| Saturday, 15th July 2023, 7:22 pm

ഏക സിവില്‍കോഡ് ന്യൂനപക്ഷങ്ങളുടെ മാത്രം പ്രശ്‌നമല്ല; പൗര സമൂഹത്തെ ബാധിക്കുന്ന വിഷയം: പുന്നല ശ്രീകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഏക സിവില്‍ കോഡ് ന്യൂനപക്ഷ വിഭാഗങ്ങളുടെ മാത്രം പ്രശ്‌നമല്ലെന്നും പൗരസമൂഹത്തിന്റെ പൊതുവായ വിഷയമാണെന്നും കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാര്‍. വിവാദങ്ങള്‍ കൊണ്ടും വിമര്‍ശനങ്ങള്‍ കൊണ്ടും ശ്രദ്ധയാകര്‍ഷിക്കുന്ന നിലയിലാണ് സി.പി.ഐ.എം സംഘടിപ്പിച്ചിട്ടുള്ള സെമിനാര്‍ പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിലോമകരമായ ചിന്തകള്‍ക്കെതിരെ ഒരു ജനാധിപത്യ സമൂഹം ആഭ്യന്തര പരിഷ്‌കരണത്തിന് വേണ്ടിയിട്ടുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്ക് കൂടി ശക്തി പകരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏക സിവില്‍ കോഡിനെതിരെ സി.പി.ഐ.എം കോഴിക്കോട് വെച്ച് നടത്തുന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിവാദങ്ങള്‍ കൊണ്ടും വിമര്‍ശനങ്ങള്‍ കൊണ്ടും വളരെ ശ്രദ്ധയാകര്‍ഷിക്കുന്ന നിലയിലാണ് സി.പി.ഐ.എം സംഘടിപ്പിച്ചിട്ടുള്ള സെമിനാര്‍ പുരോഗമിക്കുന്നത്. ഇതൊരു ന്യൂനപക്ഷ പ്രശ്‌നമായി സാമാന്യവല്‍ക്കരിക്കുകയോ പരിമിതപ്പെടുകയോ പാടില്ലെന്നുള്ളത് കൊണ്ടാണ് ഞാനീ സെമിനാറില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതനാകുന്നത്.

ഒരു പൗര സമൂഹത്തിന്റെ പൊതു വിഷയമായി ഇതിനെ പരിഗണിക്കുകയും ആ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരണമെന്നുള്ളത് കൊണ്ടാണ് എന്നെപ്പോലെയുള്ളവരുടെ സാന്നിധ്യം ഇത്തരം വേദികളില്‍ ഉണ്ടാകണമെന്ന് ഞങ്ങള്‍ തീരുമാനിക്കുന്നത്.

