| Sunday, 8th April 2018, 7:31 pm

'യുവ കരുത്തില്‍ അടിച്ച് തകര്‍ത്ത് പഞ്ചാബ്'; ദല്‍ഹിയെ ആറുവിക്കറ്റിനു പരാജയപ്പെടുത്തി കിങ്‌സ് ഇലവനു വിജയത്തുടക്കം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ പതിനൊന്നാം സീസണിലെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിനു ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത ഡല്‍ഹി ഉയര്‍ത്തിയ 167 റണ്‍സിന്റെ വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിലാണ് ആര്‍ അശ്വിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് മറികടന്നത്.

ടൂര്‍ണ്ണമെന്റ് ചരിത്രത്തിലെ അതിവേഗ അര്‍ദ്ധസെഞ്ച്വറി നേടിയ കെ.എല്‍ രാഹുലിന്റെയും അര്‍ദ്ധസെഞ്ചുറിയുമായി തിളങ്ങിയ കരുണ്‍ നായരിന്റെയും പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് പഞ്ചാബിന്റെ ജയം. 14 പന്തുകളില്‍ നിന്നാണ് രാഹുലിന്റെ അര്‍ദ്ധസെഞ്ച്വറി നേട്ടം. കൊല്‍ക്കത്ത താരം സുനില്‍ നരെയ്ന്‍ കഴിഞ്ഞ സീസണില്‍ നേടിയ 15 ബോളിന്റെ അര്‍ദ്ധസെഞ്ച്വറി റെക്കോര്‍ഡാണ് രാഹുല്‍ തകര്‍ത്തത്.

16 പന്തില്‍ 4 സിക്‌സും 6 ഫോറും സഹിതം 51 റണ്‍സാണ് കെ.എല്‍ രാഹുലെടുത്തത്. കരുണ്‍ നായര്‍ 33 പന്തുകളില്‍ 5 ഫോറും 2 സിക്‌സും സഹിതം 50 റണ്‍സാണെടുത്തത്. ഒരു ബോള്‍ അവശേഷിക്കെയായിരുന്നു പഞ്ചാബിന്റെ ജയം.

വിജയ നിമിഷം 23 പന്തില്‍ നിന്ന് 24 റണ്ണോടെ ഡേവിഡ് മില്ലറും 15 പന്തില്‍ നിന്ന് 22 റണ്ണോടെ സ്‌റ്റോണിസിസുമായിരുന്നു ക്രീസില്‍. അതേസമയം സീനിയര്‍ താരം യുവരാജ് സിങ്ഹ് 22 പന്തില്‍ നിന്ന് 12 റണ്ണുമായി പുറത്തായി.

നേരത്തെ ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി നായകന്‍ ഗൗതം ഗംഭീറിന്റെ അര്‍ദ്ധസെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഭേദപ്പെട്ട ടോട്ടല്‍ കുറിച്ചത്. 42 പന്തില്‍ 55 റണ്‍സാണ് ഗംഭീര്‍ നേടിയത്. പഞ്ചാബിനായി മോഹിത് ശര്‍മ,മുജീബ് റഹ്മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍വീതം വീഴ്ത്തിയപ്പോള്‍ നായകന്‍ അശ്വിനും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

We use cookies to give you the best possible experience. Learn more