്ടാകുമ്പോള്‍ ആശങ്കകളോ അപകര്‍ഷതാബോധമോ ഉണ്ടായേക്കാം. അത് ദുരീകരിക്കാന്‍ സ്വാഭാവികസമയം വേണ്ടിവരും”- പുന്നല പറഞ്ഞു.
ഇടതുപക്ഷം മുന്നോട്ടുവെച്ച പരിഷ്‌കരണ ചിന്തയും കേരളം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും സംരക്ഷിക്കാന്‍ വലിയ ഒരു ആശയസമരത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ഇത് ഇടതുപക്ഷത്തിന് നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
വനിതാ മതില്‍ സംഘടിപ്പിച്ച നവോത്ഥാന സമിതിയിലെ കണ്‍വീനറാണ് പുന്നല ശ്രീകുമാര്‍. സമിതിയിലെ ചെയര്‍മാന്‍ വെള്ളാപ്പള്ളിയാണ്.
WATCH THIS VIDEO: