അമൃത്‌സര്‍: പഞ്ചാബിലെ മോഗ ജില്ലയില്‍ ഭൂലാര്‍ ഗ്രാമത്തില്‍ താമസിക്കുന്ന മുസ്‌ലിങ്ങള്‍ക്ക് പള്ളി പണിയാന്‍ ഒറ്റക്കെട്ടായി ഗ്രാമം. ഗ്രാമത്തില്‍ ഏഴ് ഗുരുദ്വാരകളും രണ്ട് ക്ഷേത്രങ്ങളുമുണ്ട്. എന്നാല്‍ ഒരു പള്ളി പോലുമില്ല. ഈ സാഹചര്യത്തിലാണ് ഗ്രാമത്തിലെ മുസ്‌ലിം കുടുംബങ്ങള്‍ക്ക് പള്ളി പണിയാന്‍ ഗ്രാമം തന്നെ ഒറ്റക്കെട്ടായി എത്തുന്നത്.
ഗ്രാമത്തിലുള്ള നാല് മുസ്‌ലിം കുടുംബങ്ങള്‍ക്കു വേണ്ടിയാണ് പള്ളി പണിയാനുള്ള തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്.
100 രൂപമുതല്‍ ഒരു ലക്ഷം രൂപ വരെ ഗ്രാമവാസികള്‍ പള്ളി പണിയാനായി നല്‍കിയിട്ടുണ്ട്.
ഞായറാഴ്ചയാണ് പള്ളിക്ക് തറക്കല്ലിട്ടത്. വലിയ ചടങ്ങായി നിശ്ചയിച്ചിരുന്നെങ്കിലും കനത്ത മഴ കാരണം ഇതിന് സാധിച്ചില്ല. തുടര്‍ന്ന് ചടങ്ങ് ഗുരുദ്വാരയിലേക്ക് മാറ്റുകയായിരുന്നു.
പള്ളി നിര്‍മാണ തറക്കല്ലിടല്‍ ചടങ്ങ് നടത്താന്‍ സിഖ് മത വിശ്വാസികള്‍ ഗുരുദ്വാര തുറന്നുകൊടുത്തു.
ഇന്ത്യ-പാക് വിഭജനത്തിന് മുമ്പ് ഗ്രാമത്തിലൊരു പള്ളിയുണ്ടായിരുന്നുവെന്നാണ് ഗ്രാമ മുഖ്യന്‍ പാല സിംഗ് പറയുന്നത്. കാലക്രമേണ പള്ളി തകര്‍ന്നു പോവുകയായിരുന്നു. വിഭജനകാലത്ത് ഇന്ത്യയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചവരിലെ നാല് കുടുംബങ്ങളാണ് ഇവിടെയുള്ളത്.
ഹിന്ദു, മുസ്‌ലിം, സിഖ് കുടുംബങ്ങളെല്ലാം സാഹോദര്യത്തോടെയാണ് ഇവിടെ കഴിയുന്നത്. ഇതിനിടയില്‍ മുസ്‌ലിം വിശ്വാസികള്‍ക്കും ഒരു ആരാധനാലയം വേണമെന്ന ചിന്തയാണ് നേരത്തെ പള്ളി നിന്നിരുന്ന സ്ഥലത്തു തന്നെ അതു പുനര്‍ നിര്‍മിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചതെന്നും പാല സിംഗ് കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Punjab village comes together to build mosque for its 4 Muslim families