ഛണ്ഡീഗഡ്: പഞ്ചാബിൽ ഗവർണർ-സർക്കാർ പോര് ശക്തമാകുന്നു. തനിക്ക് മുഖ്യമന്ത്രി ഭഗവന്ത് മാൻ അയച്ച വിദ്വേഷവും ഭരണഘടനാ വിരുദ്ധവുമായ കത്തുകളുമായി ബന്ധപ്പെട്ട് നിയമോപദേശം ലഭിച്ച ശേഷം മാത്രമേ സംസ്ഥാനത്തെ ബജ്റ്റ് സമ്മേളനം അനുവദിക്കുന്നതിൽ തീരുമാനമെടുക്കൂ എന്നാണ് ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ വാദം. മാർച്ച് മൂന്നിനാണ് ബജറ്റ് സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നത്.
സംസ്ഥാനത്ത് നിക്ഷേപം നടത്താൻ രാജ്യത്തുടനീളമുള്ള വ്യവസായ മേധാവികളെ വിളിക്കുകയും ആം ആദ്മി പാർട്ടി ഗവൺമെന്റിന്റെ ആദ്യ നിക്ഷേപക ഉച്ചകോടി സംസ്ഥാനത്ത് നടക്കാനിരിക്കെയുമാണ് നിലവിലെ പോര്.
പരിശീലനത്തിനായി സിംഗപ്പൂരിലേക്ക് അയക്കേണ്ട അധ്യാപകരെ തിരഞ്ഞെടുക്കുന്നതിൽ സുതാര്യതയില്ലായ്മ ഉൾപ്പെടെ, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സർക്കാർ എടുത്ത വിവിധ തീരുമാനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ഗവർണർ ആം ആദ്മി പാർട്ടി സർക്കാരിനെതിരെ വിമർശനമുന്നയിച്ചിരുന്നു. പഞ്ചാബ് ഇൻഫോടെക്കിന്റെ ചെയർപേഴ്‌സൺ നിയമനവുമായി ബന്ധപ്പെട്ടും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു.
സർക്കാരിന്റെ വിവിധ തീരുമാനങ്ങളിൽ വിശദീകരണം ചോദിച്ച ഗവർണറോട്, കേന്ദ്രം നിയമിച്ച ഗവർണർക്കല്ല ജനങ്ങൾക്കാണ് മറുപടി നൽകേണ്ടത് എന്നായിരുന്നു മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ പരാമർശം. ഇതാണ് ഗവർണറെ ചൊടിപ്പിച്ചത്.
ജനങ്ങളാണ് തെരഞ്ഞെടുത്തത് എന്ന വാദം മനസിലാക്കുന്നു. എന്നാൽ ഭവനവിലാസമനുസരിച്ചല്ല സംസ്ഥാനം ഭരിക്കേണ്ടതെന്നായിരുന്നു ഗവർണറുടെ പരാമർശം.