തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണം ശബരിമലയാണ് എന്ന നിലപാട് സി.പി.ഐ,എം തിരുത്തണമെന്ന് കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാര്‍. ഇടതുപക്ഷത്തിനേറ്റ കനത്ത തോല്‍വിക്ക് കാരണം ശബരിമലയല്ലെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
തോല്‍വിക്ക് കാരണം ശബരിമലയാണെന്ന നിലപാട് മുഖ്യമന്ത്രിയും സ്വീകരിച്ചാല്‍ നവോത്ഥാന മുന്നേറ്റവുമായി സഹകരിക്കില്ലെന്നും നവോത്ഥാനമൂല്യ സംരക്ഷണ സമിതി കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്.
ശബരിമല വിവാദം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്ന് തോമസ് ഐസക്കും എം.വി ഗോവിന്ദനുമടക്കം നിരവധി നേതാക്കളും സി.പി.ഐ.എം പുറത്തിറക്കിയ പത്രക്കുറിപ്പിലും പറഞ്ഞിരുന്നു. വിശ്വാസികളിലെ ഒരു വിഭാഗത്തെ വലതുപക്ഷ കക്ഷികള്‍ തെറ്റിദ്ധരിപ്പിച്ചു എന്നായിരുന്നു പത്രക്കുറിപ്പില്‍ പറഞ്ഞത്.
ന്യൂനപക്ഷ വോട്ടുകള്‍ക്കൊപ്പം ഹിന്ദുവോട്ടുകളും നഷ്ടമായതാണ് പരാജയത്തിന്റെ ആഘാതം കൂട്ടിയതെന്നും ഇതില്‍ കൃത്യമായ പരിശോധന വേണമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നിലപാടുമായി പുന്നല രംഗത്തെത്തിയത്.
എന്നാല്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ശബരിമല സ്വാധീനിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തോല്‍വി പ്രതീക്ഷിച്ചതല്ലെന്നും എന്നാല്‍ ഈ തിരിച്ചടി താത്ക്കാലികം മാത്രമാണെന്നും പിണറായി പറഞ്ഞിരുന്നു.
ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. നിയമസഭയിലേക്കുള്ളതല്ല. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാമെന്ന ചിന്ത ആളുകള്‍ക്കിടയില്‍ വന്നു. മോദി വിരുദ്ധ തരംഗവും യു.ഡി.എഫിന് അനുകൂലമായെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍.
തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു നിലയ്ക്കും ബാധിച്ചിട്ടില്ല. അങ്ങനെ ഉണ്ടെങ്കില്‍ അതിന്റെ ഗുണം കിട്ടേണ്ടത് ബി.ജെ.പിക്കായിരുന്നു. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പത്തനംതിട്ടയില്‍ മൂന്നാം സ്ഥാനത്തേക്ക് പോയി. പത്തനംതിട്ട പിടിക്കുമെന്ന് പറഞ്ഞായിരുന്നു അവര്‍ രംഗത്തെത്തിയത്. ശബരിമല വിഷയം വിശദമായ പരിശോധനയ്ക്ക് തന്നെ വിധേയരാക്കും.
ശബരിമലയില്‍ സുപ്രീം കോടതി വിധിയാണ് നടപ്പിലാക്കിയത്. അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. ഞാനല്ല ആരായാലും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വലിയ ചില ശക്തികള്‍ വലിയ തോതില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. ശബരിമലയുടെ ഭാഗമായി പ്രത്യേക പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല. സര്‍ക്കാരിനെതിരെയുള്ള വിധിയായി കാണുന്നില്ല. അതേ സമയം തിരിച്ചടിയുണ്ടായിട്ടുണ്ടെന്നും പിണറായി പറഞ്ഞിരുന്നു.