കൊച്ചി: വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജീവിതം വിജയിക്കണമെങ്കില്‍ മക്കളുടെയും കുടുംബത്തിന്റെയും പൂര്‍ണപിന്തുണ ആവശ്യമാണെന്ന് കോസ്റ്റല്‍ സെക്യൂരിറ്റി എ.ഐ.ജി പൂങ്കുഴലി ഐ.പി.എസ്. വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ 2004 ബാച്ചിന്റെ ഇരുപതാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മകള്‍ അമിഴ്തനിയെ ഒക്കത്തിരുത്തി കൊണ്ടാണ് ഔദ്യോഗിക ജീവിതത്തിന്റെ നാള്‍വഴികളും വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബജീവിതത്തെ കുറിച്ചുമാണ് പൂങ്കുഴലി സംസാരിച്ചത്.
ജോലിക്ക് പോവുന്ന അമ്മമാരുടെ മക്കള്‍ തുടക്കകാലങ്ങളില്‍ ബുദ്ധിമുട്ടുകള്‍ സഹിക്കുന്നുണ്ടെന്നും അവര്‍ക്ക് അമ്മമാരുടെ കൂടെ ചിലവഴിക്കാനുള്ള അവസരം ലഭിക്കുന്നില്ലെന്നും പൂങ്കുഴലി പറഞ്ഞു. എന്നാല്‍ അതിനിടയിലും അവര്‍ ഇന്റിപെന്റഡായി സ്വന്തം കാര്യങ്ങള്‍ ചെയ്യുകയും നന്നായി പഠിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോവുന്നുണ്ടെന്നും പറയുന്നു. ഫാമിലിയെയും കുട്ടികളെയും നോക്കണമെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ തരണം ചെയ്യണമെന്നും അവര്‍ പറഞ്ഞു. ഇങ്ങനെയുള്ള ഔദ്യോഗിക ജീവിതത്തിലൂടെയാണ് ഇരുപത് വര്‍ഷങ്ങളായി ഓരോ വനിതാ ഉദ്യോഗസ്ഥരും കടന്നുവന്നതെന്നും പൂങ്കുഴലി പറഞ്ഞു.
സംസ്ഥാന പൊലീസ് സേനയിലെ ജോലി സ്വഭാവം മനസിലാക്കി കൂടെ നില്‍ക്കുന്ന കുടുംബവും മക്കളും വലിയ കൈയടി അര്‍ഹിക്കുന്നുവെന്നും ജോലിയും വീട്ടുകാര്യങ്ങളും ഒരുമിച്ച് കൊണ്ടുപോവാന്‍ കഴിയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2004ല്‍ തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നിന്ന് പാസ് ഔട്ടായി ഇരുപത് വര്‍ഷങ്ങള്‍ ഔദ്യോഗികജീവിതത്തില്‍ തികച്ച ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്താണ് പൂങ്കുഴലി സംസാരിച്ചത്.
കൊച്ചി ഡി.സി.പി കെ.എസ്.സുദര്‍ശന്‍, എസ്.പി ഇ.കെ ബൈജു, എറണാകുളം എ.സി.പി രാജ്കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Content Highlight: PUNKUZHALI IPS says about official life of women police officers