ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാനെത്തി പാട്ടുകാരനും പഞ്ചാബി നടനുമായ ദില്‍ജിത് ദൊസാന്‍ഝ്. ഡിസംബറിലെ കൊടും തണുപ്പില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരുകോടി രൂപയും സംഭാവന നല്‍കി. പഞ്ചാബി ഗായകനായ സിന്‍ഘ ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചു.
ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാനാണ് ദില്‍ജിത് എത്തിയത്. താന്‍ കര്‍ഷകരെ കാണാനും അവരെ കേള്‍ക്കാനുമാണ് അവിടെ എത്തിയതെന്നും തനിക്ക് സംസാരിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത് നിങ്ങളെ കേള്‍ക്കാനാണ്. എനിക്ക് സംസാരിക്കാനല്ല. പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്ക് നന്ദി. നിങ്ങള്‍ വീണ്ടും ഇവിടെയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.
പ്രശ്‌നങ്ങളില്‍ നിന്നും കേന്ദ്രം ഒഴിഞ്ഞ് മാറരുതെന്നും ദില്‍ജിത് കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു.
‘എനിക്ക് സര്‍ക്കാരിനോട് പറയാനുള്ളതിതാണ്-പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറരുത്. കര്‍ഷകരുടെ പ്രശ്‌നത്തിനപ്പുറം വലിയ പ്രശ്‌നങ്ങളൊന്നും നിലവില്‍ ഇവിടെയില്ല. കര്‍ഷകര്‍ എന്താണോ പറയുന്നത് അത് സര്‍ക്കാര് അംഗീകരിക്കണം. എല്ലാവരും സമാധാനത്തോടെയാണ് ഇവിടെ പ്രതിഷേധിക്കുന്നത്. ഇവിടെ രക്തചൊരിച്ചിലില്ല. സത്യങ്ങളെ വളച്ചൊടിക്കുകയാണ്,’ ദില്‍ജിത് പറഞ്ഞു.
കര്‍ഷകര്‍ 10 ദിവസമായി ദല്‍ഹിയിലും അതിര്‍ത്തിപ്രദേശങ്ങളിലും പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്നതിലപ്പുറം ഒന്നും അംഗീകരിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ്കര്‍ഷകര്‍.
വ്യക്തമായ തീരുമാനത്തിനായി കര്‍ഷകരോട് സര്‍ക്കാര്‍ കുറച്ചുകൂടി സമയം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 9 ന് വീണ്ടും കര്‍ഷകരുമായി ചര്‍ച്ച നടത്തും.
സര്‍ക്കാര്‍ ഒരു കരട് തയ്യാറാക്കുമെന്നറിയിച്ചിട്ടുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. സംസ്ഥാനങ്ങളുമായും ചര്‍ച്ച ചെയ്യാനുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞതായും ഭാരതീയ കിസാന്‍ യൂണിയന്‍ പ്രതിനിധി രാകേഷ് തികെയ്ത് പറഞ്ഞു.
അതേസമയം കര്‍ഷക സമരത്തിന് ഇന്ത്യയ്ക്ക് പുറത്തുനിന്നും പിന്തുണയേറുകയാണ്. കര്‍ഷകര്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് ഐക്യ രാഷ്ട്രസഭ പറഞ്ഞു.
യു.എന്‍ ജനറല്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസിന്റെ ഔദ്യോഗിക വക്താവ് സ്റ്റീഫന്‍ ദുജാറിക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ പത്ത് ദിവസമായി തുടരുന്ന കാര്‍ഷിക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയോട് എനിക്ക് പറയാനുള്ളത് ഇതാണ്; ജനങ്ങള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. അത്തരത്തില്‍ പ്രതിഷേധിക്കാന്‍ അധികാരികള്‍ അവരെ അനുവദിക്കുകയും വേണം,’ സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു.
വിദേശ നേതാക്കള്‍ കാര്‍ഷിക പ്രതിഷേധത്തില്‍ പിന്തുണയും പ്രതികരണവും അറിയിച്ചതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Punjabi singer-actor Diljit Dosanjh donates 1 crore to farmers to buy warm clothes