സയ്യിദ് മുഷ്താഖ് അലി ട്രോഫി; ബറോഡയെ തകര്‍ത്ത് കന്നികിരീടത്തില്‍ മുത്തമിട്ട് പഞ്ചാബ്
Syed Mushtaq Ali Trophy
സയ്യിദ് മുഷ്താഖ് അലി ട്രോഫി; ബറോഡയെ തകര്‍ത്ത് കന്നികിരീടത്തില്‍ മുത്തമിട്ട് പഞ്ചാബ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th November 2023, 12:10 pm

2023 സയ്യിദ് മുഷ്താഖ് അലി കിരീടം സ്വന്തമാക്കി പഞ്ചാബ്. മൊഹാലിയില്‍ നടന്ന ഫൈനലില്‍ ബറോഡയെ 20 റണ്‍സിന് പരാജയപ്പെടുത്തികൊണ്ടായിരുന്നു പഞ്ചാബ് ആദ്യ മുസ്താഖ് അലി കിരീടം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ ബറോഡ പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് എന്ന പടുകൂറ്റന്‍ വിജയലക്ഷ്യം ബറോഡക്ക് മുന്നില്‍ പടുത്തുയര്‍ത്തുകയായിരുന്നു.

പഞ്ചാബ് ബാറ്റിങ് നിരയില്‍ അന്‍മോല്‍പ്രീത് സിങ് സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. 61 പന്തില്‍ 113 റണ്‍സ് നേടികൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. പത്ത് ഫോറുകളുടെയും ആറ് പടുകൂറ്റന്‍ സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു അന്‍മോല്‍പ്രീതിന്റെ ഇന്നിങ്‌സ്. അവസാനം നെഹാല്‍ വദീര 27 പന്തില്‍ ആറ് ഫോറും നാല് സിക്സറും ഉള്‍പ്പെടെ 61 റണ്‍സ് നേടി വെടിക്കെട്ട് നടത്തിയപ്പോള്‍ പഞ്ചാബ് മികച്ച സ്‌കോറിലേക്ക് മുന്നേറുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബറോഡക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

ബറോഡ ബാറ്റിങ് നിരയില്‍ അഭിമന്യു സിങ് 42 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്ന് ഫോറുകളുടെയും നാല് സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു ഈ തകര്‍പ്പന്‍ ഇന്നിങ്‌സ്.

അഭിമന്യുവിനൊപ്പം നായകന്‍ കൃണാല്‍ പാണ്ഡ്യ 32 പന്തില്‍ 45 റണ്‍സും ഓപ്പണര്‍ നിനാദ് റാത്വാ 22 പന്തില്‍ 47 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും 20 റണ്‍സ് അകലെ വിജയം നഷ്ടമാവുകയായിരുന്നു.

പഞ്ചാബ് ബൗളിങ് നിരയില്‍ അര്‍ഷദീപ് സിങ് നാല് ഓവറില്‍ 23 റണ്‍സ് വിട്ടുനല്‍കി മികച്ച പ്രകടനം നടത്തി.

റിയാന്‍ പരാഗ് പത്ത് മത്സരങ്ങളില്‍ നിന്നും 510 റണ്‍സ് നേടി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി മാറി. 85 ശരാശരിയില്‍ 182.80 ശരാശരിയില്‍ ആയിരുന്നു പരാഗ് ബാറ്റ് വീശിയത്.

തെലുഗ്പാളി രവി തേജ ഏഴ് മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റുകള്‍ നേടിക്കൊണ്ട് ഏറ്റവും കൂടുതല്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തി.

പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയി പഞ്ചാബ് താരം അഭിഷേക് ശര്‍മ തെരഞ്ഞെടുക്കപ്പെട്ടു.

Content Highlight: Punjab won their first syed mushtaq ali trophy.