പൗരത്വഭേദഗതി നിയമം രാജ്യത്ത് നടപ്പിലാക്കുമെന്ന് തീരുമാനിച്ചപ്പോള്‍ കേരള നിയമസഭ ഐക്യകണ്‌ഠേന നിയമം പാസാക്കുകയും ഇത്തരം സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളോട് ഈ നിലപാട് സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഭരണഘടനയുടെ 44ാം അനുച്ഛേദത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് ശ്രമിക്കുമ്പോഴും അത് നിര്‍ബന്ധിത രൂപത്തില്‍ അടിച്ചേല്‍പ്പിക്കരുതെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് നിര്‍ബന്ധമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഏക സിവില്‍ കോഡിനെതിരായ പ്രതിരോധത്തിന്റെ സംഗമ വേദി നമ്മുടെ നാട്ടില്‍ രൂപപ്പെടുന്നത്,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറേ ദിവസമായി വിഷയവുമായി തീരുമാനമെടുക്കാന്‍ പറ്റാത്ത അനിശ്ചിതാവസ്ഥയിലേക്ക് ഒരു നാട് നീങ്ങുമെന്ന ഘട്ടം വന്നപ്പോള്‍ ആദ്യമായി ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി തീരുമാനമെടുത്ത പാര്‍ട്ടിയാണ് സി.പി.ഐ.എമ്മെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെയൊരു അനിശ്ചിതത്വത്തിലേക്ക് നീങ്ങുമെന്ന ഘട്ടത്തില്‍ ഈ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ദിശ നിര്‍ണയിക്കുകയാണ് ഈ സെമിനാറിലൂടെ സി.പി.ഐ.എം ചെയ്യുന്നതെന്നും ശ്രീകുമാര്‍ പറയുന്നു. അത് മാത്രമല്ല, ദേശീയ തലത്തിലുണ്ടാകുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം മാതൃകയാകുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അരുണാചല്‍ പ്രദേശില്‍ എന്‍.പി.പി പ്രമേയം പാസാക്കി. സംസ്ഥാനത്തിന്റെ വംശ ഗോത്ര വൈവിധ്യങ്ങള്‍ക്ക് എതിരാണ് സിവില്‍ കോഡെന്നതാണ് അവരുടെ വാദം. പഞ്ചാബില്‍ ശിരോമണി ഗുരുദ്വാര പ്രബന്ധ കമ്മിറ്റി ഉള്‍പ്പെടെയുള്ള സംഘടനകള്‍ നാഗാലാന്‍ഡിലെ ഗോത്ര വിഭാഗങ്ങളുടെയും അതില്‍ ഉള്‍പ്പെടുന്ന ക്രിസ്തു മത വിശ്വാസികളുടെയും നിലനില്‍പ്പ് അപകടത്തില്‍ പെടുന്ന പ്രശ്‌നമായിട്ടാണ് അവര്‍ ഇത് കാണുന്നത്. മിസോറാം സര്‍ക്കാര്‍ പ്രമേയം പാസാക്കി. ഇഷ്ടപ്പെട്ടവരെയെല്ലാം ഒഴിവാക്കി കൊടുത്താല്‍ എന്ത് ഏകീകൃതമാണുള്ളതെന്ന ദുരൂഹതയും ഉദ്ദേശ ശുദ്ധിയും നമുക്ക് മുന്നിലുണ്ട്.

ആ ദുരൂഹതയില്‍ നിന്നാണ് നമ്മുടെ നാടിന്റെ പൗര സമൂഹം ഇങ്ങനെയൊരു പ്രതിരോധ പ്രവര്‍ത്തനത്തിന് തയ്യാറെടുക്കുന്നത്. ആധുനിക ജനാധിപത്യ സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത തരത്തിലുള്ള പ്രതിലോമകരമായ ചിന്തകളുണ്ടെങ്കില്‍ യാഥാസ്ഥികത്വം പേറുന്നുണ്ടെങ്കില്‍ അത് കാലോചിതമായി പരിഷ്‌കരിക്കുന്നതിന് വേണ്ടിയിട്ടുള്ള പരിശ്രമങ്ങളും നടക്കേണ്ടതായിട്ടുണ്ട്.

കാലത്തിന്റെ പ്രയാണത്തിലും വിശ്വാസത്തിന്റെ വളര്‍ച്ചയിലും ആചാരങ്ങള്‍ക്കുണ്ടാകേണ്ട സ്വാഭാവിക പരിണാമം ഉണ്ടാവുക തന്നെ ചെയ്യണം. നവോത്ഥാനത്തിന്റെ നാടാണ് നമ്മുടെ നാട്. ജീര്‍ണതയ്‌ക്കെതിരെ പോരടിച്ച് പരിഷ്‌കരണത്തിന്റേതായ ചിന്തകള്‍ ഉയര്‍ത്തി അതിനെ സാംസ്‌കാരികമായി ശ്വാംസീകരിച്ച് രാജ്യത്തിന് മാതൃകയായ പരിഷ്‌കരണത്തിന്റേതായ നാട്ടിലാണ് നമ്മള്‍ നില്‍ക്കുന്നത്.

അതുകൊണ്ട് പ്രതിലോമകരമായ ചിന്തകള്‍ക്കെതിരെ ഒരു ജനാധിപത്യ സമൂഹം ആഭ്യന്തര പരിഷ്‌കരണത്തിന് വേണ്ടിയിട്ടുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്ക് കൂടി ശക്തി പകരേണ്ടതുണ്ട്. ഇതിനെ ന്യൂനപക്ഷമായ പ്രശ്‌നമായി സാമാന്യ വല്‍ക്കരിക്കാതെ പൗരസമൂഹത്തിന്റെ പൊതുപ്രശ്‌നമായി കാണേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.

content highlights: punnala sreekumar about civil code

We use cookies to give you the best possible experience. Learn more